ക്ഷയിച്ചു തുടങ്ങി ചെറുപുഴ ആരോഗ്യക്ഷേമ ഉപകേന്ദ്രം

പരാധീനതകൾക്കു നടുവിൽ ചെറുപുഴയിലെ ആരോഗ്യക്ഷേമ ഉപകേന്ദ്രം. ജനസാന്ദ്രതയേറിയ ചെറുപുഴ ടൗണിന്റെ ഹൃദയഭാഗത്താണു തകർന്നു വീഴാവുന്ന നിലയിൽ ഉപകേന്ദ്രം സ്ഥിതി ചെയ്യുന്നത്.ജീർണാവസ്ഥയിലായ കെട്ടിടം ഏതു നിമിഷവും തകർന്നു വീഴാം. കെട്ടിടത്തിന്റെ കോൺക്രീറ്റ് ചെയ്ത ഭാഗം വിണ്ടുകീറുകയും മര ഉരുപ്പടികൾ ചിതലരിച്ചു ഓടുകൾ നിലംപതിക്കാനും തുടങ്ങി. കഴിഞ്ഞ കുറെ വർഷങ്ങളായി കെട്ടിടത്തിന്റെ സ്ഥിതി ഇങ്ങനെയാണ്. മഴക്കാലം തുടങ്ങുമ്പോൾ മേൽക്കൂരയിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി ചോർച്ച തടയുകയാണു പതിവ്. എന്നാൽ, ഈ വർഷം ഇതും ഉണ്ടായില്ല. 20 സെന്റ് സ്ഥലത്തിന്റെ നടുവിലാണ് ആരോഗ്യക്ഷേമ ഉപകേന്ദ്രം സ്ഥിതി ചെയ്യുന്നത്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്.പഴയ കെട്ടിടം പൊളിച്ചുനീക്കി പുതിയ കെട്ടിടം നിർമിച്ചു ഡോക്ടറുടെ സേവനം കൂടി ലഭ്യമാക്കിയാൽ മലയോര മേഖലയിലെ രോഗികൾക്കു അത് ഏറെ ഗുണം ചെയ്യും. ഇപ്പോൾ കിലോമീറ്ററുകൾ താണ്ടി പുളിങ്ങോത്തോ, പെരിങ്ങോത്തോ ഉള്ള സർക്കാർ ആശുപത്രികളിൽ എത്തേണ്ട ഗതികേടിലാണു നിർധന രോഗികൾ.മുൻപ് ഇവിടെ സ്ഥിരം ജീവനക്കാർ ഉണ്ടായിരുന്നു. ഇപ്പോൾ ജീവനക്കാർ വല്ലപ്പോഴുമാണു എത്തുന്നത്.ഉപകേന്ദ്രത്തിനോട് ചേർന്നുള്ള കിണറും പരിസരവും കാടുകയറി മൂടിയ നിലയിലാണ്. മുറിക്കുള്ളിൽ കസേര, മേശ, അലമാര തുടങ്ങിയ ഫർണിച്ചറുകളെല്ലാം ഇഷ്ടം പോലെയുണ്ട്. എന്നാൽ, മരണഭയം മൂലം ഇവിടെ ഇരുന്നു ജോലി ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്. ആരോഗ്യ ക്ഷേമ ഉപകേന്ദ്രത്തിനു ചുറ്റുമുള്ള പ്ലാവുകളിൽ നിന്നും ചക്കയും മരങ്ങളിൽ നിന്നും ഇലകളും വീണു ഇവിടം ഒരു കൊതുകുവളർത്തൽ കേന്ദ്രമായി മാറിയിരിക്കുകയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: