മലബാര്‍ സിമെന്റ്സ് അഴിമതി: സിപിഎം എം.എല്‍.എ ഉള്‍പ്പടെ പത്തു പേര്‍ക്കെതിരെ വിജിലന്‍സ് കുറ്റപത്രം

സെപ്തംബര്‍ 18നാണ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഒറ്റപ്പാലം എംഎല്‍എ യും സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയുമായ

പി ഉണ്ണി ഉള്‍പ്പടെ പത്തു പേരെ പ്രതിചേര്‍ത്ത് വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചത്. കമ്പനിയില്‍ അന്തരീക്ഷ മലിനീകരണം തടയാന്‍ റിവേഴ്‌സ് എയര്‍ ബാഗ് ഹൗസ് സ്ഥാപിച്ചതില്‍ 12.89 കോടിരൂപയുടെ നഷ്ടം സംഭവിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
മുന്‍ ചീഫ് എന്‍ജിനീയര്‍ ബൈജു മാളിയക്കല്‍, പ്രൊജക്റ്റ് എന്‍ജിനീയര്‍ അജിത്കുമാര്‍, മുന്‍ എം.ഡി: എം. സുന്ദരമൂര്‍ത്തി, മുന്‍ ഡയറക്ടര്‍മാരായ ജോസഫ് മാത്യു, എന്‍.ആര്‍. സുബ്രഹ്മണ്യന്‍, പി. ഉണ്ണി എം എല്‍എ, കരാറുകാരന്‍ ഹിമാചല്‍ എന്‍ജിനീയറിങ് ആന്‍ഡ് എന്‍വയോണ്‍മെന്റ് എം.ഡി: മനോജ് ഗാര്‍ഗ്, കമ്പനിയിലെ ചീഫ് എന്‍ജിനീയര്‍(മെക്കാനിക്കല്‍) അബ്ദുള്‍ സമദ്, വ്യവസായ വകുപ്പ് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും കമ്പനിയുടെ മുന്‍ ബോര്‍ഡ് ചെയര്‍മാനുമായ ടി. ബാലകൃഷ്ണന്‍, അഡീഷണല്‍ സെക്രട്ടറിയായിരുന്ന മുന്‍ ഡയറക്ടര്‍ കെ. ഗിരീഷ്‌കുമാര്‍ എന്നിവരാണ് പ്രതിപട്ടികയിലുള്ളത്.
പി ഉണ്ണി ജില്ലാ സെക്രട്ടറിയായിരുന്ന കാലത്താണ് സംഭവം. ബാഗ് ഹൗസ് സ്ഥാപിക്കാന്‍ 2010 ജനുവരിയില്‍ 5.5 കോടിയുടെ പദ്ധതിക്കാണ് ബോര്‍ഡ് അംഗീകാരം നല്‍കിയത്. എന്നാല്‍ സര്‍ക്കാരിന്റെയോ ബോര്‍ഡിന്റെയോ അനുമതിയില്ലാതെ 14.73 കോടിയുടെ പദ്ധതി നടപ്പിലാക്കി. സര്‍ക്കാര്‍ അനുമതിക്കു പകരം ബോര്‍ഡ് സബ് കമ്മിറ്റിയുടെ ശിപാര്‍ശ മുന്‍നിര്‍ത്തി പദ്ധതിക്ക് സാധുത നല്‍കുകയാണ് ഡയറക്ടര്‍ ബോര്‍ഡ് ചെയ്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: