ജില്ലയിലെ ഹോട്ടലുകളിൽ ഹരിതപെരുമാറ്റച്ചട്ടം നടപ്പിലാക്കും

ജില്ലയിലെ ഹോട്ടലുകളിൽ ഹരിതപെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഡിസ്‌പോസിബിൾ പ്ലേറ്റുകളും ഗ്ലാസുകളും ജ്യൂസ് നൽകുന്ന പാത്രങ്ങളും സ്‌ട്രോയും പൂർണ്ണമായി ഒഴിവാക്കുവാൻ ധാരണയായി. ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ, വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി  തുടങ്ങിയ സംഘടന പ്രതിനിധികളുമായി ജില്ലാ കലക്ടർ മീർ മുഹമ്മദ് അലി നടത്തിയ ചർച്ചയിലാണ് തീരുമാനം.

ഡിസ്‌പോസിബിൾ വസ്തുക്കൾ ഒഴിവാക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പാത്രങ്ങളിൽ ഭക്ഷണം പാർസൽ വാങ്ങുന്നവർക്ക് വിലയിൽ 10 ശതമാനം  കിഴിവ് നൽകുന്ന സംവിധാനവും പുനഃസ്ഥാപിക്കുന്ന കാര്യം സജീവമായി പരിഗണിക്കും.

മാനദണ്ഡം പാലിക്കാതെ പാതയോരങ്ങളിൽ പ്രവർത്തിക്കുന്ന തട്ടുകടകൾ പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിനു വേണ്ടി ബന്ധപ്പെട്ട വകുപ്പുകൾക്ക്  കലക്ടർ കർശന നിർദ്ദേശം നൽകി. പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതായി റസിഡന്റ് അസോസിയേഷൻ ഭാരവാഹികൾ ശ്രദ്ധയിൽപ്പെടുത്തി. ഇത്തരം കാര്യങ്ങളിൽ അന്വേഷിച്ച് നടപടിയെടുക്കുവാൻ ബന്ധപ്പെട്ട തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകാനും യോഗം തീരുമാനിച്ചു. വിവാഹം മറ്റ് പൊതുപരിപാടികൾ  എന്നിവ സംഘടിപ്പിക്കുമ്പോൾ അതാതു തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ മുൻകൂട്ടി വിവരം  അറിയിച്ച് ഹരിതപെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നുണ്ടെന്ന്  ഉറപ്പുവരുത്തേണ്ടത് ജനങ്ങളുടെ കൂടി കടമയാണെന്ന് യോഗം ഓർമ്മിപ്പിച്ചു.

പ്ലാസ്റ്റിക്ക് മാലിന്യം കത്തിക്കുന്നതും ഡിസ്‌പോസിബിൾ സാധനങ്ങൾ ഉപയോഗിക്കുന്നതുമായ ഫോട്ടോകൾ എടുത്ത് വാട്‌സ്പ്പിൽ അയച്ച് പരാതിപ്പെടാനുള്ള സംവിധാനം പൊതുജനങ്ങൾക്കായി  നടപ്പാക്കാനും യോഗത്തിൽ നിർദ്ദേശമുണ്ടായി.

വൻകിട ഹോട്ടലുകളിൽ വ്യാപകമായി ചെറിയ കുപ്പികളിൽ വരെ കുടിവെള്ളം വിതരണം ചെയ്യുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അത്തരം ഹോട്ടലുകളുമായി ബന്ധപ്പെട്ടവരുടെ യോഗം അടിയന്തിരമായി വിളിച്ചുകുട്ടാനും കലക്ടർ നിർദ്ദേശിച്ചു. ഹരിതപെരുമാറ്റച്ചട്ടം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി കടകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കൂടുതൽ റെയ്ഡുകൾ നടത്താൻ ബന്ധപ്പെട്ടവർക്ക് കലക്ടർ നിർദ്ദേശം നൽകി.

യോഗത്തിൽ ഹരിതകേരളം ജില്ലാകോർഡിനേറ്റർ, ഇ കെ സോമശേഖരൻ, ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ അബിജിത് ടി ജി എന്നിവരും ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ, വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി  കുക്കിംങ്ങ് വർക്കേഴ്‌സ് യൂണിയൻ,ഹയർ ഗുഡ്‌സ് ഓണേർസ് അസോസിയേഷൻ, വിവിധ റസിഡന്റ് അസോസിയേഷനുകൾ,  ഹോംസ്റ്റേ അസോസിയേഷൻ, കാറ്ററിങ്ങ്  അസോസിയേഷൻ  എന്നീ സംഘടനകളുടെ പ്രതിനിധികളും സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: