കൈത്തറിയെ പഴയ പ്രതാപത്തിലേക്ക്  തിരിച്ചെത്തിക്കുക ലക്ഷ്യം: മന്ത്രി ഇ പി ജയരാജന്‍

കൈത്തറിയെ പഴയകാല പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. ടെക്‌സ്റ്റൈല്‍-വസ്ത്രനിര്‍മാണ മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്ന വിഷയത്തില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡും പബ്ലിക് സെക്ടര്‍ റീസ്ട്രക്ച്ചറിംഗ് ആന്റ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡും (റിയാബ്) ചേര്‍ന്ന് കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വിദഗ്ധ ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

ഏത് ഗ്രാമത്തില്‍ പോയാലും കൈത്തറി യന്ത്രത്തിലെ ഓടം ചലിക്കുന്ന ശബ്ദം കേള്‍ക്കുന്ന സ്ഥിതിയുണ്ടായിരുന്നു നമ്മുടെ നാട്ടില്‍. കേരളത്തില്‍ നിന്നുള്ള ഏറ്റവും വലിയ കയറ്റുമതിയായി കൈത്തറി മാറിയ കാലമായിരുന്നു അത്. ആ നല്ല കാലത്തെ വീണ്ടെടുക്കുകയാണ് ലക്ഷ്യം. സ്‌കൂള്‍ യൂനിഫോം പദ്ധതിയിലൂടെ സംസ്ഥാനത്തെ മുഴുവന്‍ കൈത്തറി തൊഴിലാളികള്‍ക്കും തൊഴില്‍ നല്‍കുകയും അവരുടെ ഉല്‍പ്പന്നങ്ങള്‍ മുഴുവനും അതിനായി ഉപയോഗപ്പെടുത്തുകയും ചെയ്യുകയാണ് സര്‍ക്കാര്‍. മേഖലയെ ശക്തിപ്പെടുത്തുന്നതിന് ആഭ്യന്തര-വിദേശ വിപണികള്‍ കണ്ടെത്തേണ്ടതുണ്ട്. 

കേരളത്തിന്റെ തനത് ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിപണികള്‍ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ വാണിജ്യമിഷന്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചതായും മന്ത്രി പറഞ്ഞു. പൊതു-സ്വകാര്യ മേഖലകളിലുള്ള കൈത്തറി, സ്പിന്നിംഗ് മില്‍ വ്യവസായങ്ങളെ ശക്തിപ്പെടുത്താനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. കേരളത്തിലെ വ്യവസായങ്ങള്‍ക്കാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ചുരുങ്ങിയ ചെലവില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ എത്തിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചതായും മന്ത്രി പറഞ്ഞു. 

ടെക്‌സ്റ്റൈല്‍സ് രംഗത്ത് കേരളം മികച്ച വിപണിയാണെങ്കിലും അത് ചൂഷണം ചെയ്യാന്‍ നമുക്ക് സാധിച്ചിട്ടില്ലെന്ന് ശില്‍പശാലയില്‍ വിഷയാവതരണം നടത്തിയ സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ജയന്‍ ജോസ് തോമസ് അഭിപ്രായപ്പെട്ടു. വസ്ത്രവില്‍പ്പന രംഗത്ത് മാത്രമാണ് ഈ മേഖലയില്‍ കേരളത്തില്‍ ഇപ്പോള്‍ തൊഴില്‍ ലഭിക്കുന്നത്. നിര്‍മാണം ഉള്‍പ്പെടെയുള്ള മേഖലകളില്‍ തൊഴില്‍ സൃഷ്ടിക്കുന്ന കാര്യം പരിഗണിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ശില്‍പശാലയില്‍ എം പ്രകാശന്‍ മാസ്റ്റര്‍, റിയാബ് ചെയര്‍മാന്‍ എന്‍ ശശിധരന്‍ നായര്‍, കൈത്തറി-ടെക്‌സ്റ്റൈല്‍സ് വകുപ്് ഡയരക്ടര്‍ കെ സുധീര്‍, കെഎസ്ടിസി എംഡി എം ഗണേശ്, ഐഐഎച്ച്ടി എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ എന്‍ ശ്രീധന്യന്‍, നിഫ്റ്റ് അസിസ്റ്റന്റ് പ്രഫസര്‍ ടി അഭിലാഷ് ബാലന്‍, എസ് കൃഷ്ണകുമാര്‍, സി ജയചന്ദ്രന്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിച്ചു. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: