പ്രസവിച്ച കുഞ്ഞിനെ കൊന്ന ശരണ്യക്ക് ജയിലിൽ പ്രത്യേക സുരക്ഷ; പിണറായിയിലെ സൗമ്യയുടെ അനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി

കണ്ണൂര്‍: ഒന്നര വയസ്സുള്ള മകനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ(22)യ്ക്ക് ജയിലില്‍ പ്രത്യേക സുരക്ഷ. സ്വന്തം മകളെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി പിണറായിയിലെ സൗമ്യയുടെ അനുഭവം മുന്നിലുള്ളതുകൊണ്ടാണ് ശരണ്യയുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത ഒരുക്കാന്‍ ജയില്‍ അധികൃതരെ പ്രേരിപ്പിച്ചിരിക്കുന്നത്. കണ്ണൂരിലെ വനിതാ ജയിലില്‍ കഴിഞ്ഞിരുന്ന സൗമ്യയെ 2018 ഓഗസ്റ്റ് 24ന് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ജയില്‍ വളപ്പിലെ കശുമാവിന് കൊമ്ബില്‍ തൂങ്ങിമരിക്കാനിടയായ സംഭവമുണ്ടായത് സുരക്ഷാ വീഴ്ചകൊണ്ടാണെന്നു കണ്ടെത്തി അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
അതുകൊണ്ടുതന്നെ പകലും രാത്രിയും ശരണ്യയെ നിരീക്ഷിക്കാന്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഒരു വാര്ഡന് ചുമതല നല്‍കിയിരിക്കുകയാണ് ജയിലധികൃതര്‍. പ്രതിയുടെ മാനസികാവസ്ഥ പരിഗണിച്ചാണ് തീരുമാനം. കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡ് തടവുകാര്‍ കഴിയുന്ന ഡോര്‍മിറ്ററിയിലാണ് ശരണ്യയെ ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്.
ജയില്‍ ജീവനക്കാരുമായി ശരണ്യ സഹകരിക്കുന്നുണ്ട്. എങ്കിലും മാനസികനില മെച്ചപ്പെടുത്തുന്നതിനുള്ള കൗണ്‍സലിങ് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.