‘അവസാന സെമസ്റ്റർ പരീക്ഷകൾ റദ്ദാക്കണം’; കണ്ണൂർ സർവ്വകലാശാലയ്ക്കു മുൻപിൽ ഇന്ന് ശവപ്പെട്ടിയേന്തി പ്രതിഷേധം

0

കണ്ണൂർ: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയും മൂന്നാം തരംഗ ഭീഷണി വരാനിരിക്കുന്നതുമായ സാഹചര്യത്തിൽ കണ്ണൂർ സർവ്വകലാശാല ജൂൺ 30 മുതൽ നടത്തുവാൻ തീരുമാനിച്ചിട്ടുള്ള എല്ലാ പരീക്ഷകളും പിൻവലിക്കണമെന്ന് വിദ്യാർത്ഥി കൂട്ടായ്മയായ കണ്ണൂർ യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് കലക്ടീവ് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ഇന്ന് കണ്ണൂർ സർവ്വകലാശാലയ്ക്കു മുൻപിലും വിവിധ കോളേജുകൾക്ക് മുൻപിലും വിദ്യാർഥികൾ പ്രതിഷേധദിനം ആചരിക്കും. സർവ്വകലാശാലയ്ക്കു മുൻപിൽ ശവപ്പെട്ടിയേന്തിയുള്ള പ്രതിഷേധമാണ് സംഘടിപ്പിച്ചിരിക്കുന്നത്. വീടുകളിൽ വിദ്യാർഥികൾ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നിരാഹാരമനുഷ്ഠിക്കും.
യു.ജി, പി.ജി അവസാന സെമസ്റ്റർ പരീക്ഷകൾ റദ്ദാക്കിക്കൊണ്ട് മുൻ സെമസ്റ്ററുകളിലെ ഫലത്തിന്റെ അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്തി ഉടൻ ഫലം പ്രഖ്യാപിക്കണമെന്നും, മറ്റു വിദ്യാർത്ഥികൾക്ക് രണ്ടു ഡോസ് വാക്സിനേഷനു ശേഷം മാത്രം പരീക്ഷകൾ ആരംഭിക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെടുന്നു. വിദേശ സർവ്വകലാശാലകളിൽ അടക്കം തുടർപഠനത്തിനുള്ള സ്‌കോളർഷിപ്പ് ലഭിച്ചിട്ടുള്ള വിദ്യാർഥികളുടെ അവസരങ്ങളാണ് സർവ്വകലാശാലയുടെ ഓഫ്‌ലൈൻ പരീക്ഷകൾ നടത്തുമെന്ന പിടിവാശിമൂലം നഷ്ടമാകുന്നതെന്ന് വിദ്യാർഥികൾ പരാതിപ്പെടുന്നു.
സംസ്ഥാനത്തെ പല പഞ്ചായത്തുകളിലും ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ വാഹന സൗകര്യം പോലും ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കാതെയാണ് ഇത്തരത്തിൽ പരീക്ഷാ പ്രഖ്യാപനവുമായി സർവ്വകലാശാല മുന്നോട്ടുപോകുന്നത്. നിരവധി വിദ്യാർത്ഥികൾക്ക് യാത്രാ ക്ലേശങ്ങൾ ഉണ്ടാകും.
കൂടാതെ, കൊവിഡ് ബാധിതരായി ചികിത്സയിലുള്ളവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും പരീക്ഷ എഴുതുവാനുള്ള സംവിധാനങ്ങൾ എങ്ങനെ ഒരുക്കുമെന്ന കാര്യത്തിലും സർവ്വകലാശാല ഇതുവരെ വ്യക്തത നൽകിയിട്ടില്ല. കഴിഞ്ഞ സെമസ്റ്ററിൽ കൊവിഡ് ബാധിതരായിരുന്നവർക്ക് പ്രത്യേകം പരീക്ഷകൾ നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടത്തിയിട്ടില്ലെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading