മലയാളി മാധ്യമപ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

പൗരത്വനിയമഭേദഗതിക്കെതിരേ നടക്കുന്ന പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ട മംഗളൂരുവില്‍ മലയാളികള്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. വാര്‍ത്തകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് സൂചന.വെന്റ് ലോക്ക് ആശുപത്രിയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ റിപ്പോര്‍ട്ടര്‍മാരും കാമറാമാന്‍മാരും അടക്കമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. മംഗളൂരുവിലെ സാഹചര്യങ്ങള്‍ സംബന്ധിച്ചുള്ള വാര്‍ത്തകള്‍തടയുന്നതിന്റെ ഭാഗമായാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ട്.സിറ്റി പോലീസ് കമ്മീഷണര്‍ ഡോ. പി.എസ് ഹര്‍ഷയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. കര്‍ഫ്യൂ മാധ്യമപ്രവര്‍ത്തകര്‍ക്കും ബാധകമാണെന്ന് പോലീസ് പറഞ്ഞു. പോലീസ് വാഹനത്തിലാണ് ഇവരെ കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത്. ഇവരുടെ ഫോണുകളും കാമറകളും പിടിച്ചെടുത്തു.ഇന്നലത്തെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ പ്രതിഷേധങ്ങള്‍ ഉണ്ടാവാനിടയുണ്ടെന്ന സൂചനയെ തുടര്‍ന്ന് മംഗളൂരുവില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നഗരത്തില്‍ 48 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ചത്തെ സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത 10 പേരെ പാണ്ഡവപുര സ്റ്റേഷനില്‍ ചോദ്യംചെയ്യുകയാണ്.വ്യാഴാഴ്ചത്തെ വെടിവെപ്പില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നയാളുടെ നില ഗുരുതരമായി തുടരുന്നു. പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ടു പേരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച 10 മണിയോടെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. മംഗളൂരുവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ നഗരം പൂര്‍ണമായും പോലീസ് നിയന്ത്രണത്തിലാണ്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ രാവിലെ 10 മണിയോടെ എഡിജിപിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: