കോവിഡ് വ്യാപനം 3 ലക്ഷത്തോട് അടുക്കുന്നു; ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് 2,95,041; 2,023 മരണവും

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തോട് അടുക്കുകയാണ് . ബുധനാഴ്ച രാവിലെയവസാനിച്ച 24 മണിക്കൂറിനിടെ രാജ്യത്ത് 2,95,041 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

തുടർച്ചയായി ഏഴാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. 2,023 പേർക്കാണ് 24 മണിക്കൂറിനിടെ കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,82,553 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,457 പേർ കോവിഡ് മുക്തരായി. ഇതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 1,32,76,039 ആയി. 21,57,538 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,56,16,130 ആണ്. ഇതുവരെ രാജ്യത്ത് 13,01,19,310 പേർ കോവിഡ് വാക്സിൻ സ്വീകരിച്ചു.

രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇവിടെ ചൊവ്വാഴ്ച മാത്രം 62,097 കേസുകൾ റിപ്പോർട്ട് ചെയ്തു. 39.6 ലക്ഷമാണ് സംസ്ഥാനത്തെ മൊത്തം കോവിഡ് കേസുകൾ.മഹാരാഷ്ട്ര കഴിഞ്ഞാൽ ഡൽഹി, കേരളം,തമിഴ്നാട്, കർണാടക, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. ഡൽഹിയിൽ ചൊവ്വാഴ്ച 28,395 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

രോഗവ്യാപനം കണക്കിലെടുത്ത് വിവിധ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചു. കേരളത്തിൽ ഇന്നുമുതൽ രാത്രികാല കർഫ്യൂ നിലവിൽ വന്നു. മഹാരാഷ്ട്രയിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ നാലുമണിക്കൂർ മാത്രമേ തുറക്കാവൂ എന്ന് സർക്കാർ നിർദേശിച്ചു. മേയ് ഒന്നുവരെയാണ് നിയന്ത്രണം. പുതുച്ചേരിയിലും രാത്രികാല കർഫ്യൂ നിലവിൽവന്നു. ചൊവ്വാഴ്ച രാത്രി 10 മുതൽ പുലർച്ചെ അഞ്ചുവരെയാണ് കർഫ്യൂ. തെലങ്കാനയിലും ഏപ്രിൽ മുപ്പതുവരെ രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: