ആരോഗ്യ രംഗത്തെ കൂടുതൽ രോഗീസൗഹൃദവും ആധുനികവുമാക്കും-മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇരുവേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ആയുഷ്മാൻ ഭാരത് ഹെൽത്ത് & വെൽനസ് സംഘടിപ്പിച്ച  ആരോഗ്യ മേളയിൽ വനിതാ ശിശു വികസന വകുപ്പിന്റെ സ്റ്റാളിൽ ഐ സി ഡി എസ് ഒരുക്കിയ ആരോഗ്യ പൂക്കളം

ആരോഗ്യ രംഗത്തെ കൂടുതൽ രോഗീസൗഹൃദവും ആധുനികവുമാക്കുകയാണ് സംസ്ഥാന സർക്കാരിൻറെ ലക്ഷ്യമെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ആയുഷ്മാൻ ഭാരത് ഹെൽത്ത് ആന്റ്  വെൽനസിന്റെ ആഭിമുഖ്യത്തിലുള്ള ആരോഗ്യമേളയുടെ ജില്ലാതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയും മറ്റ് ആരോഗ്യ സ്ഥാപനങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളായി വിപുലപ്പെടുത്താനും ആരോഗ്യ ക്യാമ്പയിനുകൾ കൂടുതൽ കാര്യക്ഷമമായി ജനങ്ങളിലെത്തിക്കാനും സംസ്ഥാന സർക്കാരിന് സാധിച്ചിട്ടുണ്ട്. നവലിബറൽ കാലഘട്ടത്തിൽ ആരോഗ്യസംരക്ഷണം കച്ചവടമായി മാറുമ്പോൾ പൊതുജനാരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തി കൊണ്ട് ബദൽ ഉയർത്തുകയാണ് സർക്കാർ. ജില്ലയിലെ 11 റവന്യൂ ബ്ലോക്കുകളിലും ഏകദിന ആരോഗ്യമേള സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പികെ പ്രമീള അധ്യക്ഷത വഹിച്ചു. 

സർക്കാർ നടപ്പാക്കുന്ന വിവിധ ആരോഗ്യ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുക, പകർച്ചവ്യാധികൾ സാംക്രമികരോഗങ്ങൾ എന്നിവ തടയുക, നൂതന പ്രവർത്തനങ്ങളിലൂടെ ജനങ്ങളെ ആരോഗ്യത്തോടെയിരിക്കാൻ പ്രേരിപ്പിക്കുക, മുൻകൂട്ടിയുള്ള രോഗനിർണയം പ്രോത്സാഹിപ്പിക്കുക, ആരോഗ്യ പ്രവർത്തകരുമായുള്ള ടെലി കൺസൾട്ടേഷൻ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ആരോഗ്യമേള സംഘടിപ്പിക്കുന്നത്. ആരോഗ്യവകുപ്പ്, എക്‌സൈസ് ഐസിഡിഎസ്, കുടുംബശ്രീ, കാരുണ്യ ആരോഗ്യ പദ്ധതി കിയോസ്‌ക് ഉൾപ്പെടെ 11 സ്റ്റാളുകളാണ് മേളയിലുള്ളത്. പിണറായി എക്‌സൈസ് ഓഫീസർ കെ കെ ഷമീറിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസ്, ആരോഗ്യ വിദ്യാർഥികളുടെ ഫ്‌ളാഷ് മോബുകൾ, ക്വിസ് മത്സരം, വടംവലി മത്സരം എന്നിവ സംഘടിപ്പിച്ചു.

ഇരിവേരി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ നടന്ന ജില്ലാതല പരിപാടിയിൽ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി ബാലഗോപാലൻ, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ദാമോദരൻ, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ഷീബ എ വി, കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി പ്രേമവല്ലി, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ അനീഷ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വി കെ സുരേഷ് കുമാർ, എടക്കാട് ബ്ലോക്ക് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ പ്രസീത ടീച്ചർ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ മുംതാസ്, ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ടി രതീശൻ, ഗ്രാമപഞ്ചായത്ത്  അംഗം വി അനിൽകുമാർ, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി കെ അനിൽകുമാർ, എടക്കാട് ബിഡിഒ രജീഷ് ആർ നാഥ്, ഐആർപിസി ജില്ലാ സെക്രട്ടറി കെ വി മുഹമ്മദ് അഷറഫ്, ചക്കരക്കൽ ലയൺസ് പ്രസിഡണ്ട് സി മിഥുൻ, ഇരിവേരി ആരോഗ്യ സൂപ്പർ വൈസർ അബ്ദുൾ സലിം മണിമ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: