സംസ്ഥാനത്തെ ബാറുകൾ ഈ മാസം അവസാനത്തോടെ തുറന്നേക്കും

സംസ്ഥാനത്തെ ബാറുകൾ ഈ മാസം അവസാനത്തോടെ തുറന്നേക്കും. ഇക്കാര്യം 23ന് ചേരുന്ന മന്ത്രിസഭായോഗം ചർച്ച ചെയ്യുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. ക്രിസ്മസിനും പുതുവർഷത്തിനും മുൻപ് ബാറുകൾ തുറക്കുന്ന രീതിയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിന്റെ നിലപാട് നിർണായകമാണ്.

ലോക്ഡൗൺ ആരംഭിച്ചപ്പോഴാണ് ബാറുകൾ പൂട്ടിയത്. കൗണ്ടറുകളിലൂടെയുള്ള വിൽപ്പന മാത്രമാണ് ഇപ്പോഴുള്ളത്. ബാറുകൾ തുറന്നാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവർത്തനം. ഒരു മേശയ്ക്ക് ഇരുവശവും അകലം പാലിച്ച് രണ്ടുപേരെ മാത്രമേ ഇരിക്കാൻ അനുവദിക്കൂ. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് എക്സൈസും പൊലീസും ഉറപ്പുവരുത്തും.

ബാറുകൾ തുറക്കണമെന്ന ആവശ്യവുമായി സെപ്റ്റംബറിൽ ഉടമകൾ സർക്കാരിനെ സമീപിച്ചതിനെത്തുടർന്ന് എക്സൈസും സിപിഎം സെക്രട്ടേറിയറ്റും ചർച്ച ചെയ്തിരുന്നു. അനുകൂല നിലപാട് ഉണ്ടായെങ്കിലും കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ തിടുക്കപ്പെട്ട് തീരുമാനം വേണ്ടെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ബാറുകള്‍ തുറന്നാൽ കോവിഡ് രൂക്ഷമാകുമെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പു നൽകിയതോടെ തീരുമാനം മാറ്റി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: