കണ്ണൂർ ജില്ലയിലെ ആദ്യ ലൈഫ് ഭവന സമുച്ചയത്തിന് നാളെ മുഖ്യമന്ത്രി പിണറായി വിജയൻ തലക്കല്ലിടും

0

കണ്ണൂർ : ജില്ലയിലെ ആദ്യ ലൈഫ് ഭവന സമുച്ചയത്തിന് കടമ്പൂരില്‍ 22ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടുമെന്ന് ജില്ലാ പഞ്ചയത്ത് പ്രസിഡന്റ് കെ വി സുമേഷ് ജില്ലാ കലക്ടര്‍ ടിവി സുഭാഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രീ ഫാബ് സാങ്കേതിക വിദ്യയുപയോഗിച്ച് സംസ്ഥാനത്ത് ആദ്യമായി നിര്‍മ്മിക്കുന്ന ലൈഫ് ഭവനസമുച്ചയം എന്ന പ്രത്യേകതയും ഇതിനുണ്ട്.

ലൈഫ് ഭവനപദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്തവര്‍ക്കാണ് പാര്‍പ്പിട സമുച്ചയമൊരുങ്ങുന്നത്. പനോന്നേരി വെസ്റ്റില്‍ കടമ്പൂര്‍ പഞ്ചായത്ത് വിട്ടുനല്‍കിയ 41 സെന്റ് സ്ഥലത്ത് ഒരുങ്ങുന്ന ഭവന സമുച്ചയത്തില്‍ നാല് നിലകളിലായി 44 വീടുകളാണ് നിര്‍മിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായ പെന്നാര്‍ ഇന്‍ഡസ്ട്രീസ് എന്ന കമ്പനിക്കാണ് നിര്‍മ്മാണ ചുമതല.

ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തില്‍ 2815 ഗുണഭോക്താക്കളാണുള്ളത്. ജില്ലയില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ഫ്‌ളാറ്റ് സമുച്ചയം പണിയുന്നതിന് 36 ഇടത്ത് സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ചിറക്കല്‍, കണ്ണപുരം, പട്ടുവം എന്നീ ഗ്രാമപഞ്ചായത്തുകളിലും ആന്തൂര്‍, പയ്യന്നൂര്‍ എന്നീ മുനിസിപ്പാലിറ്റികളിലും ഈ വര്‍ഷം ഏപ്രില്‍ മാസത്തോടു കൂടി ഭവന സമുച്ചയം നിര്‍മ്മാണം ആരംഭിക്കും.
2022 – ഓടു കൂടി സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും വീട് ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ലൈഫ് മിഷനുള്ളത്.

കേരളത്തില്‍ വീടില്ലാത്തവര്‍ക്ക് വാസസ്ഥലവും ഒപ്പം മികച്ച ജീവിത സാഹചര്യവും ഒരുക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. വിവിധ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളിലായി പൂര്‍ത്തിയാക്കപ്പെടാതിരുന്ന വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുക എന്നതായിരുന്നു ലൈഫ് മിഷന്റെ ഒന്നാം ഘട്ടം. ഇത്തരത്തില്‍ ജില്ലയില്‍ 2675 വീടുകളുണ്ടായിരുന്നതില്‍ 2589 വീടുകളും പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ബാക്കിയുള്ള 86 വീടുകള്‍ ഈ മാസം അവസാനത്തോടു കൂടി പൂര്‍ത്തീകരിക്കും.
ഭൂമിയുള്ള ഭവന രഹിതര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന ലൈഫ് മിഷന്റെ രണ്ടാം ഘട്ടത്തില്‍ ജില്ലയില്‍ അര്‍ഹരായ 7492 പേരില്‍ 7346 പേരാണ് തദ്ദേശഭരണ സ്ഥാപനങ്ങളുമായി കരാറിലേര്‍പ്പെട്ടത്. ഇതില്‍ തന്നെ 5731 ഗുണഭോക്താക്കള്‍ 90% നിര്‍മ്മാണം പൂര്‍ത്തീകരിച്ചു കഴിഞ്ഞു.

പിആര്‍ഡി ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, കടമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഗിരീശന്‍, വൈസ് പ്രസിഡന്റ് എ വിമലാ ദേവി, പ്രൊജക്ട് ഡയറക്ടര്‍ വി കെ ദിലീപ്, ലൈഫ് ജില്ല കോ ഓര്‍ഡിനേറ്റര്‍ കെ അനില്‍ എന്നിവരും പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading