കൊട്ടിയൂരില്‍ നീരെഴുന്നള്ളത്ത് നടന്നു

 

കൊട്ടിയൂര്‍: ദക്ഷിണ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂര്‍ പെരുമാള്‍ ക്ഷേത്രത്തിലെ വൈശാഖ മഹോത്സവത്തിന് മുന്നോടിയായുള്ള നീരെഴുന്നള്ളത്ത് നടന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലവും മാസ്‌കും ധരിച്ചാണ് ചടങ്ങ് നടത്തിയത്. ക്ഷേത്രത്തിലെ അടിയന്തര ചടങ്ങുകള്‍ മാത്രം നടത്താനുള്ള കലക്ടറുടെ അനുമതിയോടെയാണ് നീരെഴുന്നള്ളത്ത് ചടങ്ങ് നടത്തിയത്. ഒറ്റപ്പിലാന്‍ കുറിച്യ സ്ഥാനികന്റെ നേതൃത്വത്തില്‍ ഇക്കരെ ക്ഷേത്ര നടയില്‍ രാവിലെ തണ്ണീര്‍കുടി ചടങ്ങ് നടന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ നിന്ന് പടിഞ്ഞീറ്റ ശ്രീറാം നമ്പൂതിരിയുടെയും സമുദായി ഭട്ടതിരിപ്പാടിന്റെയും നേതൃത്വത്തില്‍ പുറപ്പെട്ട അഞ്ചംഗ സംഘം ബാവലിതീരത്തെ കാട്ടുവഴികളിലൂടെ മന്ദംചേരി കൂവപ്പാടത്തെത്തി. കൂവയില പറിച്ചെടുത്ത സംഘത്തെ ഒറ്റപ്പിലാന്‍, പുറംകലയന്‍, ജന്മാശാരി എന്നിവര്‍ ബാവലിപ്പുഴയില്‍ കാത്തുനിന്നിരുന്നു. തുടര്‍ന്ന് സംഘം ബാവലിയില്‍ കുളിച്ച് അക്കരെ കൊട്ടിയൂരിലേക്ക് നടന്നു. മണിത്തറയില്‍ സ്വയംഭൂവില്‍ ഒറ്റപ്പിലാന്റെ നേതൃത്വത്തിലുള്ള ആദ്യ സംഘം അഭിഷേകം നടത്തി. തുടര്‍ന്ന് പടിഞ്ഞീറ്റയുടെ നേതൃത്വത്തിലുള്ള സംഘവും അഭിഷേകം നടത്തി. തിടപ്പള്ളി അടുപ്പില്‍ നിന്ന് ശരീരത്തില്‍ ഭസ്മം പൂശി പടിഞ്ഞാറേ നടവഴി സംഘം ഇക്കരെ കടന്നു. വ്യാഴാഴ്ച അര്‍ധരാത്രി ആയില്യാര്‍ക്കാവില്‍ ഗൂഢപൂജകളും അപ്പട നിവേദ്യവും നടക്കും. വെള്ളിയാഴ്ച രാവിലെ കണക്കപ്പിള്ള, നമ്പീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ അമ്പലവാസി സംഘം അക്കരെ പ്രവേശിച്ച് മണിത്തറയിലെയും അമ്മാറക്കലിലെയും കാടു നീക്കി വൃത്തിയാക്കും. ഒറ്റപ്പിലാന്റെ നേതൃത്വത്തില്‍ ബാവലിക്കെട്ട് നടത്തും. തിടപ്പള്ളി ഓടയിലകൊണ്ട് കെട്ടിപ്പുതയ്ക്കും. കൂത്തുപറമ്പ് കോട്ടയം തിരൂര്‍കുന്ന് ഗണപതി ക്ഷേത്രത്തില്‍ നിന്നുള്ള വിളക്കുതിരി വെള്ളിയാഴ്ച രാവിലെ ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിലെത്തിക്കും. മെയ് 24നാണ് മുതിരേരി വാള്‍ വരവും നെയ്യാട്ടവും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: