സീസൺ ടിക്കറ്റ് യാത്രക്കാരോട് റെയിൽവേയുടെ ചിറ്റമ്മനയം പിൻവലിക്കണം: എം.ടി.പി.എഫ്

കണ്ണൂർ: സീസൺ ടിക്കറ്റ് യാത്രക്കാർ റിസർവേഷൻ കോച്ചുകളിൽ കയറിയാൽ സ്ഥിരമായി പിഴ ഈടാക്കുന്നതിന് പുറമെ ഇപ്പോൾ വന്നിരിക്കുന്ന വാർത്ത ഇനി സ്ലീപ്പർ കോച്ചിൽ സീസൺ ടിക്കറ്റ് ഉള്ളവർ യാത്ര ചെയ്താൽ സീസൺ റദ്ദാക്കുന്നതടക്കമുള്ള കടുത്ത ശിക്ഷാ നടപടി ഉണ്ടാകും എന്നാണ് ഇത് സൂചിപ്പിക്കുന്നത്. സീസൺ ടിക്കറ്റ് എടുത്തു യാത്രചെയ്യുന്നവരോട് റെയിൽവേ തുടരുന്നത് ചിറ്റമ്മനയമാണ്. റെയിൽവേ സീസൺ ടിക്കറ്റ്ക്കാരോട് കാണിക്കുന്ന ഈ നയം അവസാനിപ്പിക്കണം.

സീസൺ ടിക്കറ്റ് യാത്രക്കാർ സൗജന്യ യാത്ര ചെയ്യുകയാണെന്ന ചില റയിൽവെ ഉദ്യോഗസ്ഥരുടെ ധാരണ ആദ്യം തന്നെ തിരുത്തുക. മുൻകൂട്ടി ഒരു മാസം മുതൽ ഒരു വർഷത്തേക്ക് വരെയുള്ള ടിക്കറ്റ് ചാർജ് കൊടുത്താണ് സീസൺ ടിക്കറ്റെടുക്കുന്നത്. ഒരു വർഷത്തെ കണക്ക് നോക്കിയാൽ ഏതൊരു സ്ലീപ്പർ യാത്രക്കാരനെക്കാളും പതിന്മടങ്ങ് വരുമാനം സീസണ് ടിക്കറ്റുകാർ റയിൽവെക്ക് ഉണ്ടാക്കി കൊടുക്കുന്നുണ്ട്.

ദിവസവും ആയിരക്കണക്കിന് യാത്രക്കാരാണ് നിത്യവൃത്തിക്ക് വേണ്ടി ടെയിൻ വഴി യാത്ര ചെയ്യുന്നത്. നിരവധി സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും, അധ്യാപകരും, ഡോക്ടർമാരും, പല സ്വകാര്യ മേഖലകളിൽ വർക്ക് ചെയ്യുന്നവരും പഠനാവശ്യാർത്ഥം വരുന്ന വിദ്യാർഥികളും അടക്കം എല്ലാ സ്റ്റേഷനുകളിൽ നിന്നും നൂറുകണക്കിന് യാത്രക്കാരാണ് ഓരോ ട്രെയിനിനെയും ആശ്രയിച്ചു യാത്ര ചെയ്യുന്നത്.

നിലവിൽ പരശു, ഇന്റർസിറ്റി ഒഴികെ ഒരു ട്രെയിനും പകൽ ഫുൾ ജനറൽ കോച്ച് ഉള്ള ട്രെയിൻ ഇല്ല. തിരക്കുള്ള അതിരാവിലെയും വൈകീട്ടും മൂന്ന് ട്രെയിനുകളിൽ വരെ കയറേണ്ട യാത്രക്കാരെയും കൊണ്ടാണ് പരശുരാം ഓടുന്നത്. (അതിൽ തന്നെ 21 കോച്ചുകളിൽ ആകെ ജനറൽ കോച്ചുകൾ വെറും 10 എണ്ണം മാത്രമാണുള്ളത്). നേത്രാവതി, മംഗള,മാവേലി, മലബാർ, ചെന്നൈ മെയിൽ, ട്രിവാൻഡ്രം എക്സ്പ്രസ്, യെശ്വന്തപുരം തുടങ്ങിയ ട്രെയിനുകളിൽ ആകെ രണ്ട് കോച്ച് മാത്രമേ ജനറൽ കംപാർട്ട്മെന്റ് ഉള്ളൂ.അതിൽ തന്നെ പകുതി കോച്ച് ചിലപ്പോൾ ആർ.എം.എസിന് വേണ്ടി മാറ്റിയിരിക്കും. പിന്നെ എങ്ങിനെയാണ് സ്ഥിരം യാത്രക്കാർ ട്രെയിനുകളിൽ യാത്ര ചെയ്യേണ്ടത്.

ഇത്തരം ട്രെയിനുകളിൽ രണ്ട് ജെനറൽ കോച്ചുകൾ കൂടി അനുവദിക്കുക, കൂടാതെ മൂന്നോ നാലോ ഡി റിസർവ്വ്ഡ് കോച്ചുകൾ എല്ലാ ട്രെയിനുകളിലും അനുവദിക്കുക, ഷൊർണ്ണൂർ – കോഴിക്കോട് – മംഗലാപുരം റൂട്ടിൽ അടിയന്തിരമായി മെമു ട്രെയിനുകൾ അനുവദിക്കുക, സ്ത്രീകൾക്ക് അധിക ട്രെയിനുകളിലും പകുതി കോച്ചിന് പകരം ഒരു കോച്ച് പൂർണ്ണമായും തന്നെ അനുവദിക്കുക, ലോക്കൽ ട്രെയിനുകൾ മണിക്കൂറോളം സ്റ്റേഷനുകളിൽ പിടിച്ചിടുന്നത് ഒഴിവാക്കി കൃത്യസമയത്ത് ഓടിക്കാൻ പാകത്തിൽ സമയക്രമത്തിൽ ഇനിയും മാറ്റം വരുത്തുക. മാന്യമായി സഞ്ചരിക്കാനുള്ള സ്വാതന്ത്യവും അവകാശവും സിസൺ ടിക്കറ്റ് യാത്രക്കാർക്കും റെയിൽവെ ഒരുക്കണം തുടങ്ങി നിത്യയാത്രക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടിട്ട് വേണം ഇത്തരം കർശന നിയമങ്ങൾ നടപ്പിലാക്കേണ്ടതെന്ന് മലബാർ ട്രെയിൻ പാസഞ്ചേഴ്സ് ഫോറം ഭാരവാഹികൾ റെയിൽവേ അധികാരികളോട് ആവശ്യപ്പെട്ടു.

ചെയർമാൻ അബ്ദുൽ കരീം എം.പി അധ്യക്ഷത വഹിച്ചു, കൺവീനർ ഫൈസൽ ചെള്ളത്ത് സ്വാഗതം പറഞ്ഞു. ഫൈസൽ പി.കെ.സി, അബ്ദുറബ്ബ് നിസ്താർ, പ്രസിൻ എം.പി, സബി സദാനന്ദൻ, വിജു രാഘവൻ, ഷാഹിദ് ഊരളളൂർ എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: