ഡല്‍ഹിയില്‍ പ്രതിഷേധങ്ങള്‍ തുടരുന്നു ; മാധ്യമപ്രവര്‍ത്തകരുടെ കസ്റ്റഡിയില്‍ വ്യാപക പ്രതിഷേധം

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം തുടരുന്നു. ജാമ മസ്ജിദില്‍ നിന്നും ജന്തര്‍ മന്തറിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്താനിരുന്ന ഭീം ആര്‍മിക്ക് പോലീസ് അനുമതി നിഷേധിച്ചു. മാര്‍ച്ചില്‍ ജെ.എന്‍.യു, ജാമിയ മില്ലിയ ഇസ്ലാമിക യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികളും പങ്കെടുക്കുമെന്ന് സൂചന നല്‍കിയിരുന്നു.

പ്രതിഷേധക്കാരെ നേരിടാന്‍ പോലീസ് ഇന്നും ചെങ്കോട്ടയ്ക്കും സമീപ പ്രദേശങ്ങളിലും 144 പ്രഖ്യാപിച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ ഗതാഗത നിയന്ത്രണവും പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെട്രോ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചു. വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിരീക്ഷണത്തിന് അഞ്ച് ഡ്രോണ്‍ കാമറകള്‍ ഏര്‍പ്പെടുത്തി. ഇവിടെ 12 ഇടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലും കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി.

അതേസമയം, പശ്ചിമ ബംഗാള്‍ സമാധാനപരമാണ്. പുതിയ സംഘര്‍ഷങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിവിധ സമുദായ നേതാക്കളുമായി പോലീസ് ഇന്ന് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ച ബംഗാള്‍ പ്രക്ഷുബ്ദമായിരുന്നുവെങ്കിലും സമരങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെ രംഗത്തെത്തിയിരുന്നു.

അതിനിടെ, മംഗലൂരുവില്‍ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത പോലീസ് നടപടിയില്‍ പ്രതിഷേധം ശക്തമാകുകയാണ്. കേരളത്തില്‍ നിന്നുള്ളവരടക്കം 30 മാധ്യമപ്രവര്‍ത്തകരെയാണ് മംഗലൂരു കമ്മീഷണര്‍ കസ്റ്റഡിയില്‍ എടുത്തത്. രേഖകള്‍ പരിശോധിച്ച ശേഷം ഇവരെ വിട്ടയക്കുമെന്ന് പോലീസ് പറയുന്നു. റിപ്പോര്‍ട്ട് ചെയ്യണമെങ്കില്‍ കര്‍ണാടക സര്‍ക്കാരിന്റെ അക്രെഡിറ്റേഷന്‍ കാര്‍ഡ് വേണമെന്നാണ് പോലീസ് നിലപാട്. കേരള-കര്‍ണാടക അതിര്‍ത്തിയില്‍ പോലീസ് വാഹനങ്ങള്‍ തടയുകയാണ്.

ഏഷ്യാനെറ്റ്, മീഡിയ വണ്‍, ന്യൂസ്24, മാതൃഭൂമി ചാനല്‍ റിപ്പോര്‍ട്ടര്‍മാരെയും കാമറമാന്‍മാരേയും മറ്റ് ജീവനക്കാരേയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരെയുമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കേരളത്തില്‍ നിന്നുള്ള രണ്ട് പേരെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ അറസ്റ്റു ചെയ്തിട്ടില്ലെന്നും രേഖകള്‍ പരിശോധിച്ച ശേഷം ഇവരെ വിട്ടയച്ചുവെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ പറയുന്നു. ഇവരെ കേരളത്തിലേക്ക് അയക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിഛേദിച്ചിരിക്കുന്നതിനാല്‍ ഇവരെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: