പൗരത്വ രജിസ്റ്റർ വ്യാപകമാക്കും ; പട്ടികയിലില്ലാത്തവർ പുറത്തുപോകണമെന്ന്‌ അമിത്‌ ഷാ

ന്യൂഡൽഹി: അസം മാതൃകയിൽ ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമാക്കണമെന്ന ആവശ്യം ശക്തമാക്കി ബിജെപി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷായെ പിന്താങ്ങി യുപി, ഹരിയാന മുഖ്യമന്ത്രിമാരും രംഗത്തെത്തി. ഹരിയാനയിലെ കോൺഗ്രസ്‌ നേതാവ്‌ ഭൂപീന്ദർ ഹൂഡയും ഇതിനെ പിന്താങ്ങി.
കഴിഞ്ഞ ദിവസം റാഞ്ചിയൽ ‘ഹിന്ദുസ്ഥാൻ ടൈംസ്‌’ പത്രം സംഘടിപ്പിച്ച ചടങ്ങിലാണ്‌ അസം മാതൃകയിൽ പൗരത്വ രജിസ്റ്റർ രാജ്യത്ത്‌ നടപ്പാക്കുമെന്ന്‌ അമിത്‌ ഷാ പ്രഖ്യാപിച്ചത്‌. ഇതിലൂടെ അനധികൃത കുടിയേറ്റക്കാരെ മുഴുവൻ പുറത്താക്കുമെന്നായിരുന്നു പ്രഖ്യാപനം. പൗരത്വ രജിസ്റ്റർ അസമിനുവേണ്ടി മാത്രമുള്ളതല്ല.‘നിങ്ങൾ ഇംഗ്ലണ്ടിലോ അമേരിക്കയിലോ നെതർലാൻഡ്‌സിലോ സ്ഥിരതാമസത്തിന്‌ ചെന്നാലും അവർ അനുവദിക്കില്ല. എങ്ങനെയാണ്‌ ഇന്ത്യയിൽമാത്രം പുറത്തുനിന്ന്‌ വരുന്നവർക്ക്‌ സ്ഥിരതാമസം അനുവദിക്കുക. ബിജെപിയുടെ പ്രകടനപത്രികയിൽ പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്ന്‌ വാഗ്‌ദാനം ചെയ്‌തിരുന്നു. അസം പൗരത്വ രജിസ്റ്റർ എന്നല്ല പേരെന്നത്‌ മറക്കരുത്‌. ദേശീയ പൗരത്വ രജിസ്റ്റർ എന്നാൽ, രാജ്യത്തിന്‌ മുഴുവൻ ബാധകമായ രജിസ്റ്ററെന്നാണ്‌. പൗരത്വ രജിസ്റ്ററിൽ പേര്‌ ഇല്ലാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കും’–- അമിത്‌ ഷാ പറഞ്ഞു. പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമാക്കണമെന്ന്‌ ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആവശ്യപ്പെട്ടു. പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യുന്ന നുഴഞ്ഞുകയറ്റക്കാരെ ഒഴിവാക്കുകയാണ്‌ ചെയ്യുന്നത്‌. അവർ ദേശീയ സുരക്ഷയ്ക്ക്‌ ഭീഷണിയാണ്–-യോഗി പറഞ്ഞു. ഹരിയാനയിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. ഖട്ടറിന്റെ പ്രസ്‌താവനയെ പിന്താങ്ങി മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ ഭുപീന്ദർ ഹൂഡയും രംഗത്തെത്തി. അസമിലെ പൗരത്വ രജിസ്റ്ററിൽ പ്രതിഷേധിച്ച കോൺഗ്രസ്‌ നേതൃത്വത്തെ എതിർത്താണ്‌ ഹൂഡയുടെ പ്രസ്‌താവന.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: