ജിഎസ്‌ടി റിട്ടേൺ സമ്പ്രദായം പരാജയം ; തുറന്നുസമ്മതിച്ച്‌ ധനമന്ത്രാലയം

ചരക്ക്‌ സേവന നികുതി സമ്പ്രദായത്തിൽ നികുതി റിട്ടേൺ സംവിധാനം പരാജയമെന്ന്‌ കേന്ദ്രസർക്കാർ. ജിഎസ്‌ടി നിലവിൽവന്ന 2017–-18ലെ റിട്ടേണുകളുടെ 20 ശതമാനംപോലും സമർപ്പിച്ചിട്ടില്ലെന്ന്‌ ധനമന്ത്രാലയം ജിഎസ്‌ടി കൗൺസിൽ തുറന്നുസമ്മതിച്ചു. വെള്ളിയാഴ്‌ച ഗോവയിൽ ചേരുന്ന കൗൺസിൽ യോഗത്തിന്റെ കാര്യപരിപാടി കുറിപ്പിലാണ്‌ ആദ്യവർഷത്തെ റിട്ടേൺ സമർപ്പണ തീയതി ഇനിയും നീട്ടേണ്ടിവരുന്നുവെന്ന്‌ ധനമന്ത്രാലയം പറയുന്നത്‌. പ്രശ്‌നം പരിഹരിക്കാൻ ജിഎസ്‌ടി കൗൺസിൽ നിയമസമിതിയുടെ ചില നിർദേശങ്ങളും നൽകിയിട്ടുണ്ട്‌.
ജിഎസ്‌ടിയിൽ മൂന്നുതരം റിട്ടേണുകളാണ്‌ വ്യാപാരികൾ നൽകേണ്ടത്‌. സാധാരണ ഡീലർമാർ നൽകുന്ന ജിഎസ്‌ടിആർ 9, ഒന്നരക്കോടി രൂപയിൽതാഴെ വിറ്റുവരവുള്ള വ്യാപാരികൾ സമർപ്പിക്കുന്ന ജിഎസ്‌ടിആർ 9 എ, പ്രതിമാസ റിട്ടേണും വാർഷിക റിട്ടേണും താരതമ്യംചെയ്‌തുള്ള ഒത്തുനോക്കൽ ജിഎസ്‌ടിആർ 9 സി എന്നിവ. ധനമന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ ജിഎസ്‌ടിആർ 9 റിട്ടേൺ 92,58,899 പേർ നൽകണം. ആഗസ്‌ത്‌ 31 വരെ സമർപ്പിച്ചത്‌18,89,316. ശതമാനം–-20.4. ജിഎസ്‌ടിആർ 9 റിട്ടേൺ ലഭിക്കേണ്ടത്‌ 19,04,629. സമർപ്പിച്ചത്‌ 5,29,596. ശതമാനം 27.81. ജിഎസ്‌ടിആർ 9 സി ആണ്‌ നികുതി വെട്ടിപ്പ്‌ ഒഴിവാക്കാനുള്ള പ്രധാന ആയുധം. 14,41,764 റിട്ടേൺ സമർപ്പിക്കണം. ലഭിച്ചത്‌ 28,358. ശതമാനം 2.28 മാത്രം.
നികുതി റിട്ടേൺ സമർപ്പിക്കാനുള്ള കാലാവധി പലതവണ നീട്ടിയിട്ടും കാര്യമായ പുരോഗതിയില്ലെന്ന്‌ ധനമന്ത്രാലയം പരിതപിക്കുന്നു. 2017–-18ലെ റിട്ടേണുകൾ 2018 മാർച്ച്‌ 31നകം സമർപ്പിക്കണമെന്ന്‌ ആദ്യം ഉത്തരവിറക്കി. ഇത്‌ 2019 ജൂൺ 30 വരെ നീട്ടി. പിന്നീട്‌ ആഗസ്‌ത്‌ 31 വരെയാക്കി. ഇപ്പോൾ നവംബർ 30വരെ സമയം അനുവദിച്ചു. ജിഎസ്‌ടിഎൻ നെറ്റ്‌വർക്ക്‌ യഥാസമയം കാര്യക്ഷമമാകാഞ്ഞതാണ്‌ വ്യാപാരികൾ കാരണമായി പറയുന്നത്‌. ഇതിൽനിന്ന്‌ രക്ഷപ്പെടാനുള്ള കുറുക്കുവഴികളാണ്‌ ധനമന്ത്രാലയം തേടുന്നത്‌. ഇതിന്റെ ഭാഗമായാണ്‌ നികുതിദായകർക്ക്‌ ഇളവുകൾ അനുവദിക്കണമെന്ന കൗൺസിൽ നിയമസമിതിയുടെ ശുപാർശ ഗോവ യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തിയത്‌. 2017–-18, 2018–-19 വർഷങ്ങളിൽ കോമ്പോസിഷൻ നികുതിദായകരെ റിട്ടേൺ സമർപ്പിക്കുന്നതിൽനിന്ന്‌ ഒഴിവാക്കണമെന്നതാണ്‌ പ്രധാന ശുപാർശ. നികുതി കോമ്പൗണ്ടിങ്‌ പരിധി ഒന്നര കോടിയിൽനിന്ന്‌ രണ്ടുകോടി രൂപയായി ഉയർത്തണമെന്ന നിർദേശവും അനുബന്ധമായി ചേർത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: