കെ.എസ്.ആർ.ടി.സി. ജില്ലയിൽ നൂറിലേറെ സർവീസുകൾ റദ്ദാക്കി

തളിപ്പറമ്പ്: കൊറോണ ഭീഷണിയിൽ യാത്രക്കാർ കുറഞ്ഞതോടെ ജില്ലയിൽ വെള്ളിയാഴ്ച കെ.എസ്.ആർ.ടി.സി.യുടെ നൂറിലേറെ സർവീസുകൾ റദ്ദാക്കി. കണ്ണൂർ ഡിപ്പോയിലാണ് ഏറ്റവുംകൂടുതൽ ബസ്സുകൾ റദ്ദാക്കിയത്; 50 എണ്ണം.

തലശ്ശേരിയിൽനിന്നുള്ള 35 സർവീസുകളും പയ്യന്നൂരിൽ 23 എണ്ണവും ഓടിയില്ല. യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ വരുമാനനഷ്ടവും ഏറി. കൊറോണ കേസ് റിപ്പോർട്ട് ചെയ്തതിനുശേഷമുള്ള ഓരോദിവസവും വരുമാനം ഗണ്യമായി കുറയുകയാണ്.

13 ലക്ഷത്തോളം പ്രതിദിനവരുമാനം ലഭിക്കുന്ന കണ്ണൂർ ഡിപ്പോയിൽ ബുധനാഴ്ച ലഭിച്ചത് 7.99 ലക്ഷമായിരുന്നു. വ്യാഴാഴ്ച ഇത് 7.51 ലക്ഷത്തിലെത്തി. 7.90 ലക്ഷം രൂപ പ്രതിദിനവരുമാനം ലക്ഷ്യമിടുന്ന തലശ്ശേരി ഡിപ്പോയിൽ ഈദിവസങ്ങളിൽ യഥാക്രമം 3.05 ലക്ഷം, 3.10 ലക്ഷം എന്നിങ്ങനെയായിരുന്നു ലഭിച്ചത്. പയ്യന്നൂർ ഡിപ്പോയിൽ 5.20 ലക്ഷം, 5.13 ലക്ഷം എന്നിങ്ങനെയാണ് കഴിഞ്ഞദിവസങ്ങളിൽ ലഭിച്ച വരുമാനം. ഇവിടെ ലക്ഷ്യമിടുന്നതാകട്ടെ 9.75 ലക്ഷം രൂപയും.

ബെംഗളൂരു സർവീസ് റദ്ദാക്കി

വിവിധ ഡിപ്പോകളിൽനിന്നുള്ള കെ.എസ്.ആർ.ടി.സി.യുടെ ബെംഗളൂരു സർവീസുകൾ താത്കാലികമായി നിർത്തി.

കർണാടക സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെയാണ് ക്രമീകരണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ജില്ലയിലെ സ്വകാര്യബസ്സുകളും പലതും ഓട്ടം നിർത്തിയിരിക്കുകയാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ പരസ്പരധാരണ പ്രകാരമാണ് ചില സർവീസുകൾ ഓടുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: