പഴയങ്ങാടി താലൂക്കാശുപത്രിയിലേക്ക് പൊട്ടിപ്പൊളിഞ്ഞ റോഡ്

പഴയങ്ങാടി: ആരോഗ്യമേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് വഴിവെക്കുന്ന രീതിയിൽ നവീകരിക്കുന്ന പഴയങ്ങാടി താലൂക്കാസ്പത്രിയിലേക്കുള്ള റോഡ് തകർന്നുകിടക്കുന്നു. വലിയ കയറ്റിറക്കമുള്ള ഈ റോഡിലൂടെ രോഗികൾക്ക് ദുരിതയാത്രയാണ്. രോഗികൾ ഉൾപ്പെടെയുള്ളവർ ഓട്ടോറിക്ഷയിലായാലും മറ്റു വാഹനങ്ങളിലായാലും ആസ്പത്രിയിലേക്ക് കയറിച്ചെല്ലുന്ന ഭാഗവും പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണ്. രോഗികളെ ഇറക്കാനായും മറ്റും വാഹനങ്ങൾ നിർത്തേണ്ട സ്ഥലവും കിളച്ചുമറിച്ചനിലയിലാണ്.

ദിവസവും 400-നും 500-നും ഇടയിൽ രോഗികൾ വിവിധ വിഭാഗങ്ങളിൽ ഒ.പി.യിലെത്തി ചികിത്സതേടുന്ന ആസ്പത്രിയാണിത്. കിടപ്പുരോഗികളുടെയും എണ്ണം വർധിക്കുന്നുണ്ട്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട് ഒട്ടേറെപ്പേർ എത്തുന്നുണ്ട്. പൊട്ടിപ്പൊളിഞ്ഞ റോഡുമൂലമുള്ള ദുരിതത്തിനിടെ വാഹനങ്ങൾ പാർക്കുചെയ്യുന്ന ഭാഗത്തെ ശോച്യാവസ്ഥയും വേനൽച്ചൂടിൽ പൊടിപാറുന്നതും വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്. ഇത്രയും സൗകര്യമുള്ള ആസ്പത്രിയിലേക്കുള്ള വഴി നന്നാക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

ആസ്പത്രി നവീകരണത്തിന് ഒൻപതുകോടി രൂപയാണ് സർക്കാർ അനുവദിച്ചത്. നിലവിൽ, അമ്മയും കുഞ്ഞും ആസ്പത്രിക്കെട്ടിടത്തിന്റെ നിർമാണപ്രവൃത്തി പുരോഗമിക്കുന്നുണ്ട്. ഇതിനായി മൂന്നുകോടി രൂപയുടെ നിർമാണപ്രവർത്തനങ്ങളാണ് നടക്കുന്നത്. ബാക്കി, ആറുകോടിയുടെ രണ്ടാംഘട്ട പ്രവൃത്തി ടെൻഡർ നടപടിക്കുശേഷം തുടങ്ങും.

ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ളതാണ് പഴയങ്ങാടി താലൂക്ക് ആസ്പത്രി. പ്രധാന റോഡിൽനിന്ന് ആസ്പത്രിയിലേക്കുള്ള വഴിയുടെയും രോഗികളെ വാഹനങ്ങളിൽ ഇറക്കേണ്ടിവരുന്ന ഭാഗത്തിന്റെയും പ്രശ്നം പരിഹരിച്ച് യാത്ര സുഗമമാക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: