ഇരിക്കൂര്‍ മണ്ഡലം നവകേരള സദസ്സ്;നവകേരള സദസ്സിന് രാഷട്രീയ നിറം നല്‍കിയത് പ്രതിപക്ഷം :മുഖ്യമന്ത്രി

0കേരളത്തിലെ പ്രതിപക്ഷം എല്ലാ കാലങ്ങളിലും സംഘര്‍ഷഭരിതമായ അന്തരീക്ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശ്രീകണ്ഠാപുരത്ത് ഇരിക്കൂര്‍ മണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല കാര്യങ്ങളും ബഹിഷ്‌കരിക്കാനാണ് യു ഡി എഫിന് താല്‍പര്യം. പ്രത്യേക മനോഭാവമാണത് അതില്‍ രാഷട്രീയവുമില്ല രാഷ്ട്രീയ നേട്ടവുമില്ല. ആദ്യം കേരളീയം പരിപാടി ബഹിഷ്‌കരിച്ചു. ഭാവി കേരളത്തെ മുന്നോട്ട് നയിക്കാനുതകുന്ന 25 സെമിനാറുകളും കലാപരിപാടികളുമായിരുന്നു കേരളീയത്തില്‍ നടന്നത്.എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ ഒന്നും ചെയ്യേണ്ട എന്നതാണ് നിലപാട്. പ്രതിപക്ഷത്തിന്റെ നിലപാട് അംഗീകരിച്ചിരുന്നുവെങ്കില്‍ ഇന്ന് കാണുന്ന മാറ്റം ഉണ്ടാകുമായിരുന്നോ. ഇപ്പോള്‍ നടക്കേണ്ടത് ഇപ്പോള്‍ നടക്കണം. നാടിന് വേണ്ടിയും ഭാവിതലമുറയ്ക്ക് വേണ്ടിയുമാണത്. ഇന്ന് ചെയ്യേണ്ട കാര്യങ്ങള്‍ ഇന്ന് ചെയ്തില്ലെങ്കില്‍ ഭാവി തലമുറയോട് ചെയ്യുന്ന അപരാധമാവുമത്. മുഖ്യമന്ത്രി പറഞ്ഞു.
ഇപ്പഴിതാ നവകേരള സദസ്സ് ബഹിഷ്‌കരിക്കുന്നു. എന്ത് രാഷ്ടീയമാണതില്‍? ഇവിടെ റവ. ഫാ.ജോസഫ് കാവനാടിയിലാണ് അധ്യക്ഷനായത്. ഇത്തരമൊരു സര്‍ക്കാര്‍ പരിപാടിയില്‍ മണ്ഡലത്തിലെ എംഎല്‍എ ആയിരിക്കും അധ്യക്ഷന്‍. ആയിരക്കണക്കിന് ജനങ്ങള്‍ കൂടുന്നിടത്ത് ജനപ്രതിനിധിയായ എം എല്‍ എയ്ക്ക് വരാനെന്താണ് തടസ്സം? അവധാനതയില്ലാത്ത രാഷ്ട്രീയ നേതൃത്വമുണ്ടായാലുള്ള അവസ്ഥയാണത്.
ജനപ്രതിനിധികള്‍ക്ക് ജനങ്ങള്‍ കൂടുന്നിടത്ത് താല്‍പര്യം കാണില്ലേ?? ജനങ്ങളെ തള്ളിക്കളയലാണോ നിങ്ങളുടെ നിലപാട്? എന്ത് ശത്രുതയാണ് ഈ പരിപാടിയോടുള്ളത്.? തീര്‍ത്തും സര്‍ക്കാര്‍ പരിപാടിയാണിത്.ഇതിന് രാഷ്ട്രീയ നിറം ചാര്‍ത്തിയതാരാണ്? പരിപാടി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചവരാണ് തെറ്റായ തീരുമാനം കൈകൊണ്ടവരാണ് മറ്റൊരു നിറം ചാര്‍ത്താന്‍ ശ്രമിച്ചത്. നിങ്ങളുടെ നിലപാടിനോടുള്ള പ്രതികരണമാണ് നവകേരള സദസ്സില്‍ വര്‍ദ്ധിച്ച് വരുന്ന ജനപങ്കാളിത്തം. കേരളത്തിന്റെ ഭാവി സുരക്ഷിതമാണ് എന്നതിന്റെ ഉറപ്പാണീ വര്‍ദ്ധിച്ച് വരുന്ന ജനസഞ്ചയം.ഒരു ശക്തിക്കും കേരളത്തെ തകര്‍ക്കാനോ തളര്‍ത്താനോ കഴിയില്ലെന്നതിന്റെ പ്രഖ്യാപനമാണത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സ്വാഗത സംഘം ചെയര്‍മാന്‍ റവ.ഫാ.ജോസഫ് കാവനാടിയില്‍ അധ്യക്ഷത വഹിച്ചു.മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, അഹമ്മദ് ദേവര്‍ കോവില്‍, സജി ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു. മറ്റ് മന്ത്രിമാര്‍, പി സന്തോഷ് കുമാര്‍ എം പി, മുന്‍ എംപിമാരായ പി കെ ശ്രീമതി, കെ കെ രാഗേഷ്, മുന്‍ എംഎല്‍എ എം വി ജയരാജന്‍, കലക്ടര്‍ അരുണ്‍ കെ വിജയന്‍, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എ എസ് ഷിറാസ്, വൈസ് ചെയര്‍മാന്‍ അഡ്വ.റോബര്‍ട്ട് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d