കണ്ണൂരിൽ കെ ഫോൺ വീടുകളിലേക്കെത്തുന്നു

0

കണ്ണൂർ : ഒരു മണ്ഡലത്തിലെ 500 ബിപിഎൽ കുടുംബങ്ങൾക്ക്‌ കെ ഫോൺ വഴിയുള്ള ഇന്റർനെറ്റ്‌ കണക്‌ഷൻ നൽകാനാണ്‌ സർക്കാർ തീരുമാനം. ജില്ലയിൽ ആദ്യഘട്ടത്തിൽ ഓരോ മണ്ഡലത്തിലും നൂറ്‌ വീടുകളിൽ കണക്‌ഷനെത്തിക്കുന്നതിനാണ്‌ ലക്ഷ്യമിടുന്നത്‌. 2500 സർക്കാർ സ്ഥാപനങ്ങളിൽ കെ ഫോൺ വഴിയുള്ള ഇന്റർനെറ്റ്‌ കണക്‌ഷൻ എത്തിയതിനുപിന്നാലെയാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ സ്വപ്‌നപദ്ധതിയായ കെ ഫോണും വീടുകളുടെയും പടി കയറുന്നത്‌. ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത്‌ ആരംഭിച്ച കെ ഫോൺ പ്രവൃത്തികൾ ദ്രുതഗതിയിലാണ്‌ പുരോഗമിക്കുന്നത്‌. ജില്ലയിൽ 2500 സർക്കാർ സ്ഥാപനങ്ങളിൽ കെ ഫോൺ വഴി ഇന്റർനെറ്റ്‌ എത്തിക്കഴിഞ്ഞു. 300 സ്ഥാപനങ്ങളിൽ ഈ മാസം പകുതിയോടെ കണക്‌ഷനെത്തും. ഇന്റർനെറ്റ്‌ അവകാശമായി പ്രഖ്യാപിച്ചതിനുപിന്നാലെയാണ്‌ ഓരോ മണ്ഡലത്തിലെയും 500 ബിപിഎൽ കുടുംബങ്ങൾക്ക്‌ സൗജന്യമായി കെ ഫോൺ വഴി ഇന്റർനെറ്റ്‌ ലഭ്യത ഉറപ്പാക്കാൻ തീരുമാനിച്ചത്‌. ആദ്യഘട്ടമെന്ന നിലയിൽ ഓരോ മണ്ഡലത്തിലെയും 100 വീടുകളെ കണ്ടെത്തി കണക്‌ഷൻ നൽകാൻ നിർദേശിച്ചത്‌. തദ്ദേശ സ്ഥാപനങ്ങളാണ്‌ കുടുംബങ്ങളെ കണ്ടെത്തുക. സെക്കൻഡിൽ 15 എംബിവരെ വേഗത്തിൽ ദിവസം ഒന്നര ജിബി ഡാറ്റ സൗജന്യമായി ഉപയോഗിക്കാം. വീടുകളിലേക്ക്‌ സൗജന്യമായും മറ്റുള്ളവർക്ക്‌ മിതമായ നിരക്കിലുമാണ്‌ ഇന്റർനെറ്റ്‌ ലഭ്യമാവുക. സ്‌കൂളുകൾ, സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, അക്ഷയകേന്ദ്രങ്ങൾ, പൊലീസ്‌ സ്‌റ്റേഷനുകൾ തുടങ്ങി പൊതുസംവിധാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെല്ലാം കെ ഫോൺ എത്തിക്കഴിഞ്ഞു. ദേശീയപാത വീതികൂട്ടലടക്കമുള്ള സാങ്കേതിക തടസ്സങ്ങളാൽ 300 കിലോമീറ്ററിൽ കേബിളിടൽ പൂർത്തിയാകാത്തതിനാലാണ്‌ ബാക്കി സ്ഥാപനങ്ങളിൽ കണക്‌ഷൻ നൽകാൻ കഴിയാത്തത്‌. ഇവയും മെയ്‌ അവസാനത്തോടെ പൂർത്തിയാക്കും. 31 സ‌ബ്‌ സ്‌റ്റേഷനുകളാണുണ്ടാവുക. മുണ്ടയാടാണ്‌ മെയിൻ ഹബ്‌. 13 സ്‌റ്റേഷനുകൾ പ്രവർത്തന സജ്ജമായി. 14 എണ്ണം ഈമാസം അവസാനത്തോടെ സജ്ജമാകും. നാല്‌ സബ്‌ സ്‌റ്റേഷനുകളുടെ നിർമാണം അടുത്തമാസം ആരംഭിക്കും. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന ഒരു ലക്ഷത്തിലധികം വീടുകളിലേക്കാണ്‌ സൗജന്യമായി ഇന്റർനെറ്റ്‌ എത്തിക്കുക. കെഎസ്ഇബിയും കെഎസ്ഐടിഐഎല്ലും ചേർന്നുള്ള സംയുക്ത സംരംഭമായ കെ ഫോൺ ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ബെല്ലും എസ്‌ആർഐടിയും ചേർന്ന കൺസോർഷ്യമാണ്‌ നിർവഹണ ഏജൻസി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading