നമ്മുടെ നാട് ലഹരിയുടെ പിടിയിൽ…. എം.കെ അബൂബക്കറിന്റെ കുറിപ്പ് വൈറലാകുന്നു

എം.കെ അബൂബക്കറിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം

==============================
ലഹരിയിൽ നശിക്കുന്ന നാട്;
നമുക്കെന്ത് ചെയ്യാനാവും?
_എം.കെ. അബുബക്കർ_
==============================
നമ്മുടെ നാട്ടിലെ മയക്കുമരുന്ന് വിപത്തിനെക്കുറിച്ച് ഇപ്പോൾ എല്ലായിടത്തും സജീവ ചർച്ചയാണ്. തലമുറകൾ നശിച്ചുപോകുന്നതിലുള്ള ആധി നിറഞ്ഞ വർത്തമാനങ്ങൾ.. പക്ഷേ എങ്ങിനെ തടയിടാൻ കഴിയും എന്ന കാര്യത്തിൽ ഒരു കൃത്യതയിലെത്താൻ കഴിയുന്നില്ല. ഒരു പാട് നിർദ്ദേശങ്ങൾ ഉയർന്നു വരുന്നുണ്ട്. ഓരോന്നും പ്രധാനം തന്നെ. എന്നാൽ എല്ലാം ലക്ഷ്യബോധത്തോടെ ഏകോപിപ്പിച്ച് പരസ്പര പൂരകമായി കൊണ്ടു പോയാലേ ഉദ്ദേശിച്ച മാറ്റം ദൃശ്യമാവുകയുള്ളൂ.

1. ലഹരി വിപത്തിനെ ഓരോ പാർട്ടിയും സംഘടനയും വാട്ട്സപ്പ് ഗ്രൂപ്പുമൊക്കെ ഒറ്റക്കൊറ്റക്ക് നേരിട്ട് തോൽപിച്ചു കളയുമെന്ന മിഥ്യാബോധം ഉപേക്ഷിക്കുക. എല്ലാവരും ഒരുമിച്ചുള്ള ഒരു വേദിക്ക് മാത്രമേ ഫലം ഉണ്ടാക്കാൻ കഴിയുകയുള്ളൂ.

2. രാഷ്ട്രീയ പാർട്ടികളുടെയും സാംസ്കാരിക-മത സംഘടനകളുടെയുമൊക്കെ ഒറ്റക്കുള്ള പ്രവർത്തനം ആഭ്യന്തര തലത്തിലാവട്ടെ. അതായത്, തങ്ങളുടെ അണികളിൽ ലഹരിയുടെ ആളുകളുണ്ടോ എന്ന പരിശോധന.. അവരെ തിരുത്തുവാനും ഡീ അഡിക് ഷൻ നടത്താനുമുള്ള പ്രവർത്തനം. ഇതൊക്കെ സ്വകാര്യമായി നടത്തിയാൽ മതി. ഒരു തരത്തിലും വീണ്ടെടുക്കാൻ കഴിയാത്ത വിധത്തിലായവരെ തങ്ങളുടെ കൂട്ടത്തിൽ നിന്ന് പരസ്യമായി പുറന്തള്ളാനുള്ള ആർജവവും കാണിക്കണം.

3. പുകവലിയും മദ്യവുമൊക്കെ ലഹരിയുടെ ഭാഗം തന്നെ. പക്ഷേ മഹാവിപത്തായ മയക്കുമരുന്നുകളാണ് നിലവിൽ നമ്മുടെ നാട്ടിലെ ഏറ്റവും മാരക വെല്ലുവിളി. വലിയ കുഴപ്പത്തെ നേരിടേണ്ടി വരുന്ന സന്നിഗ്ധ ഘട്ടത്തിൽ താരതമ്യേന ചെറിയ കുഴപ്പങ്ങളെ അവഗണിക്കുക എന്ന പൊതുതത്വത്തിന്റെ അടിസ്ഥാനത്തിൽ, ഇന്നത്തെ പ്രശ്നത്തെ ചെറുക്കണമെന്ന് ആത്മാർത്ഥതയുള്ള എല്ലാവരെയും നമുക്ക് ഒരുമിച്ചു നിർത്താൻ കഴിയണം. അവിടെ വ്യക്തിപരമായ ദൂഷ്യങ്ങളുടെ പേരിൽ ആക്ഷേപമോ പരിഹാസമോ ഉയരരുത്.

4. കുടുസ്സായ കക്ഷിരാഷ്ട്രീയ ബോധം നമ്മുടെ ലക്ഷ്യം തകർത്തു കളയുന്നു എന്നതാണ് അനുഭവം. ലഹരിക്കെണിയിൽ പെടുന്ന ചെറുപ്പക്കാർ ഏത് രാഷ്ട്രീയത്തിലുള്ളവരായാലും ഒരു രാഷ്ട്രീയവും ഇല്ലാത്തവരായാലും, അവർ നമ്മുടെ ദു:ഖമാണ്. സത്യമാണെങ്കിലും അല്ലെങ്കിലും അവരുടെ പാർട്ടിയെ പ്രശ്നത്തിൽ വലിച്ചിഴക്കുന്നത് വിഷയത്തിന്റെ ഗതിമാറ്റിക്കളയും. അവൻ ഇന്ന പാർട്ടിക്കാരനാണ് / ആയിരുന്നു എന്ന വർത്തമാനം ലഹരിയുടെ കാര്യത്തിൽ ഉയരാതിരിക്കട്ടെ.

5. പ്രാദേശിക രാഷ്ട്രീയ നേതാക്കൾ, തദ്ദേശസ്ഥാപനങ്ങൾ മുതൽക്കുള്ള ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, പൌരപ്രമുഖർ, പോലീസിലും ഔദ്യോഗിക തലത്തിലും സ്വാധീനമുള്ള വ്യക്തികൾ – ഇവരാരും മയക്കുമരുന്നുമായി ബന്ധപ്പെട്ട ഒരു സംഭവത്തിലും പ്രതികൾക്ക് വേണ്ടി ഒരു ഇടപെടലും നടത്തുകയില്ലെന്ന് ഉറച്ച തീരുമാനമെടുക്കുക. അവിടെ “ചെറുപ്പക്കാരുടെ ഭാവി , കുടുങ്ങിപ്പോയ നിരപരാധി” തുടങ്ങിയ വാദഗതികൾ കടന്നു വരരുത്.

6. പോലീസിന്റെ നടപടികളെപ്പറ്റി ഒരു പാട് വിമർശനങ്ങൾ ഉയർന്നു വരുന്നുണ്ട്. ശരിയാവാം,തെറ്റാവാം.. വിവരം നൽകിയാൽ ഉടനെ നടപടി സ്വീകരിക്കുന്നില്ല, പ്രതികളെ പിടിക്കുന്നതിൽ ഉദാസീനത, കേസ് ചാർജ് ചെയ്യുന്നില്ല, രക്ഷപ്പെടാൻ പഴുതു നൽകുന്നു, വിവരം നൽകിയവർക്ക് സുരക്ഷിതത്വമില്ലായ്മ എന്നൊക്കെ പറയുന്നവരുണ്ട്. ശരിയായ ആക്ഷേപങ്ങൾ പരിഹരിക്കപ്പെടണം. നിലവിലുള്ള നിയമങ്ങളുടെ പരിമിതികൾ, ബാഹ്യ ഇടപെടലുകൾ, സൗകര്യങ്ങളുടെ അഭാവം തുടങ്ങി നിയമപാലകരുടെ നിസ്സഹായവസ്ഥയും ഒരു വസ്തുതയായി അവശേഷിക്കുന്നു.

7. ഔദ്യോഗികതലത്തിൽ ‘വിമുക്തി’ പോലുള്ള മിഷനുകളും ബോധവൽകരണവും നമ്മുടെ നാട്ടിലും പലതും നടന്നിട്ടുണ്ട്., നടക്കുന്നുണ്ട്. (എടക്കാട്ട് പ്രമുഖ സിനിമാ താരത്തെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വലിയൊരു വിമുക്തി പരിപാടി ഇലക്ഷൻ വന്നത് കൊണ്ട് നടക്കാതെ പോയതാണ്.)
അതു വലിയ സംഭവമാണ് എന്ന് കരുതുന്നവർ പാവം ശുദ്ധാത്മാക്കളാണ്. പൊതുബോധവൽകരണം വേണ്ട എന്നല്ല. പക്ഷേ തികച്ചും ഗ്രാസ്റൂട്ട് ലെവലിലുള്ള ബോധവൽക്കരണവും നിരീക്ഷണവും ജാഗ്രതയും മാത്രമേ നമ്മെ ലക്ഷ്യത്തിലേക്ക് നയിക്കുകയുള്ളൂ. വീട്ടമ്മമാർ, കുടുംബനാഥർ, വിദ്യാലയങ്ങൾ, മതപാഠശാലകൾ, ആരാധനാലയങ്ങൾ, വായനശാലകൾ, ക്ലബ്ബുകൾ, പ്രാദേശിക യുവകൂട്ടായ്മകൾ കുടുംബശ്രീ, മുതലായവക്കാണ് ലഹരിക്കെതിരായ ശ്രമകരവും നിതാന്തവുമായ ചെറുത്തു നിൽപ്പിൽ കാര്യമായ പങ്ക് വഹിക്കാൻ കഴിയുക.
രാഷ്ട്രീയ നേതൃത്വം രക്ഷാധികാരത്വം വഹിച്ച് മുന്നിലുണ്ടാകണം. പോലീസും എക്സൈസും കൂടെയുണ്ടാവണം, ഉണ്ടാവും.

8. പഞ്ചായത്ത് തലത്തിൽ (മുഴപ്പിലങ്ങാട്, കടമ്പൂർ) ജാഗ്രതാ സമിതി വേണം. പ്രദേശത്തെ വലുതും ചെറുതുമായ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നിർബന്ധമായും പ്രാതിനിധ്യമുണ്ടായിരിക്കണം. കാര്യത്തിന്റെ ഗൗരവവും വമ്പൻ സ്രാവുകളെ വരെ നേരിടേണ്ടി വരും എന്ന ബോധവും ഉൾക്കൊണ്ട് സാദാ പാർട്ടി പ്രതിനിധികൾക്ക് പകരം പഞ്ചായത്ത് തല മുഖ്യ ഭാരവാഹി/ നേതാവ് തന്നെയായിരിക്കണം ജാഗ്രതാ സമിതിയിൽ ഉണ്ടാവേണ്ടത്. അനുയോജ്യരായ മറ്റ് പൊതുപ്രവർത്തകരും പോലീസധികൃതരും സമിതിയുടെ ഭാഗമായിരിക്കണം. വാർഡ്തലത്തിൽ ഇതിന് യൂണിറ്റുകളും വേണം.

9. ഓരോ വാർഡിലും 20-25 വീടുകളുടെ അയൽക്കൂട്ടം രൂപീകരിക്കണം. സ്വന്തം വീട്ടിലെ കുട്ടികളിലെ അസ്വാഭാവികതകൾ കണ്ടുപിടിക്കാനും കൈകാര്യം ചെയ്യാനുമുള്ള പരിശീലന ക്ലാസുകൾ നൽകണം. യോഗ്യതയും വിദഗ്ധപരിശീലനവും സിദ്ധിച്ച കൗൺസലറുടെ സേവനം ആവശ്യം വരുമ്പോഴൊക്കെ ലഭ്യമാകണം. ഇതിനുള്ള ചെലവ് പഞ്ചായത്തോ സന്നദ്ധ സംഘടനകളോ വഹിക്കണം.

11. ഒരു രക്ഷിതാവും തങ്ങളുടെ കുട്ടി വഴി തെറ്റിപ്പോയി എന്ന് അംഗീകരിക്കാൻ ആദ്യം തയ്യാറാവുകയില്ല. അവരുടെ മാനസികാവസ്ഥ മാനിക്കപ്പെടണം. ലഹരിക്ക് വഴങ്ങിപ്പോയ നവാഗതരുടെ യോ കുടുംബത്തിന്റെയോ സ്വകാര്യതയും അഭിമാനവും ക്ഷതപ്പെടാതെ അവരെ രക്ഷപ്പെടുത്തുകയാണ് വേണ്ടത്.

12. ലഹരിക്ക് കീഴ്‌പ്പെട്ടുപോയവരെ വീണ്ടെടുക്കാനുള്ള ഡീ അഡിക്ഷൻ സെന്ററുകളുടെ സേവനം നമ്മുടെ നാട്ടിലുള്ളവർ വളരെ വിരളമായേ ഉപയോഗപ്പെടുത്താറുള്ളു എന്നതാണ് വാസ്തവം. കുറേ നാളത്തെ ചികിത്സ വേണ്ടി വരുന്നവരെ കുടുംബത്തെ ബോധ്യപ്പെടുത്തി അത്തരം കേന്ദ്രങ്ങളിലെത്തിക്കാനും പൂർണ വിമുക്തി വരുന്നതിന് മുമ്പ് അവിടം വിടുന്നില്ല എന്ന് ഉറപ്പു വരുത്താനും ആവശ്യമായ വൈകാരിക-സാമ്പത്തിക പിന്തുണ നൽകാനും നമുക്ക് കഴിയേണ്ടതുണ്ട്.

13. മത സ്ഥാപനങ്ങളുടെ ബാധ്യത വളരെ വലുതാണ്. ധാർമിക പ്രസംഗങ്ങളുടെ ധാരാളിത്തം കൊണ്ട് മുഖരിതമാണ് ആരാധനാലയങ്ങൾ. അവയുടെ മുഖ്യ ശ്രദ്ധ നാടിനെയും കുടുംബങ്ങളെയും ധാർമികതയെയും കുളം തോണ്ടുന്ന ഈ വിപത്തിന് നേരെ ഇനി തിരിയട്ടെ. ഖുതുബകൾ, പളളി പ്രഭാഷണങ്ങൾ, വനിതാ ക്ലാസുകൾ, കുട്ടികളുടെ പരിപാടികൾ ഒക്കെ ഈ ഫോക്കസിലേക്ക് നീങ്ങണം. തങ്ങളുടെ ചുറ്റളവിലുള്ള ലഹരി കേസുകൾ കണ്ടെത്താനും ജനജാഗ്രത സമിതിയെ ഇടപെടുവിക്കാനും, ഇരകളുടെ കുടുംബത്തിന് സാന്ത്വനം പകരാനും, ബോധവൽകരണം നൽകാനും ഒക്കെ ഈ സ്ഥാപനങ്ങളും മതപണ്ഡിതന്മാരുമൊക്കെ മുന്നിട്ടിറങ്ങി സ്വന്തം ഉത്തരവാദിത്തം നിർവഹിക്കട്ടെ.

14. സ്കൂൾ പി.ടി.എ.കളും അധികൃതരും കൂടുതൽ ശ്രദ്ധാലുക്കളാകണം. അനുനയവും കാർക്കശ്യവുമൊക്കെ ആവശ്യാനുസരണം സ്വീകരിച്ചും കുട്ടികളെ കൃത്യമായി നിരീക്ഷിച്ചും സംശയം തോന്നുന്നവരെ ശാസ്ത്രീയമായി കൗൺസലിങ്ങിനും മറ്റും വിധേയമാക്കിയും ലഹരിവിരുദ്ധ പോരാട്ടത്തിൽ സ്വന്തം പങ്ക് വഹിക്കണം. ഇപ്പോൾ തന്നെ സ്കൂൾ തലത്തിൽ സംവിധാനങ്ങളുണ്ടെങ്കിലും പേരിൽ മാത്രമൊതുങ്ങുന്നു.

15. പുതിയ പോർമുഖത്തിന്റെ ഭാഗമായി, പാർട്ടി – സംഘടനാ ഓഫീസുകളിലും ക്ലബ്ബുകളിലും കുട്ടികളെയും വിദ്യാർത്ഥികളെയും സാധാരണ ഗതിയിൽ രാത്രി 7 മണിക്ക് ശേഷം പ്രവേശിപ്പിക്കുകയില്ല എന്ന ഒരു പൊതു തീരുമാനം എടുക്കുക. പള്ളികളിൽ രാത്രി നമസ്കാരം കഴിഞ്ഞ ഉടനെ ഈ പ്രായത്തിലുള്ളവർ സ്ഥലം വിടാനുള്ള നിർദ്ദേശം നൽകുക.
ഇത്തരം കാരണങ്ങൾ ആണ് കുട്ടികൾ വീടുകളിൽ വൈകി എത്തുന്നതിന് രക്ഷിതാക്കളോട് ന്യായീകരണം പറയുന്നത്.

16. പോലീസ് റോന്ത് ചുറ്റൽ പതിവാക്കുകയും ചെറുപ്പക്കാരുടെ എന്തിന്റെ പേരിലുമുള്ള
രാത്രി തമ്പടിക്കലുകൾ നിറുത്തിക്കുകയും ചെയ്യുക.

17. എല്ലാ വിഭാഗം ചെറുപ്പക്കാർക്കും കൂട്ടായി പങ്കെടുക്കാവുന്ന പൊതു സാംസ്കാരിക പ്രവർത്തനങ്ങൾ സജീവമാക്കുക.

18. പോലീസിന്റെ ഭാഗത്ത് നിന്ന് ന്യായമായ നടപടികൾ ഉണ്ടാവുമ്പോൾ തടസ്സപ്പെടുത്താതെ ഒരുമിച്ച് നിൽക്കുന്നതോടൊപ്പം, അമിതാവേശം കാണിക്കുന്നില്ല എന്നും ഉറപ്പുവരുത്തുക.

19. ബോധവൽക്കരണ പരിപാടികളുടെ രീതി മാറ്റുക. വെറും പ്രസംഗങ്ങൾ വേണ്ട. മനശാസ്ത്ര വിദഗ്ധരുടെ ക്ലാസുകൾ, എക്സൈസ് വിദഗ്ധരുടെ നിർദ്ദേശങ്ങൾ, ലഹരിയിൽ നിന്ന് വീണ്ടെടുത്തവരുടെ അനുഭവ വിവരണം, മയക്കുമരുന്ന് ഭീകരത വെളിപ്പെടുത്തുന്ന ചെറു ഫിലിമുകൾ എന്നിവയൊക്കെ ആയിരിക്കണം നടത്തേണ്ടത്.

20. ലഹരിക്കെണിയുടെ പിന്നിൽ വൻശക്തികളാണെന്ന് അറിയാത്തവരില്ല. അതാണ് എല്ലാവരുടെയും പേടിക്കും ശങ്കക്കും കാരണവും. സാധാരണ ഇരകളെ സൗമനസ്യത്തോടും ഗുണകാംക്ഷയോടും കൈകാര്യം ചെയ്യണം. പക്ഷേ വിതരണക്കാരോട് നിർദാക്ഷിണ്യ സമീപനമാണ് വേണ്ടത്. അവരെ കണ്ടെത്താൻ തന്റേടികളായ നാട്ടുകാരുടെ പ്രാദേശിക സ്ക്വാഡുകൾ രൂപീകരിക്കണം. അവരുടെ ഇടപെടൽ താക്കീതും ജനകീയശിക്ഷയുമായി ലഹരിയുടെ കച്ചവടക്കാർക്ക് ‘അനുഭവപ്പെടണം’. അവരെ ശക്തമായി ജനവും പോലീസും കൈകാര്യം ചെയ്താൽ മേൽക്കണ്ണികൾ തിരിച്ചറിയപ്പെടും. അവരെയാണ് അധികാരവും നിയമവും ജനകീയ ഐക്യവുമെല്ലാം ചേർന്ന് അന്തിമമായി തകർക്കേണ്ടത്.

ആവർത്തിക്കട്ടെ, നമ്മൾ ഓരോ കക്ഷിയും ഞങ്ങൾ അത് ചെയ്തു, ഇത് ചെയ്യുന്നു എന്ന് എത്ര അവകാശവാദമുന്നയിച്ചിട്ടും ഒരു കാര്യമില്ല., അതൊക്കെ ഭാഗികമായ പ്രവർത്തനം മാത്രമാണ്. കൂട്ടായ നിസ്വാർത്ഥ പ്രവർത്തനത്തിന് മാത്രമേ ഈ വിഷയത്തിൽ വിജയിക്കാൻ കഴിയുകയുള്ളൂ, നാടിനെ രക്ഷിക്കാൻ കഴിയുകയുള്ളൂ!
==============================

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: