വിപണിയിൽ നിന്നു വാങ്ങുന്ന കോഴിമുട്ടകളെ ചൊല്ലി ആശങ്ക

കണ്ണൂർ∙ വിപണിയിൽ നിന്നു വാങ്ങുന്ന കോഴിമുട്ടകളെ ചൊല്ലി ആശങ്ക. ഗുണനിലവാരമുള്ള മുട്ടകളെന്നു കരുതി വാങ്ങുന്നവയിൽ പലതും ഉപയോഗ ശൂന്യമാകുന്നതായാണ് പരാതി. ചെറുകുന്ന് ഗവ.വെൽഫെയർ എച്ച്.എസ് സ്കൂളിൽ വാങ്ങിയ 300 മുട്ടകൾ ഇന്നലെ പുഴുങ്ങവെ കറുത്ത നിറവും ദുർഗന്ധവും വന്നു ഉപയോഗ ശൂന്യമായതാണു അവസാന ഉദാഹരണം.
വെള്ളിയാഴ്ച രാവിലെ 10.30യോടെയാണ് ചെറുകുന്ന് ഗവ.വെൽഫെയർ എച്ച്.എസ് സ്കൂളിൽ കുട്ടികൾക്ക് നൽകാനായി മുട്ടകൾ പുഴുങ്ങിയത്. വെള്ളം തിളച്ചതോടെ മുട്ടയിൽ നിന്നു കറുത്ത നിറവും ദുർഗന്ധവുമുണ്ടാവുകയായിരുന്നു. പുഴുങ്ങിയ 300 മുട്ടകളും ഉപയോഗ ശൂന്യമായി. ചൂടാകും തോറും മുട്ട പൊട്ടുകയും ചെയ്തു. ഇതേ തുടർന്നു സ്കൂൾ അധികൃതർ മുട്ട വാങ്ങിയ കടയുടമയെ വിളിച്ചറിയിച്ചു. മുട്ടകൾ തിരിച്ചെടുക്കാമെന്നും കണ്ണൂരിലെ മാർക്കറ്റിൽ നിന്നാണ് മുട്ടകൾ എത്തിച്ചിരുന്നതെന്നും കടയുടമ പറഞ്ഞതായി സ്കൂൾ അധികൃതർ പറഞ്ഞു. ഒന്ന് മുതൽ 8 വരെ ക്ലാസുകളിലെ കുട്ടികൾക്ക് ആഴ്ചയിൽ ഒരു ദിവസം സൗജന്യമായി പാലും മുട്ടയും നൽകുന്ന വിദ്യാഭ്യാസ വകുപ്പ് പദ്ധതി പ്രകാരമാണ് മുട്ട വാങ്ങിയത്. പുഴുങ്ങുന്നത് വരെ മുട്ടയ്ക്ക് പ്രകടമായ മാറ്റമൊന്നും ഉണ്ടായിരുന്നില്ലെന്നു സ്കൂൾ അധികൃതർ പറഞ്ഞു. ഗുണനിലവാരമില്ലാത്ത മുട്ടകളാണ് വിപണിയിൽ എത്തുന്നതെന്ന ആരോപണം ശക്തമാണെങ്കിലും വിപണിയിലെത്തുന്ന മുട്ടകളുടെ ഗുണനിലവാരം പരിശോധിക്കാൻ സംവിധാനമില്ലെന്നതാണ് പ്രധാന പോരായ്മ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: