ജാർഖണ്ഡിൽ അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി

ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞടുപ്പിൻ്റെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഇന്ന് രാവിലെ ഏഴ് മണി മുതൽ വൈകുന്നരം അഞ്ച് മണിവരെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് അതീവ സുരക്ഷയിലാണ് അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 40 ലക്ഷം ജനങ്ങളാണ് അഞ്ചാംഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തുക. എല്ലാ വോട്ടർമാരും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.ജാര്‍ഖണ്ഡിലെ 16 മണ്ഡലങ്ങളിലെ ജനങ്ങളാണ് അവസാനഘട്ടത്തിൽ പോളിങ് ബൂത്തിൽ എത്തുന്നത്. രാജ്‍മഹൽ, ബോറിയോ, ബര്‍ഹെയ്ത്ത്, ലിതിപാര, പകുര്‍, മഹേഷ്പൂര്‍, ശിഖാരിപര, ദുംക, ജാമ, ജര്‍മുണ്ഡി, നാല, ജംതാര, സരത്, പോരേയഹത്, ഗോദ, മഹാഗമ എന്നീ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. അഞ്ചാംഘട്ട വോട്ടെടുപ്പിൽ 29 വനിതകൾ ഉൾപ്പെടെ 236 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.മുൻ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറൻ, രണ്ട് മന്ത്രിമാര്‍ എന്നിവരാണ് അവസാനഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖര്‍. ജെഎംഎം-കോൺഗ്രസ്-ആര്‍ജെഡി സഖ്യത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണ് ഹേമന്ത് സോറൻ. ബര്‍ഹെയ്ത്ത്, ദുംക എന്നീ രണ്ട് മണ്ഡലങ്ങളിലാണ് ഹേമന്ത് സോറൻ മത്സരിക്കുന്നത്. കനത്ത മത്സരം നടക്കുന്ന ദുംകയിൽ വനിത ശിശുക്ഷേമ മന്ത്രിയും ബിജെപി നേതാവുമായ ലൂയിസ് മറാണ്ടിയാണ് ഹേമന്ത് സോറയുടെ എതിരാളി. കൃഷി മന്ത്രി രൺദീര്‍ സിങും അവസാനഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: