മാഹി സ്പിന്നിങ് മിൽ അടച്ചിട്ടിട്ട് ഒരുവർഷം: ആശങ്കയൊഴിയാതെ തൊഴിലാളികൾ

0


മയ്യഴി: കോവിഡിനെ തുടർന്ന് മാഹി സ്പിന്നിങ് മിൽ അടച്ചിട്ടിട്ട് ഒരുവർഷം പിന്നിടുന്നു. ഇപ്പോൾ തൊഴിലാളികൾ ആശങ്കയിലും ദുരിതത്തിലുമാണ്‌. 2020 മാർച്ച് 21-നാണ് മിൽ അടച്ചത്. മിൽ തുറന്ന് പ്രവർത്തിക്കാൻ ഇനിയും എത്ര കാലമെന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് തൊഴിലാളികൾ.

മാർച്ച് 31-നകം തുറന്ന് പ്രവർത്തിക്കുമെന്ന ഉറപ്പ് ഉന്നതകേന്ദ്രങ്ങളിൽനിന്ന്‌ ലഭിച്ചിരുന്നെങ്കിലും തുറക്കുന്നത് സംബന്ധിച്ച അറിയിപ്പുകളൊന്നും സ്പിന്നിങ് മിൽ അധികൃതർക്ക് ഇതുവരെ ലഭിച്ചിട്ടില്ല. തുറക്കണമെങ്കിൽ ഒരുവർഷമായി പ്രവർത്തിക്കാതെ കിടക്കുന്ന യന്ത്രങ്ങൾ അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ട്. മിൽ പ്രവർത്തിക്കാത്തതിനാൽ നിലവിൽ മിനിമം വൈദ്യുതിനിരക്കാണ് അടച്ചുകൊണ്ടിരിക്കുന്നത്. ഇത് മാറ്റി പ്രവർത്തിക്കാനാവശ്യമായി മതിയായ വൈദ്യുതിയുടെ താരിഫിലേക്ക് മാറ്റേണ്ടതുണ്ട്.

അസംസ്കൃതവസ്തുക്കൾ ലഭ്യമാക്കുകയും വേണം. ഒന്നരമാസത്തോളം പ്രവർത്തിക്കാനുള്ള ഫൈബർ മില്ലിലുണ്ട്. ഡൽഹി എൻ.ടി.സി.യുടെ എച്ച്.ആർ. ഡയറക്ടറുമായി ഫെബ്രുവരി ആദ്യം കോയമ്പത്തൂരിൽ കേരളത്തിലെ ടെക്‌സ്റ്റൈൽ ഫെഡറേഷൻ ഭാരവാഹികൾ നടത്തിയ ചർച്ചയിൽ മാർച്ച് 31-നകം മാഹിയിലേതുൾപ്പെടെ ഏതാനും മില്ലുകൾ തുറക്കുമെന്ന് ഉറപ്പ് ലഭിച്ചിരുന്നു. മാഹിയിലെ ബി.ജെ.പി. നേതാക്കൾ ഫെബ്രുവരി അവസാനം കോട്ടയത്ത് വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുമായി നേരിൽ സംസാരിച്ചപ്പോഴും ഇതേ ഉറപ്പുതന്നെയാണ് ലഭിച്ചത്. പക്ഷേ, നടപടിയുണ്ടായില്ല.

അതേസമയം രാജ്യത്ത് അടച്ചിട്ട 23 മില്ലുകളിൽ കേരളത്തിൽ കണ്ണൂരിലെ മിൽ ഉൾപ്പെടെ രണ്ട് എണ്ണവും മറ്റ് സംസ്ഥാനങ്ങളിലെ പത്തും തുറന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. അധികൃതർ നൽകിയ ഉറപ്പുകൾക്കനുസരിച്ചുള്ള നടപടികളൊന്നും കാണാത്തതിനാലാണ് തൊഴിലാളികൾക്ക് ഇപ്പോൾ ആശങ്ക. സ്ഥിരം തൊഴിലാളികളായ 200 ഓളം പേർക്ക് 35 ശതമാനം വേതനം ലഭിക്കുമ്പോൾ 180 താത്കാലിക തൊഴിലാളികൾ വേതനമൊന്നും ലഭിക്കാതെ പട്ടിണിയിലാണ്. മുഴുവൻ വേതനവും നൽകാൻ ഫണ്ടില്ലെന്നാണ് അധികൃതർ പറയുന്നത്.

അതേസമയം മിൽ ജീവനക്കാർക്കും എൻ.ടി.സി. ഉദ്യോഗസ്ഥർക്കും മുഴുവൻ ശമ്പളവും ലഭിക്കുന്നുമുണ്ട്. മിൽ തുറക്കണമെന്നാവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാലസമരം 194 ദിവസം പിന്നിട്ടു.

മിൽ ഉടനെ തുറന്ന് പ്രവർത്തിപ്പിക്കാൻ ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിവിധ യൂണിയനുകളുടെ നേതാക്കളായ വി. വത്സരാജ്, എം. രാജീവ്, കലേഷ് എന്നിവർ അഭ്യർഥിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading