പാലായുടെ മനസ്സ് ആരെ തുണക്കും; അടിയൊഴുക്കില്‍ പ്രതീക്ഷയര്‍പ്പിച്ച് മുന്നണികള്‍

കോട്ടയം: പാലായുടെ മനസ്സ് മാണിയെപ്പോലെ അറിഞ്ഞിട്ടുള്ള വേറെയാരുമുണ്ടാവില്ല.1965 മുതല്‍ 2019 വരെ നീണ്ട 54 കൊല്ലം മാണി പാലായുടെ എം എല്‍ എ ആയിരുന്നു. മാണിയില്ലാത്ത പാലാ ആരോടായിരിക്കും കരുണ കാട്ടുന്നതെന്നറിയാന്‍ ഇനിയിപ്പോള്‍ അധികമൊന്നും കാത്തിരിക്കേണ്ടതില്ല.
കണക്കുകള്‍ ഐക്യ ജനാധിപത്യ മുന്നണിക്കനുകൂലമാണ്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 33,472 വോട്ടുകളുടെ ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പാലായില്‍ കിട്ടിയത്. അതിനും മുന്നുകൊല്ലം മുമ്പു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 4,703 വോട്ടുകളുടെ ഭൂരിപക്ഷമേ സാക്ഷാല്‍ കെ എം മാണിക്ക് പാലാ നല്‍കിയുള്ളൂ എന്നതും മറക്കാനാവില്ല. ബാര്‍കോഴയുടെ നിഴലില്‍ നടന്ന തെരഞ്ഞെടുപ്പായിരുന്നു അത്. ഇതിലും കുറഞ്ഞ ഭൂരിപക്ഷത്തില്‍ മാണി പാലായില്‍ നിന്നും കരകയറിയിട്ടുണ്ട്. 1970 ല്‍ കോണ്‍ഗ്രസ് നേതാവ് എം എം ജേക്കബ്ബിനെതിരെ വെറും 374 വോട്ടുകളുടെ ഭൂരിപക്ഷമേ മാണിക്ക് കിട്ടിയിരുന്നുള്ളു. പാലായില്‍ കേരളാകോണ്‍ഗ്രസ് ശരിക്കും വിറക്കണമെങ്കില്‍ എതിര്‍പാളയത്ത് കോണ്‍ഗ്രസ് വേണമെന്നര്‍ത്ഥം. കോണ്‍ഗ്രസും കേരളാകോണ്‍ഗ്രസും ഒന്നിച്ചാല്‍ പാലായില്‍ അതൊരു ശക്തി തന്നെയാണ്. അതിനെ തകര്‍ക്കുക ഇടതു മുന്നണിക്ക് എളുപ്പമല്ല.
കേരളത്തില്‍ സിപിഎമ്മിന്റെ പാര്‍ട്ടി സംഘടനാ സംവിധാനം അത്രമേല്‍ ശക്തമല്ലാത്ത ചില മണ്ഡലങ്ങളില്‍ ഒന്നാണ് പാലാ. പാലായില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്ന വോട്ടുകള്‍ സിപിഎമ്മിന് പരമ്പരാഗതമായി ലഭിക്കുന്ന വോട്ടുകളാണെന്ന് കടുത്ത സിപിഎം ആരാധകര്‍ പോലും പറയില്ല. അതുപോലെ തന്നെയായിരുന്നു മാണിക്ക് കിട്ടുന്ന വോട്ടുകളും. കോണ്‍ഗ്രസ് കേരളാ കോണ്‍ഗ്രസ് സമവാക്യത്തിനപ്പുറത്ത് മാണിയുമായി പാലാക്ക് സവിശേഷ ബന്ധമുണ്ടായിരുന്നു. ഈ ബന്ധം മറ്റ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഉണ്ടായിക്കൊള്ളണമെന്നില്ല എന്ന് പാലാ തെളിയിച്ചിട്ടുമുണ്ട്. 2004 ല്‍ പി സി തോമസ് മൂവാറ്റുപുഴ ലോക്‌സഭാ മണ്ഡലത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി വിജയിച്ചപ്പോള്‍ പാലായില്‍പ്പോലും പി സിക്ക് അന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ജോസ് കെ മാണിയേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ കിട്ടിയിരുന്നു.
ചില ഘട്ടങ്ങളില്‍ ജനങ്ങള്‍ സമവാക്യങ്ങള്‍ക്കപ്പുറത്തേക്ക് കടന്ന് വിധിയെഴുതിയെന്നു വരും. ഇത്തരമൊരു വിധിയെഴുത്താണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരളം കണ്ടത്. കെ എം മാണിയില്ലാത്ത പാലായും ചെങ്ങന്നൂരിന്റെ വഴിയേ സഞ്ചരിക്കുമെന്ന് ഇടതുപക്ഷം പ്രത്യാശിക്കുന്നത് ഈ സാഹചര്യത്തിലാണ്.
കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെക്കുറിച്ചുള്ള വിലയിരുത്തലായിരിക്കും പാലായില്‍ നടക്കുക എന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറയുന്നത് ഇത്തരമൊരു അടിയൊഴുക്കില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ടാണ്. ഈയൊരടിയൊഴുക്കിനെ യു ഡി എഫ് ക്യാമ്പിലുള്ളവര്‍ തള്ളിക്കളയുന്നില്ല. ജോസ് കെ മാണിയോട് താല്‍പര്യമില്ലാത്ത വലിയൊരു വിഭാഗം വോട്ടര്‍മാര്‍ പാലായിലുണ്ടെന്ന് ഇവര്‍ സമ്മതിക്കുന്നു. പക്ഷേ, ഈ വോട്ടുകള്‍ ഇടതു സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് കിട്ടുമെന്ന കാര്യത്തില്‍ ഒരുറപ്പുമില്ലെന്നും ഇവര്‍ പറയുന്നു. ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രതിച്ഛായ അത്ര കണ്ട് മെച്ചമല്ലെന്നതാണ് ഇതിന്റെ ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പരമ്പരാഗതമായി യുഡിഎഫിന് വോട്ടുകുത്തുന്നവര്‍ ഇടതുപക്ഷത്തിന് അത്ര എളുപ്പത്തില്‍ വോട്ടുചെയ്യുമെന്ന് കരുതാനാവില്ലെന്നും ഇവര്‍ പറയുന്നു. ലോക്‌സഭാ തെഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പാലായില്‍ കിട്ടിയ 33,000 വോട്ടിന്റെ ഭൂരിപക്ഷം ജോസ് ടോമിന് കിട്ടുമെന്ന് ജോസ് കെ മാണിയോട് അടുത്തു നില്‍ക്കുന്നവര്‍ പോലും പറയുന്നില്ല. അയ്യായിരത്തിനും പതിനായിരത്തിനുമിടയിലായിരിക്കും ജോസ് ടോമിന്റെ ഭൂരിപക്ഷമെന്നാണ് യു ഡി എഫ് ക്യാമ്പിലുള്ളവര്‍ രഹസ്യമായി പറയുന്നത്.
പാലായില്‍ ഇക്കുറി മത്സരം കടുത്തതാണ്. ഈ മത്സരത്തില്‍ ബിജെപിയും രണ്ടും കല്‍പിച്ച് രംഗത്തുണ്ട്. 2016 ല്‍ ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ഹരി 24,821 വോട്ട് നേടിയിരുന്നു. 2011 ല്‍ ബിജെപി സ്ഥാനാര്‍ത്ഥി 6,359 വോട്ടുകള്‍ മാത്രം നേടിയിടത്താണ് ഹരി ഈ മുന്നേറ്റം നടത്തിയത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി സി തോമസിന് 26, 533 വോട്ടുകള്‍ ഇവിടെ നേടാനായി. ഹരി തന്നെയാണ് ഇക്കുറിയും ബിജെപിയുടെ സ്ഥാനാര്‍ത്ഥി. പക്ഷേ, പാലായില്‍ മൂന്നാം സ്ഥാനത്തിനപ്പുറത്തേക്ക് കടക്കണമെങ്കില്‍ ബിജെപിക്ക് അത്ഭുതം തന്നെ കാട്ടേണ്ടിവരും. അത്തരമൊരത്ഭുതത്തിനുള്ള സാദ്ധ്യത ഇക്കുറി പാലായിലുണ്ടെന്ന് ബിജെപി നേതൃത്വം പോലും കരുതുന്നുണ്ടാവില്ല. പക്ഷേ, കഴിയുന്നത്ര വോട്ടുപിടിക്കാന്‍ ബിജെപി തകര്‍ത്ത് പണിയെടുക്കുന്നുണ്ട്.
അതുകൊണ്ട് തന്നെ കളം നിറഞ്ഞാണ് ബിജെപിയുടെ കളി. എന്തായാലും പാലായുടെ മനസ്സ് ആരെ തുണക്കുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: