മമത ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരയായ മുഖ്യമന്ത്രി; എന്നെ രക്ഷിക്കാന്‍ വരരുതെന്ന് ഗവര്‍ണറോട് പറഞ്ഞു; ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി അക്രമത്തില്‍ കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ജാദവ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ തനിക്കെതിരെ നടന്ന പ്രതിഷേധത്തില്‍ രൂക്ഷ പ്രതികരണവുമായി കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ.മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം തന്നെ മനപൂര്‍വ്വം അപകടപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ബാബുല്‍ സുപ്രിയോ പറഞ്ഞു. അക്രമികള്‍ക്കിടയില്‍ തന്നെ രക്ഷപ്പെടുത്താന്‍ മമതയുടെ ഉദ്യോഗസ്ഥര്‍ ശ്രമിച്ചില്ലെന്നും ബാബുല്‍ സുപ്രിയോ ആരോപിച്ചു.
ആര്‍.എസ്.എസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ അഖില്‍ ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് (എ.ബി.വി.പി) സംഘടിപ്പിച്ച സെമിനാറില്‍ പ്രസംഗിക്കാന്‍ ജാദവ്പൂര്‍ യൂണിവേഴ്സിറ്റിയിലെത്തി ബാബുല്‍ സുപ്രിയോയെ ചില വിദ്യാര്‍ത്ഥികള്‍ തടയുകയും ഗോ ബാക്ക് മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. കറുത്തകൊടി കാണിച്ചുകൊണ്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ മന്ത്രിക്കെതിരെ പ്രതിഷേധിച്ചത്.തനിക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളാണ് തന്നെ അക്രമിച്ചതെന്നും മന്ത്രി പറഞ്ഞു. ‘ഞാന്‍ കാറില്‍ നിന്നിറങ്ങിയ നിമിഷം അവര്‍ എന്നെ ആക്രമിക്കുകയായിരുന്നു. അവര്‍ എന്നെ ചവിട്ടി, കുത്തി, മുടി പിടിച്ചു … ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് എന്നെ വലിച്ചു. അവര്‍ പ്രത്യക്ഷത്തില്‍ വിദ്യാര്‍ത്ഥികളായിരുന്നു. ഞാന്‍ പരിപാടിയില്‍ പങ്കെടുത്ത് ഇറങ്ങിയതിനുശേഷം അവര്‍ എന്നെ വീണ്ടും ആക്രമിച്ചു. മരത്തടി വെച്ചായിരുന്നു അടിച്ചത്. ഞങ്ങള്‍ നക്‌സലേറ്റുകള്‍ ആണ് എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് അവര്‍ എന്നെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു-അദ്ദേഹം ആരോപിച്ചു.
തനിക്കെതിരായ ആക്രമണത്തെ നിഷ്‌ക്രിയമായി നോക്കിനില്‍ക്കുകയായിരുന്നു ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ എന്നും ബാബുല്‍ സുപ്രിയോ പറഞ്ഞു.‘ഇത് സംഭവിക്കുമെന്ന് വൈസ് ചാന്‍സലറിന് അറിയാമായിരുന്നു. പക്ഷേ അദ്ദേഹം ഒന്നും ചെയ്തില്ല. ശാരീരിക ആക്രമണത്തില്‍ ഞാന്‍ ഒട്ടും അസ്വസ്ഥനല്ല, പക്ഷേ മുഴുവന്‍ ഭരണകൂടത്തോടും എനിക്ക് തീര്‍ത്തും നിരാശയും വെറുപ്പുമാണ്,’ അദ്ദേഹം പറഞ്ഞു.പോലീസിനെ വിളിക്കാന്‍ ജെ.യു വൈസ് ചാന്‍സലര്‍ വിസമ്മതിച്ചതായും മന്ത്രി ആരോപിച്ചു. ജാദവ്പൂര്‍ സര്‍വകലാശാലയിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം അസന്‍സോളില്‍ നിന്നുള്ള ബി.ജെ.പി എംപിയ്ക്കും സംസ്ഥാന സര്‍ക്കാരിനുമായിരുന്നു. എന്നാല്‍ മമത ബാനര്‍ജി മനപൂര്‍വം അത് വൈകിപ്പിച്ചു.
ഗവര്‍ണറുടെ കാര്‍ പോലും പോലീസ് കടന്നുപോകാന്‍ അനുവദിച്ചില്ല. ‘ഞങ്ങളുടെ കാറിനെ ഒരു മണിക്കൂറോളം ബന്ദികളാക്കി. ചീഫ് സെക്രട്ടറി മുതല്‍ ഡി.ജി.പി വരെയുള്ള ആളുകളെ ഗവര്‍ണര്‍ വിളിച്ചെങ്കിലും ഞങ്ങള്‍ക്ക് പൊലീസിന്റെ സഹായം ലഭിച്ചില്ല.

എന്നെ രക്ഷപ്പെടുത്താന്‍ വരരുതെന്ന് മമത ബാനര്‍ജി ഗവര്‍ണറോട് ആവശ്യപ്പെട്ടു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ഒരു കപടവിശ്വാസിയാണ്. ഇന്ത്യ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ക്രൂരയായ മുഖ്യമന്ത്രി ആയിരിക്കാം അവര്‍, ‘-ബാബുല്‍ സുപ്രിയോ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: