കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

അഴീക്കോട്: കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 14.46 കോടി രൂപ വരവും 13.92 കോടി രൂപ ചെലവും 54.11 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ഉത്പാദനമേഖലയിൽ 57. 69 ലക്ഷം രൂപ, സേവനമേഖലയിൽ 4.24 കോടി രൂപ, പശ്ചാത്തലമേഖലയിൽ 49.65 ലക്ഷം രൂപ എന്നിങ്ങനെയാണ് വകയിരുത്തിയത്.
അഴീക്കോട് സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ കെട്ടിടനിർമാണത്തിന് എം.എൽ.എ., എൻ.എച്ച്.എം. ഫണ്ട് അടക്കം 4.5 കോടി രൂപയും പാപ്പിനിശ്ശേരി ആരോഗ്യകേന്ദ്രത്തിന് നബാർഡിൽപ്പെടുത്തി 15 കോടി രൂപയും നീക്കിവെച്ചു. തൊഴിലുറപ്പ് പദ്ധതിക്ക് 7.79 കോടി രൂപയാണ് നീക്കിയിരിപ്പ്. 72,000 തൊഴിൽ ദിനങ്ങൾ ലഭ്യമാക്കും.
അഴീക്കോട് പ്രീ-മെട്രിക് ഹോസ്റ്റൽ കെട്ടിടം പുതുക്കിപ്പണിയാൻ രണ്ടു കോടി , പ്രാരംഭ പ്രവൃത്തി തുടങ്ങിയ അഴീക്കോട് കിഡ്നി കെയർ ഡയാലിസിസ് സെന്റർ പൂർത്തിയാക്കി തുറന്നുകൊടുക്കൽ , വൃദ്ധസദനത്തിൽ വാട്ടർ പ്യുരിഫയർ, സി.സി.ടി.വി.-ജനറേറ്റർ, വിദ്യാലയങ്ങളിലും കൈത്തറി, നെയ്ത്തുശാലകളിലും ശൗചാലയം, വിദ്യാലയങ്ങളിൽ കിണർ റീചാർജിങ് തുടങ്ങിയവയും ബജറ്റിലുണ്ട്. വൈസ് പ്രസിഡന്റ് അബ്ദുൾനിസാർ വായിപ്പറമ്പ് ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് കെ.സി.ജിഷ അധ്യക്ഷയായിരുന്നു.