പുതിയതെരു ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കും- കെ വി സുമേഷ്

പുതിയതെരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് ചില അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി കെ വി സുമേഷ് എംഎല്‍എ. പ്രശ്‌നപരിഹാരത്തിനായുള്ള താല്‍ക്കാലിക നടപടികളും ദീര്‍ഘകാല പദ്ധതികളും ഇതുമായി ബന്ധപ്പെട്ട് എംഎല്‍എ വിളിച്ചു ചേര്‍ത്ത അടിയന്തര യോഗം ചര്‍ച്ച ചെയ്തു.
ജില്ലയിലെ പ്രധാന ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ പുതിയതെരുവിലെ ഗതാഗതക്കുരുക്കിന്റെ കാരണങ്ങള്‍ വിശദമായി വിലയിരുത്തി. പുതിയതെരു ഭാഗത്തെ റോഡിന്റെ വീതി കുറവ്, ചിതറിയോടുന്ന വാഹനങ്ങള്‍, ട്രാഫിക് നിയമ ലംഘനങ്ങള്‍, അനധികൃത പാര്‍ക്കിംഗ്, വാഹനങ്ങളുടെ പെരുപ്പം തുടങ്ങിയവയാണ് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ടത്. ജില്ലയില്‍ പ്രതിദിനം ശരാശരി 250 പുതിയ വാഹനങ്ങളാണ് നിരത്തിലിറങ്ങുന്നത്. അവ ഉള്‍ക്കൊള്ളാനുള്ള ശേഷി നമ്മുടെ റോഡുകള്‍ക്കില്ല.

അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍
പ്രശ്‌നപരിഹാരത്തിനുള്ള താല്‍ക്കാലിക നടപടിയെന്ന നിലയ്ക്ക് പാപ്പിനിശ്ശേരി ക്രിസ്ത്യന്‍ പള്ളി മുതല്‍ വളപട്ടണം വരെ സിംഗിള്‍ ലൈന്‍ ഡിവിഷന്‍ ചെയ്യാന്‍ യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പുതിയ തെരു ജംഗ്ഷനിലെ ട്രാഫിക് ഗതാഗതം സുഗമമാക്കുന്നതിന് മയ്യില്‍ ഭാഗത്തേക്കുള്ള ബസ്സ് സ്റ്റോപ്പ് നിലവിലുള്ള സ്ഥലത്ത് നിന്ന് കുറച്ചുകൂടി താഴേക്ക് മാറ്റാനും അവിടെ പഞ്ചായത്ത് ബസ്സ് ഷെല്‍ട്ടര്‍ നിര്‍മ്മിക്കാനും യോഗം തീരുമാനിച്ചു. എല്ലാ റോഡുകളിലെയും അനധികൃത പാര്‍ക്കിംഗ് പൂര്‍ണമായി ഒഴിവാക്കും. കളരിവാതുക്കല്‍ റോഡ് വണ്‍വേ ആക്കും. സ്റ്റയിലോ കോര്‍ണറില്‍ നിലവിലുള്ള സിംഗിള്‍ ലൈന്‍ ഡിവിഷന്‍ കുറച്ചുകൂടി മുന്നോട്ട് നീട്ടും. ട്രാഫിക് ലംഘനങ്ങളും അനധികൃത പാര്‍ക്കിംഗും തടയുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനുമായി കര്‍ശനമായ പോലീസിംഗ് ഏര്‍പ്പെട്ടുത്താനും യോഗം നിര്‍ദ്ദേശം നല്‍കി.

ശാശ്വത പരിഹാരത്തിന് നിര്‍ദ്ദേശങ്ങള്‍
വര്‍ഷങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം എന്ന നിലയില്‍ സിറ്റി റോഡ് ഇപ്രൂവ്‌മെന്റ് ഉള്‍പ്പെടെയുള്ള റോഡ് വീതികൂട്ടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ കെ വി സുമേഷ് എംഎല്‍എ നിര്‍ദ്ദേശം നല്‍കി. പഴയങ്ങാടി – തളിപ്പറമ്പ് റോഡുകള്‍ ചേരുന്ന ജംഗ്ഷന്റെ വീതി കൂട്ടി അവിടെ ട്രാഫിക് അയലന്റ് സ്ഥാപിക്കുന്നതിനും പുതിയതെരു ജംഗ്ഷനില്‍ ട്രാഫിക് സര്‍ക്കിള്‍ സ്ഥാപിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗതാഗതം സുഗമവും സുരക്ഷിതവുമാക്കുന്നതിനായി പ്രധാന കേന്ദ്രങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും. അതോടൊപ്പം ഹൈവേയിലേക്ക് വന്നുചേരുന്ന എല്ലാ അനുബന്ധ റോഡുകളും വികസിപ്പിക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും പൊതുമരാമത്ത്, ഗതാഗത വകുപ്പ് മന്ത്രിമാരുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടരുമെന്നും കെ വി സുമേഷ് പറഞ്ഞു.
ചിറക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കെ വി സുമേഷ് എംഎല്‍എ അധ്യക്ഷനായി. ചിറക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി, വൈസ് പ്രസിഡന്റ് അനില്‍കുമാര്‍, കണ്ണൂര്‍ അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ പി ബാലകൃഷ്ണന്‍, ആര്‍ടിഒ ഇഎസ് ഉണ്ണികൃഷ്ണന്‍, സിറ്റി റോഡ് കോ-ഓര്‍ഡിനേറ്റര്‍ ഇ ദേവേശന്‍, ദേശീയപാത വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി പ്രശാന്ത്, പിഡബ്ല്യുഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സുനില്‍ കൊയ്ലേരിയന്‍, സിറ്റി റോഡ് എപിഎം മുഹമ്മദ് സിനാന്‍, മോട്ടോര്‍ വെഹിക്ക്ള്‍ ഇന്‍സ്‌പെക്ടര്‍ പി ടി പത്മലാല്‍, ചിറക്കല്‍ പഞ്ചായത്ത് സെക്രട്ടറി ആര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: