റിസര്‍വ് ബാങ്കില്‍ നിന്ന് പിടിച്ചെടുത്ത തുക കേന്ദ്രം കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുന്നുവെന്ന് സി.പി.ഐ.എം; ‘കേന്ദ്രം പ്രഖ്യാപിച്ച നികുതിയിളവുകള്‍ ജനങ്ങളുടെ ജീവിതഭാരം വര്‍ധിപ്പിക്കും’

ന്യൂഡൽഹി: റിസര്‍വ് ബാങ്കില്‍ നിന്ന് പിടിച്ചെടുത്ത തുക കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുകയാണെന്ന് സി.പി.ഐ.എം. ആദായ നികുതി നിയമം ഭേദഗതി ചെയ്ത് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 1.45 ലക്ഷം കോടി രൂപയുടെ നികുതിയിളവുകള്‍ കോര്‍പ്പറേറ്റുകളെ കൊഴുപ്പിക്കുന്നതും ജനങ്ങളുടെ ജീവിതഭാരം വര്‍ധിപ്പിക്കുന്നതുമാണെന്നും സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.റിയല്‍ എസ്റ്റേറ്റ് , കയറ്റുമതി ബിസിനസുകാര്‍ക്ക് 70,000 കോടി രൂപയുടെ സൗജന്യം നല്‍കിയതിനു പിന്നാലെയാണിത്. റിസര്‍വ് ബാങ്കില്‍ നിന്നു പിടിച്ചു വാങ്ങിയ 1.76 ലക്ഷം കോടി രൂപ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുകയാണ് കേന്ദ്രം. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും ജനങ്ങളുടെ വാങ്ങല്‍ ശേഷി ഉയര്‍ത്താനും പൊതുനിക്ഷേപങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നും സി.പി.ഐ.എം ആരോപിച്ചു.
ജനങ്ങള്‍ക്ക് വാങ്ങല്‍ശേഷി ഇല്ലാത്തതാണ് ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിനു കാരണം. തൊഴിലില്ലായ്മ, കൂട്ടപിരിച്ചുവിടല്‍, വരുമാന ഇടിവ് എന്നിവ ജനങ്ങളുടെ ജീവിതഭാരം വര്‍ധിപ്പിക്കുകയാണ്. ബജറ്റ് പ്രഖ്യാപനങ്ങളിലെ തിരുത്തലുകള്‍ വഴി സാമ്പത്തിക മാന്ദ്യം മറികടക്കാനാവില്ലെന്നും സി.പി.ഐ.എം പ്രതികരിച്ചു.
മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനു മുന്നോടിയായി കടപ്പത്രം, ഓഹരി,ബോണ്ടുകള്‍ തുടങ്ങിയവയില്‍ വിദേശ നിക്ഷേപകര്‍ക്കും വന്‍ സൗജന്യം നല്‍കി. അമേരിക്കയിലെയും ഇതരവിദേശ രാജ്യങ്ങളിലെയും നിക്ഷേപകരെ പ്രീതിപ്പെടുത്താനാണിത്. കോര്‍പ്പറേറ്റുകളുടെയും വര്‍ഗീയ ശക്തികളുടെയും കൂട്ടുകെട്ട് ജനങ്ങള്‍ക്കു മേല്‍ ദുരിതങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: