പ്രളയത്തില്‍ മുങ്ങിയ വീട് വൃത്തിയാക്കാന്‍ എസ്.ഐ ലീവ് കൊടുത്തില്ല, കോലഞ്ചേരിയില്‍ എ.എസ്.ഐ തൂങ്ങിമരിച്ചു

തടിയിട്ടപറമ്പ് സ്റ്റേഷനിലെ എ.എസ്.ഐയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടമശേരി സ്വദേശി പി.സി ബാബുവാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടത്. തടിയിട്ടപറമ്പ് സ്റ്റേഷനിലെ എസ്.ഐയുടെ നിരന്തരമായ മാനസിക പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കളും സഹപ്രവര്‍ത്തകരും ആരോപിച്ചു.കുട്ടമശേരി പുഴയരികിലെ ബാബുവിന്റെ വീട്ടില്‍ പ്രളയത്തില്‍ വെള്ളം കയറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വീട്ടുപകരണങ്ങള്‍ മാറ്റുന്നതിനും തിരിച്ചു വയ്ക്കുന്നതിനുമൊക്കെയായി കഴിഞ്ഞ രണ്ടാഴ്ചയായി അവധിയിലായിരുന്നു ബാബു. എന്നാല്‍ അവധി എടുത്തത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് കാണിച്ച്‌ എസ്.ഐ, ബാബുവിനെ നിരന്തരം ഭീഷണിപ്പെടുത്തുകയും ലീവ് കാന്‍സെല്‍ ചെയ്യണമെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ വീട്ടിലെ ചെളി ഉള്‍പ്പടെ കഴുകി വൃത്തിയാക്കിയ ശേഷം തിരിച്ചെത്തുമെന്ന് ബാബു പറഞ്ഞെങ്കിലും എസ്.ഐ വഴങ്ങിയില്ലത്രേ. ഇന്നലെ ബാബുവിനെതിരെ ഡിവൈ.എസ്.പിക്ക് സ്പെഷ്യല്‍ റിപ്പോര്‍ട്ട് നല്‍കി നടപട‌ി എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിലുള്ള മനോവിഷമമാണ് ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ചത്.കഴിഞ്ഞ 26 വര്‍ഷമായി സേനയില്‍ ഒരു കൃത്യവിലോപത്തിനും ഇടയാക്കാതെ സ്തുത്യര്‍ഹമായി സേവനം ചെയ്തിരിരുന്നയാളാണ് ബാബു. എന്നാല്‍ നിസാര കാര്യങ്ങള്‍ പറഞ്ഞ് എസ്.ഐ ബാബുവിനെ മാനസികമായി തകര്‍ത്തതാണ് ജീവിതം അവസനിപ്പിക്കാന്‍ ഇടയാക്കിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു. രാവിലെ 7ന് സ്റ്റേഷനിലെത്തി രാത്രി 9 വരെ ജോലി നോക്കി പൊലീസുകാര്‍ക്കെല്ലാം മാതൃകയായ ജീവതമായിരുന്നു ബാബുവിന്റേത്. കേസുകള്‍ എഴുതുന്നതിലും അന്വേഷണ മികവിലും കമ്പ്യുട്ടര്‍ പരിജ്ഞാനത്തിലും എന്നും ഒരു മാതൃകയായിരുന്നു ബാബുവെന്ന് ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തരും പറയുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: