പഴയങ്ങാടി സബ് ട്രഷറി കെട്ടിടം  നാടിന് സമർപ്പിച്ചുകേരളം കടക്കെണിയിലേക്ക് നീങ്ങുന്ന അവസ്ഥയില്ല : ധനമന്ത്രി കെ എൻ ബാലഗോപാൽ

പഴയങ്ങാടി: കേരളം കടക്കെണിയിലേക്ക് നീങ്ങുന്ന അവസ്ഥയില്ലെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. എരിപുരത്ത് നിർമിച്ച പഴയങ്ങാടി സബ് ട്രഷറി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . കഴിഞ്ഞ രണ്ട് മൂന്ന് വർഷക്കാലം സർക്കാരിന് ചെലവ് കൂടിയിട്ടുണ്ട്. കൊവിഡ് കാലത്ത് ഭക്ഷ്യ കിറ്റുകളും മരുന്നും ആശുപത്രികൾക്കാവശ്യമായ ചെലവുകളും ഉണ്ടായി. 20,000 കോടി രൂപയുടെ രണ്ട് പാക്കേജുകൾ നടപ്പാക്കി. കച്ചവടക്കാർക്കും ചെറുകിട കച്ചവടക്കാർക്കും 5800 കോടി രൂപയുടെ പാക്കേജും നടപ്പാക്കി. ഇത്തരം ഇടപെടൽ നടത്തിയതുകൊണ്ടാണ് കൊവിഡ് കാലത്ത് കേരളത്തിൽ  പട്ടിണി മരണങ്ങൾ ഉണ്ടാകാതിരുന്നത്. ഇത് ഭരണമികവാണ്. അതിന് വേണ്ടി ഇനിയും പണം ചെലവഴിക്കും-മന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും ആവശ്യമായ തുക വിനിയോഗിക്കുന്നുണ്ട്. റോഡ്, ആശുപത്രികൾ, വിദ്യാലയങ്ങൾ തുടങ്ങിയവയുടെ നവീകരണത്തിനും ആധുനികവത്കരണത്തിനും ആവശ്യമായ തുക ചെലവഴിക്കുന്നുണ്ട്. ഏറ്റവും മികച്ച വിമാനത്താവളമായി കണ്ണൂർ വിമാനത്താവളം ഉയർന്നു വന്നതും സവിശേഷ നേട്ടമാണ് . പുതിയ പദ്ധതികളുമായി സർക്കാർ ഇനിയും മുന്നോട്ടു പോകുമെന്നും കാലിടറില്ലെന്നും മന്ത്രി പറഞ്ഞു.   സംസ്ഥാനത്തെ ട്രഷറികൾ നവീകരണത്തിന്റെ പാതയിലാണ്.  ഏറ്റവും മികച്ച പശ്ചാത്തല സൗകര്യങ്ങളോടെയാണ് ട്രഷറികൾ ആധുനീകരിക്കുന്നത്. ട്രഷറികളുടെ ജനകീയവത്കരണമാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

2.43 കോടി രൂപ ചെലവിലാണ് അത്യാധുനിക സൗകര്യമുള്ള പഴയങ്ങാടി സബ് ട്രഷറി കെട്ടിടം നിർമിച്ചത്. 4150 ചതുരശ്ര മീറ്ററിൽ രണ്ടു നിലകളിലായി നിർമിച്ച കെട്ടിടത്തിൽ സിംഗിൾ വിൻഡോ സംവിധാനം, ടോക്കൺ സംവിധാനം, ജനറേറ്റർ സംവിധാനം, നിരീക്ഷണ ക്യാമറകൾ, റെക്കോർഡ് റൂം, സ്‌ട്രോംഗ് റൂം, ഡൈനിംഗ് ഹാൾ, ഓപ്പൺ കോൺഫറൻസ് ഹാൾ, അംഗ പരിമിതർക്കുള്ള ടോയ്‌ലറ്റ് സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്.  1484 പെൻഷൻകാർ ഉൾപ്പെടെ അയ്യായിരത്തോളം ഇടപാടുകാരാണ്  പഴയങ്ങാടി സബ് ട്രഷറിയിൽ ഉള്ളത്. മൂന്ന് ഗ്രാമപഞ്ചായത്തുകളും ഒരു ബ്ലോക്ക് പഞ്ചായത്തും പരിയാരം ഗവ.മെഡിക്കൽ കോളേജും ഉൾപ്പെടുന്ന 148 ഡിഡിഒ മാരും ഇവിടെ ഇടപാടുകൾ നടത്തുന്നുണ്ട്. ഇൻകലാണ് നിർമാണ നിർവഹണം നടത്തിയത്. 1983ൽ ആരംഭിച്ച സബ്ട്രഷറി 39 വർഷമായി മാടായി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കിന്റെ വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചത്.

എം വിജിൻ എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യാതിഥിയായി. ഉത്തരമേഖല ട്രഷറി ഡെപ്യൂട്ടി ഡയറക്ടർ ടി സി സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ, ജില്ലാ പഞ്ചായത്തംഗം സി പി ഷിജു, മാടായി പഞ്ചായത്ത് പ്രസിഡണ്ട് സഹീദ് കായിക്കാരൻ, ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ, മുൻ എംപി പി കെ ശ്രീമതി ടീച്ചർ, കെ സി സി പി എൽ ചെയർമാൻ ടി വി രാജേഷ്, ട്രഷറി വകുപ്പ് ഡയറക്ടർ വി സാജൻ, ജില്ല ട്രഷറി ഓഫീസർ കെ പി ഹൈമ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: