ഫോഗിങ്ങ് മെഷീനുകള്‍ അനുവദിച്ചു

കല്യാശ്ശേരി മണ്ഡലത്തിലെ കൊതുക് ജന്യരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ടി വി രാജേഷ് എംഎല്‍എയുടെ ഫണ്ടില്‍ നിന്നും 10 ഫോഗിങ്ങ് മെഷീനുകള്‍ അനുവദിച്ചു. എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും 6.5 ലക്ഷം രൂപ ചെലവഴിച്ചാണ് മെഷീനുകള്‍ വാങ്ങിയത്.
പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ഫോഗിംഗ് മെഷീനുകനുകളുടെ വിതരണോദ്ഘാടനം ചെറുകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ ഹസന്‍ കുഞ്ഞി മാസ്റ്റര്‍ക്ക് നല്‍കി ടി വി രാജേഷ് എംഎല്‍എ നിര്‍വഹിച്ചു. കണ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ വി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. 
മൂന്ന് കേന്ദ്രങ്ങളിലാണ് ഉപകരണം സൂക്ഷിക്കുക. കടന്നപ്പള്ളി പാണപുഴ, കുഞ്ഞിമംഗലം, ചെറുതാഴം പഞ്ചായത്തുകളിലേക്കുള്ള ഉപകരണം കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലും, ഏഴോം, മാടായി, പട്ടുവം പഞ്ചായത്തുകളിലേത് ഏഴോത്തും, കണ്ണപുരം, കല്യാശ്ശേരി, മാട്ടൂല്‍, ചെറുകുന്ന് പഞ്ചായത്തുകളിലേത് കണ്ണപുരത്തും സൂക്ഷിക്കും. ആവശ്യമുളള പഞ്ചായത്തുകള്‍ക്ക് ഫോഗിംഗ് മെഷീന്‍ ഉപയോഗപ്പെടുത്താം. ഇതിന് വേണ്ട പരിശീലനവും ബന്ധപ്പെട്ടവര്‍ക്ക് നല്‍കും. പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, സ്ഥിരം സമിതിയംഗങ്ങള്‍, പഴയങ്ങാടി താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ. ടി അനീഷ് ബാബു, ആശുപത്രി വികസന സമിതി അംഗം കെ പത്മനാഭന്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: