മലയാളികളെ ആക്ഷേപിക്കൽ: അർണബ‌് ഗോസ്വാമിക്കെതിരെ കണ്ണൂർ കോടതി കേസെടുത്തു

കണ്ണൂർ: കേരളീയരെ നാണംകെട്ടവരെന്ന‌് അധിക്ഷേപിച്ച റിപ്പബ്ലിക‌് ടിവി മാനേജിങ‌് ഡയറക്ടറും എഡിറ്റുമായ അർണബ‌് ഗോസ്വാമിക്കെതിരെ കണ്ണൂർ ഒന്നാംക്ലാസ‌് ജുഡീഷ്യൽ മജിസ‌്ട്രേറ്റ‌് കോടതി(ഒന്ന‌്) കേസെടുത്തു. ജൂൺ 20ന‌് ഹാജരാകാൻ ആവശ്യപ്പെട്ട‌് സമൻസ‌് അയക്കാനും ഉത്തരവായി. കണ്ണൂർ പീപ്പിൾസ‌് ലോ ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. പി ശശി സമർപ്പിച്ച മാനനഷ്ട ഹർജിയിലാണ‌് നടപടി.
2018 ആഗസ‌്ത‌് 24നാണ‌് കേരളീയരെ ഒന്നടങ്കം അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന വിവാദ പരാമർശം അർണബ‌് ഗോസ്വാമിയിൽനിന്നുണ്ടായത‌്. നൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ പ്രളയദുരന്തത്തിൽപ്പെട്ടുഴറിയ കേരളത്തിന‌് യുഎഇ സർക്കാർ 700 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചതിനെ പരിഹസിച്ച‌് റിപ്പബ്ലിക‌് ടിവി ചർച്ച സംഘടിപ്പിച്ചിരുന്നു. ഈ ചർച്ചയ‌്ക്കിടെയാണ‌് അവതാരകനായ അർണബ‌് മാധ്യമ മര്യാദയുടെയും ജനാധിപത്യ സംസ‌്കാരത്തിന്റെയും എല്ലാ അതിർവരമ്പുകളും കാറ്റിൽപറത്തി മലയാളികളെ ആക്ഷേപിച്ചത‌്.
‘നാണംകെട്ടവരാണ‌് കേരളീയർ; ഇന്ത്യയിൽ ഞാൻ കണ്ട ഏറ്റവും നാണംകെട്ട കൂട്ടർ’ എന്നായിരുന്നു പരാമർശം. ലോകത്തെങ്ങുമുള്ള മലയാളികളെ ആക്ഷേപിക്കുന്ന, അത്യന്തം അപകീർത്തികരമായ പരാമർശമാണിതെന്നു കാണിച്ച‌് പി ശശി ആദ്യം അർണബ‌് ഗോസ്വാമിക്ക‌് വക്കീൽ നോട്ടീസ‌് അയച്ചിരുന്നു. ഏഴുദിവസത്തിനകം മലയാളി സമൂഹത്തോട‌് നിർവ്യാജം ഖേദംപ്രകടിപ്പിക്കണമെന്നും അല്ലാത്തപക്ഷം പത്തുകോടി രൂപ നഷ്ടപരിഹാരമായി മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്കു നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു നോട്ടീസ‌്. മറുപടി തൃപ‌്തികരമല്ലാത്തതിനാലാണ‌് ഇന്ത്യൻ ശിക്ഷാ നിയമം 500, ക്രിമിനൽ നടപടിച്ചട്ടം 190 പ്രകാരം കോടതിയിൽ ഹർജി ഫയൽ ചെയ‌്തത‌്.
പ്രാഥമിക വിചാരണയുടെ ഭാഗമായി അഡ്വ. പി ശശി, സാക്ഷികളായ പ്രൊഫ. ടി വി ബാലൻ, ഡോ. എ വി അജയകുമാർ, അഡ്വ. ടി അശോക‌് കുമാർ എന്നിവരുടെ മൊഴിയും കോടതി രേഖപ്പെടുത്തി. തുടർന്നാണ‌് പ്രഥമദൃഷ്ട്യാ കേസുണ്ടെന്നു കണ്ടെത്തി മജിസ‌്ട്രേറ്റ‌് എം സി ആന്റണി ഹർജി ഫയലിൽ സ്വീകരിച്ചത‌്. ഹർജിക്കാരനുവേണ്ടി അഡ്വ. വി ജയകൃഷ‌്ണൻ കോടതിയിൽ ഹാജരായി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: