ഇന്നത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ പൂർണ രൂപം

സംസ്ഥാനത്ത് ഇന്ന് നെഗറ്റീവ് കേസുകളേക്കാള്‍ പോസിറ്റീവ് കേസുകളാണ്. 19 പേര്‍ക്കാണ് കോവിഡ് 19 രോഗബാധ ഇന്ന് സ്ഥിരീകരിച്ചിട്ടുള്ളത്.

കണ്ണൂര്‍ 10, പാലക്കാട് 4, കാസര്‍കോട് 3, മലപ്പുറം, കൊല്ലം ഒന്നുവീതം എന്നിങ്ങനെയാണ് ഇന്ന് ഫലം പോസിറ്റീവായത്. കണ്ണൂര്‍ ജില്ലയില്‍ 9 പേര്‍ വിദേശത്തുനിന്നുള്ളവര്‍ക്കാണ് രോഗബാധ. ഒരാള്‍ക്ക് സമ്പര്‍ക്കംമൂലം. ഇന്ന് കണ്ട മറ്റൊരു പ്രത്യേകത പാലക്കാട്, മലപ്പുറം, കൊല്ലം ജില്ലകളില്‍ രോഗബാധയുണ്ടായ ഓരോരുത്തര്‍ തമിഴ്നാട്ടില്‍ നിന്ന് വന്നവരാണ് എന്നതാണ്. ഇത് അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കേണ്ടതിന്‍റെ ആവശ്യകതയാണ് വ്യക്തമാക്കുന്നത്. കാസര്‍കോട് പോസിറ്റീവായ മൂന്നുപേരും വിദേശത്തുനിന്ന് വന്നവരാണ്.

ഇന്ന് 16 പേര്‍ക്ക് പരിശോധനാ ഫലം നെഗറ്റീവായി (കണ്ണൂര്‍ 7, കാസര്‍കോട് 4, കോഴിക്കോട് 4, തിരുവനന്തപുരം 1). ഇതുവരെ 426 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 117 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.

സംസ്ഥാനത്ത് 36,667 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 36,335 പേര്‍ വീടുകളിലും 332 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 102 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 20,252 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 19,442 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

ഇപ്പോള്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ളത് കണ്ണൂര്‍ ജില്ലയിലാണ്. ഇതുവരെ 104 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു വീട്ടിലെ 10 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗബാധയുണ്ടായി എന്നതടക്കമുള്ള പ്രശ്നങ്ങള്‍ വന്നപ്പോഴാണ് ജില്ലയില്‍ വലിയ തോതില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്. രോഗ ലക്ഷണമില്ലെങ്കിലും നാട്ടിലേക്ക് വന്ന പ്രവാസികളെയും അവരുടെ ഹൈ റിസ്ക്ക് കോണ്‍ടാക്ടിലുള്ള മുഴുവന്‍ പേരുടെയും സാമ്പിള്‍ പരിശോധിക്കാനാണ് നടപടിയെടുത്തത്. ഇപ്പോള്‍ 53 പേരാണ് കണ്ണൂര്‍ ജില്ലയില്‍ മാത്രം വൈറസ് ബാധയേറ്റ് ചികിത്സയിലുള്ളത്.

പോസിറ്റീവ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധനയും ഏര്‍പ്പെടുത്തി. ജില്ലയില്‍ റോഡിലിറങ്ങുന്ന എല്ലാ വാഹനവും ഒരു പൊലീസ് പരിശോധനക്കെങ്കിലും വിധേയമാകുന്നുമെന്ന് ഉറപ്പിക്കുന്നുണ്ട്.

ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച തദ്ദേശസ്ഥാപന പരിധിയിലെ പ്രദേശങ്ങള്‍ പൂര്‍ണമായി സീല്‍ ചെയ്തു. പൊലീസ് അനുവദിക്കുന്ന ചുരുക്കം മെഡിക്കല്‍ഷോപ്പ് മാത്രമേ തുറക്കാവൂ. അവശ്യ വസ്തുക്കള്‍ ഹോം ഡെലിവെറിയായി എത്തിക്കാന്‍ ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപന പരിധിയിലും കോള്‍സെന്‍ററുകള്‍ നിലവിലുണ്ട്.

മറ്റ് ജില്ലകളില്‍ പ്രഖ്യാപിച്ച ഇളവുകള്‍ കണ്ണൂരിനും ബാധകമാണെന്ന് ധരിച്ച് കുറേപ്പേര്‍ ഇന്ന് റോഡില്‍ ഇറങ്ങുന്ന അവസ്ഥ ഉണ്ടായി. കണ്ണൂര്‍ ഇപ്പോഴും റെഡ് സോണില്‍ ആണെന്നും പൂര്‍ണ ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെയാണെന്നും മനസ്സിലാക്കി ജനങ്ങള്‍ പുറത്തിറങ്ങാതെ സഹകരിക്കണം എന്നാണ് ജില്ലയിലെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കാനുള്ളത്.

രോഗവ്യാപനം പ്രവചനങ്ങള്‍ക്ക് അതീതമാണ് എന്ന് നാം കണ്ടിട്ടുണ്ട്. പലപ്പോഴും വിചിത്രമായ അനുഭവങ്ങളുമുണ്ടാകുന്നു. പത്തനംതിട്ട ജില്ലയിലെ ആദ്യ കൊവിഡ് 19 ക്ലസ്റ്ററില്‍ ഉള്‍പ്പെട്ട 62 വയസുകാരി ഇപ്പോഴും പോസ്റ്റീവായി തുടരുകയാണ് എന്ന അവസ്ഥ നമ്മുടെ മുന്നിലുണ്ട്. മാര്‍ച്ച് എട്ടിനാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

10ന് എടുത്ത സാമ്പിള്‍ 13ന് പോസ്റ്റീവായി വന്നു. പിന്നീട് ഒന്നിടവിട്ട ദിവസങ്ങളില്‍ സാമ്പിളുകള്‍ അയച്ചെങ്കിലും ഏപ്രില്‍ 2ന് വന്ന റിസള്‍ട്ട് മാത്രമാണ് നെഗറ്റീവായി വന്നത്. ഇതുവരെ 21 സാമ്പിളുകളാണ് അയച്ചത്. 36 ദിവസമായി രോഗി പോസ്റ്റീവായി തുടരുകയാണ്. കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്ത ഇവര്‍ കഴിഞ്ഞ 45 ദിവസങ്ങളായി കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഐസൊലേഷന്‍ മുറിയില്‍ കഴിയുകയാണ്.

ഇതൊക്കെ മുന്നിലുള്ള യാഥാര്‍ത്ഥ്യങ്ങളാണ്. പ്രതിസന്ധി മറികടക്കുന്നത് എളുപ്പ ജോലിയല്ല എന്ന് തെളിയിക്കുന്ന വസ്തുതകളുമാണ് ഇതെല്ലാം. അതുകൊണ്ടാണ് ഒരു തരത്തിലുള്ള ജാഗ്രതക്കുറവും ഉണ്ടാകരുത് എന്ന് വീണ്ടും വീണ്ടും ഓര്‍മിപ്പിക്കേണ്ടിവരുന്നത്.

അടിയന്തര സാഹചര്യമുണ്ടായാല്‍ ഉപയോഗിക്കാന്‍ പൊതുമരാമത്ത് വകുപ്പ് 2,26,969 ബെഡുകള്‍ ഒരുക്കിയിട്ടുണ്ട്. അതില്‍ 1,40,688 എണ്ണം നിലവില്‍ ഉപയോഗയോഗ്യമാണ്.

സംസ്ഥാനത്തെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ എല്‍ടി/എച്ച്ടി/ഇഎച്ച്ടി വൈദ്യുതി കണക്ഷനുകളുടെ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ ഫിക്സഡ് ചാര്‍ജ് ആറുമാസത്തേയ്ക്ക് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചു. കോവിഡ് പശ്ചാത്തലത്തിലുണ്ടായ ഉപഭോഗത്തിലെ കുറവ് പരിഗണിച്ച് കേന്ദ്ര വൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിയ്ക്ക് ഫിക്സ്ഡ് ചാര്‍ജ് ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഇക്കാര്യത്തിലുള്ള തീരുമാനങ്ങള്‍ കൂടി പരിഗണിച്ച് സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കളുടെ ഫിക്സഡ് ചാര്‍ജ് ഒഴിവാക്കുന്ന കാര്യം പിന്നീട് അലോചിക്കും. കോവിഡ് പശ്ചാത്തലത്തില്‍ വൈദ്യുതി ചാര്‍ജ് കുടിശ്ശികയ്ക്ക് നിശ്ചയിച്ചിട്ടുള്ള സര്‍ച്ചാര്‍ജ് 18ല്‍നിന്ന് 12 ശതമാനമാക്കുന്ന കാര്യം വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍റെ ശ്രദ്ധയില്‍പ്പെടുത്തും.

സംസ്ഥാനത്ത് ഇപ്പോള്‍ ആകെ 21,170 പോലീസുകാര്‍ ഡ്യൂട്ടിയിലുണ്ട്.സ്തുത്യര്‍ഹമായ സേവനമാണ് ഈ ഘട്ടത്തില്‍ പോലീസ് നടത്തിയിട്ടുള്ളത്. അതുപോലെ തന്നെ ഫയര്‍ ആന്‍റ് റെസ്ക്യു സര്‍വീസ് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.  

രോഗവ്യാപനം തടയുന്നതിനായി വിവിധ ചികിത്സാ ശാസ്ത്രങ്ങളുടെ സേവനം ഉപയോഗപ്പെടുത്തുന്നതിന്‍റെ ഭാഗമായി രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനായുള്ള മരുന്ന് നല്‍കുവാന്‍ ഹോമിയോപ്പതി വകുപ്പിന് അനുമതി നല്‍കി.

മലയോരമേഖലകളില്‍ കാട്ടാനകള്‍ കൃഷി നശിപ്പിക്കുന്നതായി വാര്‍ത്തകളുണ്ട്. വേനല്‍ കടുത്തതോടെ വനത്തില്‍ തീറ്റയും വെള്ളവും ലഭിക്കാത്തതിനാലാണ് വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത്. വനംവകുപ്പ് ഇക്കാര്യത്തില്‍ ഇടപെടണമെന്ന് നേരത്തേ നിര്‍ദേശിച്ചിട്ടുള്ളതാണ്. അക്കാര്യത്തില്‍ നടപടികള്‍ ശക്തിപ്പെടുത്തണം.

ഇടുക്കിയില്‍ ശീതകാല പച്ചക്കറി സംഭരണം പ്രതിസന്ധിയിലാണ്. കുറഞ്ഞ വിലയ്ക്ക് വിളകള്‍ വില്‍ക്കേണ്ട സാഹചര്യം ഉണ്ടാകരുത്. ഇക്കാര്യം ജില്ലാ ഭരണസംവിധാനം പ്രത്യേകമായി പരിശോധിച്ച് നടപടിയെടുക്കണം.

റേഷന്‍ വിതരണ രംഗത്ത് നിശ്ചയിച്ച രീതിയില്‍ ലക്ഷ്യം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് ആകെയുള്ള 87.29 ലക്ഷം റേഷന്‍ കാര്‍ഡുകളില്‍പെട്ട 84.45 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം സൗജന്യ റേഷന്‍ വിതരണം നടത്തി. ഇത് ആകെ കാര്‍ഡുകളുടെ 96.66 ശതമാനമാണ്. ഇന്നേവരെ 14,0272 മെട്രിക് ടണ്‍ അരിയും 15,007 മെട്രിക് ടണ്‍ ഗോതമ്പുമാണ് വിതരണം ചെയ്തത്. മെയ് മാസത്തെ വിതരണത്തിനുള്ള അരിയും ഗോതമ്പും റേഷന്‍ കടകളിലേയ്ക്ക് വിതരണത്തിന് തയ്യാറായിട്ടുണ്ട്.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതിപ്രകാരം സംസ്ഥാനത്തെ അന്ത്യോദയ അന്നയോജന-മുന്‍ഗണനാ വിഭാഗം (മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകള്‍ക്ക്) കുടുംബങ്ങള്‍ക്കുള്ള സൗജന്യ റേഷന്‍ വിതരണം ഇന്നലെ ആരംഭിച്ചു. ഇത് ഏപ്രില്‍ 26ന് പൂര്‍ത്തീകരിക്കും. 27 മുതല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പലവ്യഞ്ജന കിറ്റ് പിങ്ക് കാര്‍ഡുകാര്‍ക്ക് വിതരണം ചെയ്യും. അന്ത്യോദയ കുടുംബങ്ങളില്‍ പെട്ട 5,74,768 മഞ്ഞ കാര്‍ഡുകള്‍ക്കുള്ള വിതരണം നടന്നുകഴിഞ്ഞു. 31 ലക്ഷത്തോളം വരുന്ന കുടുംബങ്ങള്‍ക്കാണ് പിങ്ക് കാര്‍ഡുള്ളത്. അതിന്‍റെ വിതരണത്തിനുശേഷം ബാക്കി കുടുംബങ്ങള്‍ക്കുള്ള കിറ്റുകളും വിതരണം ചെയ്യും.

തിരക്കൊഴിവാക്കുവാന്‍ ചില ക്രമീകരണങ്ങള്‍ റേഷന്‍ കടകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 22 മുതല്‍ 26 വരെ തീയതികളില്‍ യഥാക്രമം 22-ന് 1-2, 23-ന് 3-4, 24-ന് 5-6, 25-ന് 7-8, 26-ന് 9-0 ഈ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുടമകളാണ് റേഷന്‍ വാങ്ങാന്‍ എത്തേണ്ടത്.

കിറ്റുകളുടെ കാര്യത്തിലും ഏപ്രില്‍ 27 മുതല്‍ ക്രമീകരണം വരുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 1238 ഇടങ്ങളില്‍ കമ്യൂണിറ്റി ഹാളുകളോ, ഓഡിറ്റോറിയങ്ങളോ, സ്കൂളുകളോ പാക്കിങ് കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചുവരികയാണ്. സപ്ലൈകോയിലെ 4000 പാക്കിംഗ് തൊഴിലാളികളെ കൂടാതെ 13,000ഓളം വരുന്ന സന്നദ്ധ പ്രവര്‍ത്തകരും കുടുംബശ്രീ പ്രവര്‍ത്തകരും കിറ്റുകളുടെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.  

ലോക്ക് ഡൗണ്‍മൂലം സ്വന്തം പേരുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റേഷന്‍ കടകളില്‍ പോകുന്നതിന് കഴിയാത്തവര്‍ക്ക്  തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജനപ്രതിനിധികളുടെ സാക്ഷ്യപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തെ റേഷന്‍ കടയില്‍ നിന്നും കിറ്റുകള്‍ വാങ്ങാം.

ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളില്‍ കിറ്റുകള്‍ വീടുകളില്‍ എത്തിച്ചുകൊടുക്കാന്‍ രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകരുടെ സഹായം തേടാവുന്നതാണ്. അതിഥി തൊഴിലാളികള്‍ക്ക് ഇതുവരെ വിതരണം ചെയ്തത് 742 മെട്രിക് ടണ്‍ അരിയും 2.34 ലക്ഷം കിലോഗ്രാം ആട്ടയുമാണ്.

റേഷന്‍ കാര്‍ഡില്ലാത്ത 25,906 കുടുംബങ്ങള്‍ക്ക് സൗജന്യമായി 316 മെട്രിക് ടണ്‍ അരി വിതരണം നടത്തി.

കമ്യൂണിറ്റി കിച്ചണുകളിലേയ്ക്ക് 105 മെട്രിക് ടണ്‍ അരിയും ധര്‍മ്മ സ്ഥാപനങ്ങള്‍ക്ക് 68.46 മെട്രിക് ടണ്‍ അരിയും ഭക്ഷ്യ പൊതുവിതരണ വകുപ്പ് വിതരണം ചെയ്തിട്ടുണ്ട്.

ലോക്ക് ഡൗണ്‍ കാലത്ത് രാവും പകലും വ്യത്യാസമില്ലാതെ ജോലിയില്‍ വ്യാപൃതരായ സിവില്‍ സപ്ലൈസ് വകുപ്പിലെയും സപ്ലൈകോ-യിലെയും ജീവനക്കാര്‍, റേഷന്‍ വ്യാപാരികള്‍, പ്രതിഫലേച്ഛ കൂടാതെ പ്രവര്‍ത്തനത്തിന് തയ്യാറായിട്ടുള്ള യുവജനങ്ങള്‍ ഉള്‍പ്പെടുന്ന സന്നദ്ധ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കയറ്റിറക്ക് തൊഴിലാളികള്‍, ലോറി ഉടമകള്‍, ജീവനക്കാര്‍ എന്നിവരുടെ ഇപ്പോഴത്തെ സേവനം വിലപ്പെട്ടതാണ്. അവരെ അഭിനന്ദിക്കുന്നു.

റമദാന്‍ ക്രമീകരണം
വീഡിയോ കോണ്‍ഫറന്‍സ്

ലോകം വിശുദ്ധ റമദാന്‍ മാസത്തിലേക്ക് കടക്കുകയാണ്. ആത്മസംസ്കരണത്തിന്‍റെ വേളയായാണ് മുസ്ലിങ്ങള്‍ ഇതിനെ കാണുന്നത്. വ്രതാനുഷ്ഠാനുങ്ങളുടെയും ദാനധര്‍മ്മാദികളുടെയും കാലം. റമദാന്‍ കാലത്ത് പള്ളികളില്‍ നടക്കുന്ന നമസ്കാരങ്ങള്‍ക്കും ജുമുഅക്കും വലിയ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നു. അതുകൊണ്ടു തന്നെ വിശ്വാസികള്‍ വലിയ തോതില്‍ പള്ളികളിലേക്ക് എത്തുന്ന കാലമാണിത്. എന്നാല്‍, രോഗവ്യാപനത്തിന്‍റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാ ആരാധനാലയങ്ങളിലും നിലവിലുള്ള സ്ഥിതി തുടരാന്‍ മുസ്ലിം സംഘടനാനേതാക്കളുമായും മതപണ്ഡിതന്‍മാരുമായും വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ആശയവിനിമയത്തില്‍ ധാരണയായിട്ടുണ്ട്.

റമദാന്‍ മാസത്തിലെ ഇഫ്താര്‍, ജുമുഅ, തറാവീഹ് നമസ്കാരം, അഞ്ച് നേരത്തെ ജമാ അത്ത്, കഞ്ഞിവിതരണം പോലുള്ള ദാനധര്‍മ്മാദി പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം വേണ്ടെന്നു വെക്കുന്നതാണ് ഇന്നത്തെ സാഹചര്യത്തില്‍ നല്ലതെന്ന് മതപണ്ഡിതന്‍മാര്‍ തന്നെ അഭിപ്രായപ്പെടുകയുണ്ടായി. ഇസ്ലാമിന്‍റെ ഏറ്റവും വലിയ പുണ്യകേന്ദ്രങ്ങളായ മക്കയിലും മദീനയിലും വരെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മതനേതാക്കള്‍ തന്നെ ചൂണ്ടിക്കാണിച്ചു. കോവിഡ്-19 നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുമെന്ന് അവര്‍ ഉറപ്പുനല്‍കി.

സാഹചര്യത്തിന്‍റെ ഗൗരവം ഉള്‍ക്കൊണ്ട് ശരിയായ നിലപാടെടുത്ത മതനേതാക്കളോട് സര്‍ക്കാരിന്‍റെ നന്ദി അറിയിക്കുന്നു. സമൂഹത്തിന്‍റെ ആവശ്യം അറിഞ്ഞ് പ്രവര്‍ത്തിക്കാനും പ്രതികരിക്കാനും കഴിവുള്ള നേതൃനിരയാണ് മത-സാമുദായിക സംഘടനകള്‍ക്കുള്ളത് എന്നത് സന്തോഷകരമാണ്. സമൂഹഭാവി കണക്കിലെടുത്ത് എല്ലാവിധ കൂടിച്ചേരലുകളും കൂട്ടപ്രാര്‍ത്ഥനകളും മാറ്റിവെക്കാന്‍ ഏകകണ്ഠമായി നിലപാടെടുത്ത നേതാക്കളെ ഒരിക്കല്‍കൂടി അഭിനന്ദിക്കുന്നു. മഹാമാരി നേരിടുന്ന ഘട്ടത്തിലെ ഏറ്റവും ഔചിത്യപൂര്‍ണമായ നിലപാടാണ് ഇത്.

വ്രതകാലത്തെ ദാനധര്‍മ്മാദികള്‍ക്ക് വലിയ മഹത്വമാണ് ഇസ്ലാം കല്‍പ്പിക്കുന്നതെന്ന് നേരത്തെ പറഞ്ഞുവല്ലോ. രോഗപീഡയില്‍ വിഷമിക്കുന്നവരുടെ സൗഖ്യത്തിനുതകുന്ന വിധത്തിലാവട്ടെ ഈ റമദാന്‍ കാലത്തെ പ്രവര്‍ത്തനങ്ങള്‍. പാവപ്പെട്ടവരെ സഹായിക്കാന്‍ ഭക്ഷണസാധനങ്ങളുടെ കിറ്റ് വിതരണം ചെയ്യുന്നത് റമദാന്‍ കാലത്തെ പതിവാണ്. ഇത്തവണ ഈ കിറ്റ് അര്‍ഹരായവരുടെ വീടുകളില്‍ എത്തിക്കുന്നത് വലിയ പുണ്യപ്രവൃര്‍ത്തിയായിരിക്കും.

മനുഷ്യരാശി അതിന്‍റെ ചരിത്രത്തില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ് 19. ജീവന്‍റെ നിലനില്‍പ്പിന് ഭീഷണിയാവുന്ന രോഗം വ്യാപിക്കാതിരിക്കാന്‍ ചില സന്തോഷങ്ങള്‍ നാം ത്യജിക്കേണ്ടതുണ്ട്. ആ ത്യാഗം റമദാന്‍ സങ്കല്‍പപ്രകാരമുള്ളതുതന്നെയാണന്ന് സൂചിപ്പിക്കട്ടെ. ത്യാഗത്തിന് ഇങ്ങനെ ഒരു അര്‍ത്ഥംകൂടിയുണ്ടെന്ന സന്ദേശം വിശ്വാസി സമൂഹത്തിനിടയില്‍ പടര്‍ത്താന്‍ മതനേതാക്കളുടെ നേതൃത്വപരമായ ഇടപെടല്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.

എല്ലാ മതങ്ങളുടെയും ലക്ഷ്യം മനുഷ്യനന്മയാണ്. ജീവന്‍ നിലനിര്‍ത്താനുള്ള പ്രവര്‍ത്തനത്തില്‍ കവിഞ്ഞ മറ്റൊരു മനുഷ്യനډയില്ല. രോഗവ്യാപനം തടയുക എന്നതാണ് നമ്മുടെ പരമപ്രധാനമായ കര്‍ത്തവ്യം. ഇതിനനുസൃതമായി മറ്റെല്ലാ കാര്യങ്ങളും മുന്നോട്ടുകൊണ്ടുപോകണം. പൊതുസ്ഥലങ്ങളിലെ കൂട്ടായ്മ ഒഴിവാക്കിയും നൂതന സാങ്കേതിക വിദ്യ കഴിയുന്നത്ര ഉപയോഗിച്ചും വിശ്വാസപ്രകാരമുള്ള ചടങ്ങുകള്‍ എങ്ങനെ നടത്താമെന്ന് ആലോചിക്കേണ്ടതാണ്.

വീഡിയോ കോണ്‍ഫറന്‍സില്‍ പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍,  കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, ടി പി അബ്ദുള്ളക്കോയ മദനി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, എം ഐ അബ്ദുള്‍ അസീസ്, ഡോ. ഇ കെ അഹമ്മദ്കുട്ടി, ഇ കെ അഷറഫ്, കമറുള്ള ഹാജി, അഡ്വ. എം താജുദ്ദീന്‍, ആരിഫ് ഹാജി, ഡോ ഫസല്‍ ഗഫൂര്‍, സി.പി. കുഞ്ഞുമുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളില്‍ നിന്നാണ് ഇവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. ന്യൂനപക്ഷ ക്ഷേമമന്ത്രി കെ ടി ജലീലും പങ്കെടുത്തു.

കാര്‍ഷികമേഖല

നാം കടന്നുപോകുന്നത് വളരെ വിഷമം പിടിച്ച നാളുകളിലൂടെയാണ്.  ഈ വിഷമമാണ് എല്ലാ ദിവസവും ബഹുജനങ്ങളുമായി പങ്കുവെക്കാന്‍ ശ്രമിക്കുന്നത്. നമ്മുടെ നാട് മാത്രമല്ല, രാജ്യമായാലും ലോകമായാലും ഈ മഹാമാരിയുടെ പിടിയിലകപ്പെട്ടാണ് നില്‍ക്കുന്നത്. വലിയ തോതിലുള്ള ആപത്ത് ഇതിനകം തന്നെ വന്നു കഴിഞ്ഞു. ഇനി ഏതെല്ലാം തരത്തിലുള്ള ആപത്താണ് വരാനിരിക്കുന്നതെന്ന് കണ്ടറിയേണ്ടതുണ്ട്. ഇത് ഒട്ടെറെ മനുഷ്യജീവന്‍ കവരുന്നു. സാമൂഹ്യജീവിതം നിശ്ചലമായിരിക്കുന്നു. നാടും രാജ്യവും ലോകവും സ്തംഭിച്ചിരിക്കുന്നു. നാടിന്‍റെ, രാജ്യത്തിന്‍റ, ലോകത്തിന്‍റെ വിവിധ മേഖലകള്‍ സ്തംഭിച്ചിരിക്കുന്നു. ഇതുണ്ടാക്കുന്ന പ്രത്യാഘാതം വരും നാളുകളില്‍ വലുതായിരിക്കും. ഏതെങ്കിലും ഒരു ഭാഗത്ത് ഒരു പ്രശ്നമുണ്ടായാല്‍ മറ്റ് ചില ഭാഗങ്ങള്‍ വെച്ചുകൊണ്ട് അത് മറികടക്കാന്‍ നമുക്ക് ശ്രമിക്കാം. ഇവിടെയുള്ള പ്രത്യേകത, ഈ മഹാമാരി എല്ലായിടങ്ങളെയും ബാധിച്ചിരിക്കുന്നു എന്നതാണ്. അതിന്‍റെ ഭാഗമായി വിവിധ മേഖലകള്‍ വലിയതോതിലുള്ള തിരിച്ചടി നേരിടുകയാണ്. അതിന് നമ്മുടേതുപോലുള്ള ഒരു സംസ്ഥാനം ഇപ്പഴേ തയ്യാറെടുപ്പുകള്‍ നടത്തേണ്ടതായിട്ടുണ്ട്. നമ്മുടെ സംസ്ഥാനം പല കാര്യങ്ങളിലും മറ്റ് പ്രദേശങ്ങളെ ആശ്രയിക്കുന്നവരാണ്. അതിന് മാറ്റമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും പൂര്‍ണതയില്‍ എത്തിയിട്ടില്ല. നമുക്ക് ആവശ്യമായ മുഴുവന്‍ ഭക്ഷ്യധാന്യങ്ങളും ഇവിടെ തന്നെ ഉല്‍പാദിപ്പിക്കുന്നതിന് വലിയ പരിമിതിയുണ്ടെന്ന് നമുക്കറിയാം. നാടിനാകെ ബോധ്യമുള്ള കാര്യമാണത്. പക്ഷേ ഒരു ഘട്ടം കഴിഞ്ഞ് ഈ മഹാമാരിയുടെ ഒരു സംഹാരമുഖം രാജ്യത്തും ലോകത്തും കൂടുതല്‍ രൗദ്രഭാവത്തോടെ പ്രകടിപ്പിക്കുന്ന അവസ്ഥ വന്നാല്‍ നാം അതിനേയും നേരിടേണ്ടവരാണല്ലോ. അന്ന് നാം കരഞ്ഞിരുന്നിട്ട് കാര്യമില്ല. ഇപ്പോള്‍ മുതലേ നാം അതുമായി ബന്ധപ്പെട്ട കരുതല്‍ നടപടികളിലേക്ക് നീങ്ങേണ്ടതുണ്ട്. നാം പഴയതുപോലെ ചിന്തിച്ചാല്‍ പോരാ. നമ്മുടെ നാടിന്‍റെ പ്രത്യേകത ഉള്‍ക്കൊണ്ടുകൊണ്ട് ഈ മഹാമാരിയുടെ രൗദ്രഭാവം ശരിയായ രീതിയില്‍ തന്നെ മനസ്സിലാക്കികൊണ്ട് അതിനെ നേരിടാനുള്ള കരുതല്‍ നടപടികളിലേക്ക് ഇപ്പോള്‍ തന്നെ കടക്കേണ്ടതായിട്ടുണ്ട്.

213 ലോക രാഷ്ട്രങ്ങളില്‍ കോവിഡ്-19 പടര്‍ന്നുപിടിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ ഭക്ഷ്യസാധനങ്ങളുടെ സ്റ്റോക്ക് ഇപ്പോള്‍ ഭദ്രമാണ്. 5,68,556 ടണ്‍ അരിയും 1,36,631 ടണ്‍ ആട്ടയും 9,231 ടണ്‍ പയര്‍ വര്‍ഗങ്ങളും 2,636 ടണ്‍ ഉള്ളിയും 30.71 ലക്ഷം ലിറ്റര്‍ സണ്‍ഫ്ളവര്‍ ഓയിലും 21.55 ലക്ഷം ലിറ്റര്‍ വെളിച്ചെണ്ണയും 12,652 ടണ്‍ പഞ്ചസാരയുമാണ് ഇപ്പോള്‍ സ്റ്റോക്കുള്ളത്. ഈ ദിവസങ്ങളില്‍ പ്രയാസങ്ങളില്ലാതെ കടന്നുപോകാനുള്ള ധാന്യശേഖരവും മറ്റ് ഭക്ഷ്യ സാമഗ്രികളും നമുക്കുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്കുനീക്കവും നടക്കുന്നുണ്ട്.

എന്നാല്‍, ഈ പ്രതിസന്ധി തുടര്‍ന്നുപോയാല്‍ സ്ഥിതി മാറിയേക്കാം. രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളെ എങ്ങനെ ബാധിക്കും എന്നതിനനുസരിച്ച് അത് നില്‍ക്കുന്നത്. അതുകൊണ്ട് വരാനിരിക്കുന്ന പ്രശ്നങ്ങള്‍ മുന്നില്‍ കണ്ട് ഇപ്പോള്‍ തന്നെ നാം മുന്നൊരുക്കങ്ങള്‍ നടത്തണം.

കാര്‍ഷികമേഖലയില്‍ വലിയതോതിലുള്ള ഇടപെടല്‍ നടത്തേണ്ടതുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൃഷിവകുപ്പും യോജിച്ചുള്ള പദ്ധതികളാണ് ഇതിനായി ആവിഷ്കരിക്കുക. നമ്മുടെ നാട്ടില്‍ ആവശ്യത്തിന് കൃഷിഭൂമിയില്ല. എന്നാല്‍, തരിശിടുന്ന ഭൂമിയുടെ അളവ് വലുതാണ് എന്ന വൈരുദ്ധ്യം നിലനില്‍ക്കുന്നു. ഒരിടത്തും ഭൂമി തരിശിടില്ല എന്നതാണ് ഇനി നാം അനുവര്‍ത്തിക്കുന്ന നയം. നമ്മുടെ നാടിന് അനുയോജ്യമായ കൃഷിരീതിയും വിളകളുടെ തെരഞ്ഞെടുപ്പുമാണ് ഉണ്ടാവുക.

കാര്‍ഷികമേഖലയില്‍ സമഗ്രമായ ഭാവി തന്ത്രമാണ് ആവിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നത്. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ 25,000 ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി നടത്താനുള്ള പദ്ധതി ആരംഭിക്കും. കോവിഡ് പ്രതിസന്ധി കേരളത്തിലെ കാര്‍ഷിക വര്‍ധനയ്ക്കും കാര്‍ഷിക വിപണന സംവിധാനം പരിഷ്കരിക്കുന്നതിനുമുള്ള പാഠമായാണ് സര്‍ക്കാര്‍ കാണുന്നത്. വിത്ത്, മണ്ണ്, ജലം, യന്ത്രവല്‍ക്കരണം, മൂല്യവര്‍ധന എന്നിവയില്‍ നിലവിലുള്ള ഇടപെടലുകള്‍ സംയോജിപ്പിക്കും.

നെല്‍കൃഷി വ്യാപകമാക്കുന്നതിനൊപ്പം മറ്റ് ധാന്യങ്ങളുടെയും പയര്‍ വര്‍ഗങ്ങളുടെയും കൃഷിക്ക് പ്രോത്സാഹനം നല്‍കും. കിഴങ്ങുവര്‍ഗങ്ങള്‍ ഒരു ഘട്ടത്തില്‍ നമ്മുടെ നാട്ടിന്‍പുറത്ത് നന്നായി കൃഷി ചെയ്തിരുന്നു. അത്തരമൊരു അവസ്ഥ തിരിച്ചുകൊണ്ടുവരും. ആധുനിക കൃഷിരീതികളിലേക്ക് പെട്ടെന്നുതന്നെ നമുക്ക് കടക്കേണ്ടിവരും. സാമ്പ്രദായികമായി കൃഷിചെയ്യുന്ന വിളകള്‍ക്കൊപ്പം ഫലവര്‍ഗങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കേണ്ടതുമുണ്ട്.

ലോക്ക്ഡൗണ്‍ കാലയളവില്‍ പച്ചക്കറി കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ പ്രാദേശികമായി വില്‍ക്കാന്‍ നല്ലപോലെ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, സംസ്ഥാനത്തിന്‍റെ പച്ചക്കറി ഉല്‍പാദനത്തില്‍ ഇനിയും വര്‍ധന വേണ്ടതുണ്ട്. 20 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറിയാണ് നമുക്ക് ആവശ്യമുള്ളത്. ഈ വര്‍ഷം ഉല്‍പാദനലക്ഷ്യം 14.72 മെട്രിക് ടണ്‍ മാത്രമാണ്.

ഉല്‍പന്നവര്‍ധന മാത്രമല്ല, സമൂഹത്തിന്‍റെ പൊതുവായ പുരോഗതിയും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പരിഗണനയാണ്. യുവാക്കളെ ഈ മേഖലയിലേക്ക് കൂടുതലായി ആകര്‍ഷിക്കും. യുവാക്കളുടെ കഴിവും ബുദ്ധിയും കൃഷിക്കുവേണ്ടി ഉപയോഗിക്കാനും അതിന് തക്ക പ്രതിഫലം നല്‍കുന്ന സ്ഥിതി ഉണ്ടാക്കാനുമാണ് ശ്രമിക്കുക. കാര്‍ഷികവൃത്തിയുടെ യന്ത്രവല്‍ക്കരണത്തിനും കാര്‍ഷിക സങ്കേതങ്ങളുടെ നവീകരണത്തിനും ഊന്നല്‍ നല്‍കും.

എല്ലാവരോടുമായി അഭ്യര്‍ത്ഥിക്കുകയാണ് വലിയ തോതിലുള്ള ഇടപെടല്‍ കാര്‍ഷികരംഗത്ത് നടത്തണം. നാം നേരിടാന്‍ പോകുന്ന ദുര്‍ഘടസന്ധിയെ നേരിടാന്‍ നമുക്കാവുന്നതെല്ലാം ഇവിടെ ചെയ്യാനാകണം.


Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: