ഇറക്കുമതി കൂട്ടാൻ നീക്കം; റബ്ബർവില മൂന്നുമാസത്തിനിടെ 25 രൂപ ഇടിഞ്ഞു

ഇറക്കുമതി കൂട്ടാൻ കമ്പനികൾ നീക്കം ശക്തമാക്കുന്നതിനിടെ റബ്ബറിന്റെ വില 100 ലേക്ക് താഴുമെന്ന് ആശങ്ക. മാസം അരലക്ഷം ടൺപ്രകാരം ഇറക്കുമതി ചെയ്യാനാണ് നീക്കം. പോയവർഷം ആറുലക്ഷം ടൺ റബ്ബറാണ് കമ്പനികൾ ഇറക്കുമതി ചെയ്തത്. ഈവർഷം ഇതിലും കൂടാനാണ് സാധ്യത.
ആർ.എസ്.എസ് നാലാം ഗ്രേഡിന് ജൂൺ 17നാണ് ഏറ്റവും മികച്ച സമീപകാലവിലയിൽ എത്തിയത്. 153.50 രൂപയായിരുന്നു അന്നത്തെവില.അത് താഴ്ന്ന് ജൂലായിൽ 148ലേക്ക് എത്തി. ഓഗസ്റ്റിൽ 145ലേക്ക് വീണു; ഈ ആഴ്ച അത് 130ലേക്കും. മൂന്നുമാസത്തിനിടെ 25 രൂപയാണ് ഇടിഞ്ഞത്.
വില മെച്ചപ്പെടുന്ന സാഹചര്യം വന്നതോടെ വ്യാപാരികൾ കൃഷിക്കാരിൽ നിന്ന് ചരക്കെടുക്കുകയും സൂക്ഷിക്കുകയും ചെയ്തു. 145 രൂപവരെ നൽകി എടുത്ത ചരക്ക് സൂക്ഷിച്ച വ്യാപാരികൾ വെട്ടിലായി.കിലോഗ്രാമിന് 20 രൂപവരെ നഷ്ടം സഹിച്ച് വിറ്റഴിക്കാൻ പറ്റാത്ത സ്ഥിതിയിലാണവർ. നാമമാത്രമായി റബ്ബർ എടുത്ത രണ്ട് കമ്പനികൾ കിലോഗ്രാമിന് 132 രൂപയാണ് വ്യാപാരികൾക്ക് നൽകിയത്.സംസ്ഥാനസർക്കാരിന്റെ താങ്ങുവില പാക്കേജ് പ്രകാരമുള്ള കുടിശ്ശിക ഏപ്രിൽ മുതലാണ് കിട്ടാനുള്ളത്.
ജൂലായിൽ വില 150 കടന്നതിനാൽ ആ സമയത്തെ ബില്ലുകൾക്ക് സഹായധനം കിട്ടില്ല. വിപണിവില 150 രൂപയിൽനിന്ന് എത്ര കുറവാണോ അതാണ് സർക്കാർ സഹായമായി കിട്ടുക. സെപ്റ്റംബർ കഴിയാറായിട്ടും തുടരുന്ന ശക്തമായ മഴയും വിലയിടിവും കൃഷിക്കാരെ വീണ്ടും തോട്ടം വെറുതെയിടാൻ പ്രേരിപ്പിക്കുന്നുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: