ഇതുപോലുള്ള രാഷ്ട്രീയക്കാരോട് ഒരിഞ്ച് ബഹുമാനം പോലും ഇല്ല; നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ ശബ്ദമുയര്‍ത്തും:കമല്‍ഹാസന്‍

ചെന്നൈ: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. സര്‍ക്കാരിന്റെ അശ്രദ്ധ മൂലം നിരവധി ജീവനുകള്‍ പൊലിയുന്നുണ്ടെന്നും ജനങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ താനുണ്ടാകുമെന്നും കമല്‍ഹാസന്‍ പറഞ്ഞു.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ റോഡില്‍ സ്ഥാപിച്ച അനധികൃത ഹോര്‍ഡിംഗ് വീണ് മരണപ്പെട്ട ശുഭശ്രീയുടേയും രഘുപതിയുടേയും മരണത്തെ കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം. 2017 നവംബറിലാണ് 30 കാരനായ രഘുപതിയുടെ ബൈക്ക് അനധികൃതമായി സ്ഥാപിച്ച ബാനറുകളിലൊന്നില്‍ ഇടിച്ച് അദ്ദേഹം മരണപ്പെട്ടത്.സംഭവിക്കാവുന്നതില്‍ വെച്ച് ഏറ്റവും ദാരുണമായ ഒന്നാണ് ചെറുപ്പക്കാരുടെ മരണവും ഈ നഷ്ടത്തെക്കുറിച്ച് മാതാപിതാക്കളെ അറിയിക്കുകയെന്നതും. ശുഭശ്രിയുടെ മരണവും അത്തരത്തിലൊന്നാണ്. ആളുകളുടെ ഹൃദയത്തില്‍ ഉണ്ടാകുന്ന ഭയവും വേദനയും എത്രമാത്രമായിരിക്കും. ഒരു രക്ഷകര്‍ത്താവിന് സ്വന്തം കുഞ്ഞിനെ നഷ്ടപ്പെടുന്നു. പെണ്‍മക്കളുള്ള എനിക്ക് ആ വികാരം മനസിലാകും.
”സര്‍ക്കാരിന്റെ അശ്രദ്ധമൂലം നിരവധി രഘുപതിമാര്‍ക്കും ശുഭശ്രീമാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഒരു ബാനര്‍ എവിടെ സ്ഥാപിക്കണം, എവിടെ സ്ഥാപിക്കരുത് എന്നതിനെക്കുറിച്ച് ചില അടിസ്ഥാന ധാരണകള്‍ ഉണ്ടായിരിക്കേണ്ടതല്ലേ? സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും അലസത കാരണം ഇനിയും എത്ര ജീവന്‍ നഷ്ടപ്പെടും എന്നതാണ് ചോദ്യം.
ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്താന്‍ മാത്രമാണ് രാഷ്ട്രീയക്കാര്‍ ഉള്ളത്, ഇതുപോലുള്ള രാഷ്ട്രീയക്കാരോട് എനിക്ക് ഒരിഞ്ച് ബഹുമാനമില്ല. നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍, എന്റെ കൈകള്‍ പിടിക്കുക, മക്കള്‍ നീതി മയം നിങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തും,’ -അദ്ദേഹം പറഞ്ഞു.മെച്ചപ്പെട്ട സമൂഹത്തിനും ഭാവിക്കുമായി തന്നോടൊപ്പം ചേരണമെന്നും കമല്‍ ഹാസന്‍ തമിഴ്നാട്ടിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
‘ഞങ്ങള്‍ ഞങ്ങളുടെ നേതാക്കളെ തിരഞ്ഞെടുക്കും, ഞങ്ങള്‍ അവരുടെ അടിമകളായി തുടരും – നിങ്ങള്‍ ഈ ധാരണയില്‍ വിശ്വസിക്കുന്നുവെങ്കില്‍, സമൂഹത്തെ സഹായിക്കാന്‍ ഒരു മാര്‍ഗവുമില്ല.ഞങ്ങള്‍ ഈ രാഷ്ട്രീയക്കാരുടെ അടിമകളായിത്തീര്‍ന്നു, ഇപ്പോള്‍ ഞങ്ങള്‍ക്ക് ഇതില്‍ നിന്ന് പുറത്തുവരണമെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ നമുക്ക് ഒരുമിച്ച് കൈകോര്‍ക്കണം സാധാരണക്കാരന്റെ ശബ്ദത്തിനും വിലയുണ്ടെന്ന് തെളിയിക്കണം- കമല്‍ഹാസന്‍ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: