തോരാ മഴയില്‍ കൊച്ചി മുങ്ങി; പോളിംഗ് ബൂത്തുകളില്‍ വെള്ളക്കെട്ട്

തോരാമഴയില്‍ മുങ്ങി എറണാകുളത്തെ തെരഞ്ഞെടുപ്പ്. ഇന്നലെ രാത്രി മുതല്‍ നിര്‍ത്താതെ പെയ്ത മഴയില്‍ മണ്ഡലത്തിലെ ബൂത്തുകള്‍ ഉള്‍പ്പെടെ വെള്ളത്തിലായി. ഇതോടെ ബൂത്തുകളിലേക്ക് വോട്ടര്‍മാര്‍ക്ക് നടന്നെത്താന്‍ പോലും ആകാത്ത സ്ഥിതിയായി. കോരിച്ചൊരിയുന്ന മഴയില്‍ നഗരത്തിലെ പ്രധാന പ്രദേശങ്ങളും റോഡുകളും വെള്ളക്കെട്ടിലാണ്. പല ഇടത്തും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സ്ഥിതിയും ഉണ്ടായി.

വെള്ളക്കെട്ടിന്റെ അപകടാവസ്ഥ അവഗണിച്ച്‌ പോളിംഗ് ബൂത്തിലേക്കെത്താനുള്ള ശ്രമം വോട്ടര്‍മാര്‍ നടത്തുന്നുണ്ടെങ്കിലും മഴ തുടരുന്നത് കനത്ത വെല്ലുവിളിയാണ്. കനത്ത മഴ പോളിംഗ് ശതമാനത്തില്‍ വന്‍ ഇടിവുണ്ടാക്കുമെന്ന ആശങ്കയിലാണ് മുന്നണികള്‍. ബോട്ടുകള്‍ ഇറക്കി വോട്ടര്‍മാരെ പോളിംഗ് ബൂത്തിലെത്തിക്കാന്‍ ഉള്ള ആലോചനകളും മുന്നണികള്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. അരയോളം വെള്ളത്തില്‍ തുഴഞ്ഞ് വോട്ടര്‍മാര്‍ ബൂത്തിലെത്തുന്ന കാഴ്ചയാണ് പല ഇടത്തും ഉള്ളത്.

വോട്ടിംഗ് തുടങ്ങി രണ്ട് മണിക്കൂര്‍ പിന്നിടുമ്ബോഴും വെറും 3 ശതമാനം പോളിംഗ് മാത്രമാണ് എറണാകുളത്ത് രേഖപ്പെടുത്തിയത്. സ്ഥിതി ഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും പോളിംഗ് നടത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും എറണാകുളം കളക്ടര്‍ എസ് സുഹാസ് പറഞ്ഞു. പോളിംഗ് ബൂത്തുകളിലടക്കം വെള്ളം കയറിയ സാഹചര്യത്തില്‍ വോട്ടെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി.

പോളിങ് മാറ്റിവയ്ക്കണമെന്ന് ബിജെപിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടു. 70 ശതമാനം ബൂത്തുകളിലും വെളിച്ചമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഈ പശ്ചാത്തലത്തില്‍ പോളിംഗ് മാറ്റണമെന്ന് തെരഞ്ഞെടുപ്പ് ഓഫീസറെയും ജില്ലാ കളക്ടറെയും അറിയിച്ചുവെന്നും പറവൂര്‍ എംഎല്‍എ കൂടിയായ വി ഡി സതീശന്‍ പ്രതികരിച്ചു. എറണാകുളത്തെ പോളിംഗ് മാറ്റിവയ്ക്കണമെന്ന് ബിജെപി നേതാവ് എം എസ് കുമാറും ആവശ്യപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: