വൻ ദുരന്തങ്ങൾ വിതച്ച് ബസ്സപകടങ്ങൾപെരുകുന്നു; പൂക്കിപ്പറമ്പ് മുതല്‍ അവിനാശി വരെ കേരളത്തെ കണ്ണീരിലാഴ്ത്തിയ ബസ്സപകടങ്ങള്‍ ഇവയാണ്

കേരളത്തെ നടുക്കി വീണ്ടുമൊരു ബസ് അപകടം. കോയമ്പത്തൂരിനടുത്ത് അവിനാശിയിൽ കെഎസ്ആർടിസി ബസ്സും കണ്ടെയ്നർ ലോറിയും കൂട്ടിയിട്ട് 19 പേരാണ് മരിച്ചത്. സംസ്ഥാനത്ത് മുമ്പ് നടന്ന പല അപകടങ്ങൾക്കും പിന്നാലെ അന്വേഷണങ്ങൾ നടത്തുകയും അപകടത്തിന്റെ കാരണങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ വൻ ദുരന്തങ്ങൾ ആവർത്തിക്കുകയാണ്. കേരളത്തെ കണ്ണീരിലാഴ്ത്തിയ വലിയ ബസ്സപകടങ്ങൾ ഇവയാണ്.

പൂക്കിപ്പറമ്പ് ബസ് അപകടം
യാത്രക്കാരെ കുത്തിനിറച്ച് അമിതവേഗത്തിൽ കുതിച്ച സ്വകാര്യ ബസ് നിയന്ത്രണംവിട്ടശേഷം കാറുമായി ഇടിച്ച് മറിഞ്ഞ് കത്തിയതിനെത്തുടർന്ന് 41 പേരാണ് വെന്തുമരിച്ചത്. 2001 മാർച്ച് 11 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിനുശേഷം ദേശീയപാത 17 ലെ പൂക്കിപ്പറമ്പിന് സമീപമായിരുന്നു അപകടം. ഗുരുവായൂരിൽനിന്ന് തലശ്ശേരിക്ക് പോയ പ്രണവം എന്ന ബസ്സാണ് കത്തിയത്. എഴുപതിലേറെ പേരുണ്ടായിരുന്ന ബസ് മറിഞ്ഞ സ്ഥലത്ത് രക്ഷാപ്രവർത്തനം അസാധ്യമായ വിധത്തിൽ തീ പടർന്നു. പലരും സീറ്റിൽ ഇരുന്ന നിലയിൽതന്നെ വെന്തുപോയി. മരിച്ചവരിൽ 15 പേരെ മാത്രമെ തിരിച്ചറിയാൻ കഴിഞ്ഞുള്ളൂ.

ആലപ്പുഴയിൽ ബസ്സിന് തീപ്പിടിച്ച് മരിച്ചത് 40 പേർ
കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സും കയറുൽപ്പന്നങ്ങൾ കയറ്റിയ ലോറിയും കൂട്ടിയിടിച്ച് തീപ്പിടിച്ചതിനെ തുടർന്ന് നാൽപ്പതോളം യാത്രക്കാരാണ് വെന്തുമരിച്ചത്. നിരവധി പേർക്ക് ഗുരുതര പൊള്ളലേറ്റു. 1994 ഫെബ്രുവരി ആറിന് ദേശീയ പാതയിൽ ആലപ്പുഴ ജില്ലയിലെ എഴുപുന്ന പഞ്ചായത്തിൽപ്പെട്ട ചമ്മനാട്ടായിരുന്നുഅപകടം. ആറ്റിങ്ങലിലേക്ക് പോയ ബസ്സും കൊല്ലത്തുനിന്ന് വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.

11 പേർ മരിച്ച മദ്ദൂർ അപകടം
ബെംഗളൂരു – മൈസൂർ ദേശീയപാതയിൽ കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് 11 പേരാണ് മരിച്ചത്. 2001 ജൂലായ് 29ന് മദ്ദൂരിൽനിന്നും ഏഴു കിലോമീറ്റർ അകലെ നെടുഗട്ട എപിഎംസി ചെക്ക് പോസ്റ്റിന് എതിർവശം പുലർച്ചെ 12.30നായിരുന്നു അപകടം. ബെംഗളൂരുവിൽനിന്ന് വടകരയിലേക്കുവന്ന ബസ്സും ബംെഗളൂരുവിലേക്ക് പോയ ലോറിയുമാണ് കൂട്ടിയിടിച്ചത്. ബസ്സിലുണ്ടായിരുന്ന ഒമ്പതുപേരും ലോറിയിൽ ഉണ്ടായിരുന്ന രണ്ടു പേരുമാണ് മരിച്ചത്.

താനൂരിൽ ബസ് ഓട്ടോയിലിടിച്ച് മരിച്ചത് എട്ടുപേർ
മലപ്പുറം താനൂരിൽ സ്വകാര്യ ബസ് ഓട്ടോറിക്ഷയിൽ ഇടിച്ച് നാല് കുട്ടികളും രണ്ട് സ്ത്രീകളും അടക്കം ബന്ധുക്കളായ എട്ടുപേരാണ് മരിച്ചത്. 2013 ഓഗസ്റ്റ് 31 നായിരുന്നു അപകടം. കോഴിക്കോട്ടുനിന്ന് തിരൂരിലേക്ക് പോയ ബസ്സാണ് ഓട്ടോയിൽ ഇടിച്ചത്. പൂർണമായും തകർന്ന ഓട്ടോയിൽനിന്ന് യാത്രക്കാരെ പുറത്തെടുക്കാൻ ഏറെനേരം വൈകി. ഇതേത്തുടർന്ന് രോഷാകുലരായ നാട്ടുകാർ ബസ്സിന് തീവച്ച് നശിപ്പിച്ചിരുന്നു.

പുല്ലുപാറ ബസ് അപകടം
കെ.കെ റോഡിൽ ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്തിനും പെരുവന്താനത്തിനും ഇടയിൽ പുല്ലുപാറയ്ക്ക് സമീപം തമിഴ്നാടിന്റെ രാജീവ്ഗാന്ധി ട്രാൻസ്പോർട്ട് കോർപ്പറേഷൻ വക ബസ് നാനൂറോളം അടി താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുമാസം പ്രായമുള്ള പുഞ്ചുകുഞ്ഞടക്കം 11 പേരാണ് മരിച്ചത്. 49 പേർക്ക് പരിക്കേറ്റു. 1996 ജൂലായ് ഏഴ് ഞായറാഴ്ച പുലർച്ചെ മൂന്നരയോടെ ആയിരുന്നു അപകടം.

കുന്നംകുളത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചത് പത്തുപേർ
കുന്നംകുളത്ത് വിവാഹ സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലറും ബസ്സും കൂട്ടിയിടിച്ച് പത്തുപേരാണ് മരിച്ചത്. ടെമ്പോ ട്രാവലറിലെ യാത്രക്കാരാണ് മരിച്ചവരെല്ലാം. 2006 മെയ് 29 ന് ഉച്ചയ്ക്ക് 1.10 ന് കുന്നംകുളത്തിനടുത്ത് കാണിപ്പയ്യൂർ യൂണിറ്റി ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. പഴുന്നാന പള്ളിയിൽ വിവാഹ ചടങ്ങ് കഴിഞ്ഞ് കുന്നംകുളം – വടക്കാഞ്ചേരി റോഡിലെ ഓഡിറ്റോറിയത്തിലേക്ക് സദ്യയ്ക്കായി പോയവരാണ് അപകടത്തിൽപ്പെട്ടത്. കുറ്റിപ്പുറത്തുനിന്ന് തൃശ്ശൂരിലേക്ക് പോയ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സാണ് ടെമ്പോ ട്രാവലറിൽ ഇടിച്ചത്.

കോയമ്പത്തൂരിന് സമീപമുണ്ടായ വാഹനാപകടം
കോയമ്പത്തൂർ – പാലക്കാട് ദേശീയപാതയിലെ നവക്കര പാലത്തിനടുത്ത് നടന്ന റോഡപകടത്തിൽ ആറ് മലയാളികളും രണ്ട് സ്ത്രീകളുമടക്കം 16 പേരാണ് മരിച്ചത്. തിരുപ്പൂരിൽനിന്ന് ഗുരുവായൂരിലേക്ക് പോയ ടെമ്പോ ട്രാവലറും ചങ്ങനാശ്ശേരിയിൽനിന്ന് മേട്ടുപ്പാളയത്തേക്ക് വിനോദ സഞ്ചാരികൾ പോയ ടാറ്റാ സുമോയുമാണ് കൂട്ടിയിടിച്ചത്. 1997 ഒക്ടോബർ 27-നായിരുന്നു അപകടം.

രാജാക്കാട് ബസ് അപകടം
തിരുവനന്തപുരത്തുനിന്ന് വിനോദ യാത്രയ്ക്കെത്തിയ എൻജിനിയറിങ് വിദ്യാർഥികളുടെ ബസ് ഇടുക്കി രാജാക്കാടിനടുത്ത് എൺപതടി താഴ്ചയിലെ റോഡിലേക്ക് മറിഞ്ഞ് എട്ടുപേരാണ് മരിച്ചത്. ഏഴ് വിദ്യാർഥികൾക്കും ബസ്സിന്റെ ക്ലീനർക്കും ജീവൻ നഷ്ടമായി. തിരുവനന്തപുരം വെ്ള്ളനാട് സാരാഭായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ്ങിലെ ബി ടെക്ക് (ഇലക്ട്രിക്കൽ ആൻഡ് ഇൻസ്ട്രുമെന്റേഷൻ) അവസാനവർഷ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. 2013 മാർച്ച് 25 നായിരുന്നു അപകടം.

താഴത്തങ്ങാടി ബസ് അപകടം
കോട്ടയത്തിന് സമീപം താഴത്തങ്ങാടിയിൽ അറുപുഴ ഭാഗത്ത് സ്വകാര്യ ബസ് മീനച്ചിലാറ്റിലേക്ക് മറിഞ്ഞ് പത്തുപേർ മരിച്ചു. ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ 25 പേർ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. രക്ഷാപ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു. കാറിന് സൈഡ് കൊടുക്കവെ നിയന്ത്രണംവിട്ട ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് ആറ്റിലേക്ക് വീണത്. 2010 മാർച്ച് 23നായിരുന്നു അപകടം.

പാലായ്ക്കടുത്ത് ബസ് കത്തി 17 പേർ മരിച്ചു
പാലായിൽനിന്ന് തൊടുപുഴയിലേക്ക് പോയ സ്വകാര്യ ബസ് മറിഞ്ഞ് തീപ്പിടിച്ച് 15 സ്ത്രീകളും രണ്ട് കുട്ടികളും വെന്തു മരിച്ചു. ഐങ്കൊമ്പ് നോർത്തിൽ 1998 ഒക്ടോബർ 22 ന് രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം.

മലപ്പുറത്തിന് സമീപം ബസ്സും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടം
മലപ്പുറം – മഞ്ചേരി റോഡിലെ കാട്ടുങ്ങലിനടുത്ത് വിവാഹപ്പാർട്ടി സഞ്ചരിച്ച ജീപ്പും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് സ്ത്രീകളും കുട്ടികളും അടക്കം 17 പേരാണ് മരിച്ചത്. ജീപ്പ് യാത്രക്കാരാണ് മരിച്ചവരെല്ലാം. 1998 ഫെബ്രുവരി 22 നായിരുന്നു അപകടം.

കൂറ്റനാട് ബസ് അപകടം
കുന്നംകുളത്തിനടുത്ത് കൂറ്റനാട് സ്വകാര്യ ബസ് നിയന്ത്രണംവിട്ട് പാടത്തേക്ക് മറിഞ്ഞ് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം 12 പേർ മരിച്ചു. അറുപതോളം പേർക്ക് പരിക്കേറ്റു. 1997 ജൂലായ് ഏഴിനായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റും വെള്ളത്തിൽവീണ് ശ്വാസംമുട്ടിയുമാണ് മിക്കവരും മരിച്ചത്.

കിടങ്ങറ ബസ് അപകടം
ആലപ്പുഴ – ചങ്ങനാശ്ശേരി റോഡിൽ കിടങ്ങറ ഒന്നാം പാലത്തിനടുത്ത് നിറയെ യാത്രക്കാരുമായിവന്ന കെഎസ്ആർടിസി ബസ് ആറ്റിലേക്ക് മറിഞ്ഞ് പത്തുപേർ മരിച്ചു. അഞ്ച് കുട്ടികളും ഒരു സ്ത്രീയും അടക്കമുള്ളവരാണ് മരിച്ചത്. 40ലധികം പേർക്ക് പരിക്കേറ്റു. 1998 മെയ് ഏഴിനാണ് അപകടം നടന്നത്.

മൈലക്കാട് അപകടം
കൊല്ലം ചാത്തന്നൂരിനടുത്ത് മൈലക്കാട്ട് ദേശീയപാതയിൽ കരിങ്കൽ ലോറി സ്വകാര്യ ബസ്സിലിടിച്ച് പത്തുപേർ മരിച്ചു. അറുപതോളം പേർക്ക് പരിക്കേറ്റു. 1997 മെയ് അഞ്ചിനാണ് അപകടം നടന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: