കടുത്ത നടപടിയുമായി പോലീസ്; മാഹിയിൽ ലോക്ക് ഡൗൺ ലംഘിച്ച് പള്ളിയിൽ പ്രാർത്ഥന നടത്തിയ 4 പേരെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റി

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സമ്പൂർണ്ണ ലോക്ക് ഡൗണും റെഡ് അലർട്ടുമുള്ള ന്യൂമാഹി പഞ്ചായത്തിൽ മസ്ജിദിൽ പ്രാർത്ഥന നടത്തിയവർക്കെതിരെ കേസ്സെടുത്തു. ഇവരിൽ നാല് പേരെ കണ്ണൂരിലെ കോവിഡ് കേർ സെന്ററിലേക്ക് 14 ദിവസത്തെ നിരീക്ഷണത്തിനായി അയച്ചു.

ന്യൂമാഹി പെരിങ്ങാടി മമ്മി മുക്കിലെ മമ്മി മുക്ക് ജുമാ മസ്ജിദിലാണ് ചൊവ്വാഴ്ച രാവിലെ അഞ്ചോടെ നിസ്കാരം നടന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രഹസ്യമായി ഇവിടെ പ്രാർഥന നടക്കുന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് ന്യൂമാഹി പോലീസ് നടത്തിയ പരിശോധനയിലാണ് എട്ട് പേർ പ്രാർഥന നടത്തുന്നത് കണ്ടത്. ഇവരിൽ നാല് പേർ ഓടി രക്ഷപ്പെട്ടു. പൊന്ന്യം വെസ്റ്റിലെ നാമത്ത് മുക്കിൽ റഹ്മത്ത് മൻസിലിലെ ഷമ്മാസ് (23), പെരിങ്ങാടി ഷംനാസിൽ നൗഷാദ് (30), പെരിങ്ങാടി പുത്തൻപുരയിൽ പി. ഉമ്മർ (60), പെരിങ്ങാടി റഹ്മത്ത് ഹൗസിൽ ഇ.പി.സക്കറിയ (62) എന്നിവരുൾപ്പെടെ എട്ട് പേർക്കെതിരെയാണ് ലോക്ക് ഡൗൺ നിയമ ലംഘനത്തിനെതിരെ കേസ്സെടുത്തത്. 108 ആമ്പുലൻസിൽ നാല് പേരെയും കണ്ണൂരിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് അയക്കുകയും ചെയ്തു.

ന്യൂമാഹി സർക്കിൾ ഇൻസ്പെക്ടർ ജയേഷ് ബാലൻ, സബ് ഇൻസ്പെക്ടർ ജെ.എസ്.രതീഷ്, സി.പി.ഒ.മാരായ നിഷിൻ, സുഗേഷ്, സിജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തി നടപടി സ്വീകരിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: