തളിപ്പറമ്പിൽ ഡി.സി.സി ജന. സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം

തളിപ്പറമ്പ്: ഡി.സി.സി ജന. സെക്രട്ടറി അഡ്വ. രാജീവൻ കപ്പച്ചേരിയുടെ വീടിന് നേരെ അക്രമം. രാത്രി 10 മണിയോടെ വീടിൻ്റെ വരാന്തയിൽ പ്രധാന വാതിലിനോട് ചേർന്ന് സോഫാ സെറ്റുകൾ കുട്ടിയിട്ട് തീ വെക്കുകയായിരുന്നു.
സോഫാ സെറ്റുകൾ കത്തിനശിച്ചു. വാതിലിനും കേട് പാടുകൾ സംഭവിച്ചു. ജനൽ ഗ്ലാസുകളും തകർത്തിട്ടുണ്ട്. അറ്റകുറ്റപണി നടക്കുന്നതിനാൽ രാജീവനും കുടുംബവും പരിയാരത്താണ് താമസം. തീ കത്തുന്നത് കണ്ട് നാട്ടുകാരാണ് രാജീവനെ വിളിച്ച് വിവരമറിയിച്ചത്. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പട്ടുവം ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർഥിയും കഴിഞ്ഞ തവണ പട്ടുവം പഞ്ചാചായത്ത് അംഗവുമായിരുന്നു രാജീവൻ കപ്പച്ചേരി.
സംഭവത്തിന് പിറകിൽ സി പി എമ്മാണെന്ന് രാജീവൻ ആരോപിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.പി.എം മത തീവ്രവാദ ബന്ധമുള്ളവരുമായി ചേർന്ന് നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനുള്ള പ്രതികാരമാണെന്ന സംശയമുണ്ടെന്നും രാജീവൻ കപ്പച്ചേരി പ്രതികരിച്ചു. സംഭവമറിഞ്ഞ് തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി.