ജില്ലാതല വായനാ മാസാചരണത്തിന് തുടക്കമായിസൂര്യനാവാൻ എല്ലാവർക്കും പറ്റില്ല; മൺവിളക്കാകാം: കവി വീരാൻകുട്ടി


ലോകത്തിന് മുഴുവൻ വെളിച്ചം നൽകുന്ന സൂര്യനാവാൻ എല്ലാവർക്കും പറ്റില്ലെങ്കിലും ചെറുവെളിച്ചം പകരുന്ന മൺവിളക്കാവാൻ പറ്റുമെന്ന് കവി വീരാൻകുട്ടി പറഞ്ഞു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പിഎൻ പണിക്കർ അനുസ്മരണത്തിന്റെ ഭാഗമായി അഞ്ചരക്കണ്ടി ഹൈസ്‌കൂളിൽ സംഘടിപ്പിച്ച വായനാമാസാചരണം ജില്ലാതല ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇല്ലാതാകുമ്പോൾ മത്രം അറിയാനാവുന്ന ചെറിയ ചെറിയ കാര്യങ്ങളുണ്ട്. ചെറുതിനും വിലയുണ്ട്. ചെറുതുകളുടെ ലോകത്തേക്ക് കൂടി കണ്ണുപായിക്കാൻ പ്രേരിപ്പിക്കുന്നതാണ് പുസ്തകങ്ങൾ. മനുഷ്യനെ മാറ്റിതീർക്കാൻ പുസ്തകത്തിന് സാധിക്കും. പുസ്തകം കൈയിലെടുക്കുമ്പോഴുള്ള ലോകമല്ല, വായിച്ചുതീരുമ്പോൾ. പുസ്തകം വായിക്കുമ്പോൾ അക്ഷരം മാഞ്ഞുപോവുന്നു. വായിക്കുമ്പോൾ നാം പുതുതായി നിർമ്മിച്ചെടുത്ത പുസ്തകമാണ് വായിക്കുന്നത്-വീരാൻകുട്ടി പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ ഉദ്ഘാടനം നിർവഹിച്ചു. ജില്ലയിലെ എല്ലാ വാർഡുകളിലും ലൈബ്രറി സ്ഥാപിക്കാനുള്ള യജ്ഞം തുടങ്ങിയതായി അവർ പറഞ്ഞു. വിദ്യാർഥികൾക്ക് ഓർമ്മ ശക്തി വർധിപ്പിക്കാനുള്ള ഏറ്റവും നല്ല ഉപാധി വായനയാണെന്നും പ്രസിഡൻറ് പറഞ്ഞു.ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷനായി. വായിക്കുമ്പോൾ ഓരോ പുസ്തകവും ഓരോ കാലത്തും ഓരോ അർഥതലമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ചിന്താഗതിയോട് യോജിക്കാത്ത പുസ്തകങ്ങളും വായിക്കണമെന്നും അതിലൂടെ മനസ്സ് വിശാലകമാവുമെന്നും അദ്ദേഹം പറഞ്ഞു.അഞ്ചരക്കണ്ടി എച്ച്എസ്എസ് പ്രിൻസിപ്പൽ ഒഎം ലീന വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കാരയിൽ സുകുമാരൻ പിഎൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി ലോഹിതാക്ഷൻ, ജില്ലാ പഞ്ചായത്തംഗം ചന്ദ്രൻ കല്ലാട്ട്, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സികെ അനിൽകുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ, കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ കെ ബിന്ദു, സർവ്വശിക്ഷാ കേരള ജില്ലാ പ്രൊജക്ട് കോ ഓർഡിനേറ്റർ ഇ സി വിനോദ്, വിദ്യാരംഗം കലാസാഹിത്യ വേദി ജില്ലാ കൺവീനർ സി എം വിനയചന്ദ്രൻ, സാക്ഷരതാ മിഷൻ, ജില്ലാ കോ ഓർഡിനേറ്റർ ഷാജു ജോൺ എന്നിവർ സംസാരിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇകെ പത്മനാഭൻ സ്വാഗതവും ഹൈസ്‌കൂൾ പ്രധാനാധ്യാപിക എം സ്‌നേഹ നന്ദിയും പറഞ്ഞു. സ്‌കൂൾ വിദ്യാർഥിനി ആർ ശേഖ കവിതാലാപനം നടത്തി.വായനാ മാസാചരണത്തിന്റെ ഭാഗമായി ജൂൺ 22 ന് ജില്ലയിലെ എല്ലാ സ്‌കൂളുകളിലും കഥ, കവിതാ രചന മത്സരം നടക്കും. യു പി, ഹൈസ്‌കൂൾ തലം വിദ്യാർഥികൾക്കാണ് മത്സരം.  സമഗ്ര ശിക്ഷാ കേരള വഴിയാണ് മത്സരങ്ങൾ നടത്തുക. ബി ആർ സി തലത്തിലും ജില്ലാതലത്തിലും  വിജയികളെ തെരഞ്ഞെടുക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: