കൊറോണ; നിയമം ലംഘിച്ച ഇരിട്ടി ടൗൺ ജുമാ മസ്ജിദിനെതിരെ കേസ്

കണ്ണൂർ: കൊറോണ വൈറസ് പകരുന്നതുമായി ബന്ധപ്പെട്ട് 100ൽ കൂടുതൽ ആൾക്കാർ കൂട്ടം കൂടരുത് എന്ന സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം ലംഘിച്ചു എന്നതിൻ്റെ അടിസ്ഥാനത്തൽ ഇന്നലെ വെള്ളിയാഴ്ച്ച ജുമാ നമസ്കാരത്തിന് ഇരിട്ടി ടൗൺ ജുമാ മസ്ജിദിൽ 200 ൽപരം ആൾക്കാർ പങ്കെടുത്ത സാഹചര്യത്തിൽ ഇരിട്ടി ടൗൺ പോലീസ് പള്ളി ഭാരവാഹികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മുന്‍ കരുതലെന്നോണം മേഖലയിലെ ക്രിസ്ത്യന്‍, മുസ്ലീം പള്ളികള്‍, ക്ഷേത്രങ്ങള്‍ എന്നിവയുടെ ഭാരവാഹികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് ലംഘിച്ചുകൊണ്ടാണ് ജുമാ മസ്ജിദില്‍ നിസ്ക്കാരം നടത്തിയത്. നിസ്ക്കാരത്തിൽ പങ്കുചേരാന്‍ വെള്ളിയാഴ്ച ഉച്ചയോടെ ഇരുന്നുറിലധികം ആളുകള്‍ എത്തിയതായാണ് വിവരം. ഇതേ തുടര്‍ന്നാണ് ഭാരവാഹികള്‍ക്കെതിരെ കേസ് എടുത്തതെന്ന് ഇരിട്ടി എസ് ഐ ദിനേശന് കൊതേരി അറിയിച്ചു.
കേരളത്തില്‍ കൊറോണ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങളില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ ചടങ്ങുകള്‍ മാത്രം ആക്കി നടത്താനാണ് നിര്‍ദ്ദേശം. ഇതിന് പുറമേ ആരാധനാലയങ്ങളില്‍ മുഴുവന്‍ പ്രാര്‍ത്ഥനകളും നിര്‍ത്തിവെയ്ക്കാനും സര്‍ക്കാരും, പോലീസും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.