ജനന രജിസ്റ്ററില്‍ പേര് ചേര്‍ക്കാനുള്ള സമയ പരിധി നീട്ടി


ജനന രജിസ്റ്ററില്‍ ഇനിയും പേര് ചേര്‍ക്കാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിനുള്ള സമയം അഞ്ച് കൊല്ലത്തേക്ക് നീട്ടിക്കൊണ്ട് കേരള ജനന മരണ രജിസ്‌ട്രേഷന്‍ നിയമം ഭേദഗതി ചെയ്തു. കുട്ടിയുടെ പേര് ചേര്‍ക്കാതെ നടത്തുന്ന ജനന രജിസ്‌ട്രേഷനുകളില്‍ രജിസ്‌ട്രേഷന്‍ തീയതി മുതല്‍ ഒരു കൊല്ലത്തിനകം കുട്ടിയുടെ പേര് ചേര്‍ക്കണമെന്നും അതിന് കഴിയാത്തവരില്‍ നിന്നും അഞ്ച് രൂപ ലേറ്റ് ഫീ ഈടാക്കി രജിസ്‌ട്രേഷന്‍ തീയതി മുതല്‍ 15 വര്‍ഷത്തിനകം പേര് ചേര്‍ക്കണമെന്നാണ് നിലവിലുണ്ടായിരുന്ന വ്യവസ്ഥ. ഈ വ്യവസ്ഥയനുസരിച്ചുള്ള സമയ പരിധി ഈ വര്‍ഷം ജൂണ്‍ 22ന് അവസാനിച്ച പശ്ചാത്തലത്തിലാണ് സമയം നീട്ടി നിയമം ഭേദഗതി ചെയ്തത്. ഇനിയും ജനന രജിസ്റ്ററില്‍ പേര് ചേര്‍ക്കാത്തവര്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ബന്ധപ്പെട്ട് പേര് ചേര്‍ക്കുന്നതിന് ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും ഇത്തരമൊരു ഇളവ് ഇനി ഉണ്ടാകുന്നതല്ലെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പഠനം, പാസ്‌പോര്‍ട്ട് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പേരൊടുകൂടിയ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമുള്ളതിനാല്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ പേര് ചേര്‍ക്കാത്തവര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം. cr.lsgkerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ജനന സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാനും സൗകര്യമുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: