നവകേരളത്തിനായി ഒന്നായി മുന്നോട്ട് പോവണം: മന്ത്രി എം ബി രാജേഷ്

0

നവകേരളത്തിനായി ഒന്നായി സഞ്ചരിക്കാനാവാണമെന്ന് തദ്ദേശ ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്.  പയ്യന്നൂര്‍ പോലീസ് മൈതാനിയില്‍ പയ്യന്നൂര്‍ മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്രത്തില്‍ നിന്നും കേരളം നേരിടുന്ന അവഗണനയ്ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കാനാവണമെന്നും ഒരു കാലത്തും നേരിട്ടിട്ടില്ലാത്ത വിവേചനമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
സുതാര്യമായ ഭരണമാണ് കേരള സര്‍ക്കാരിന്റേത്. ഇതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ മൂല്യനിര്‍ണയം നടത്തുന്നതിന് വേണ്ടി വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.
ലൈഫ് ഭവന നിര്‍മ്മാണം, പി എസ് സി നിയമനം, പൊതു മേഖല സംരക്ഷണ തുടങ്ങിയ മേഖലകളിലെല്ലാം വലിയ രീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് കൊണ്ട് വന്നിട്ടുള്ളത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ സാമൂഹ്യപെന്‍ഷന്‍ നല്‍കുന്ന സംസ്ഥാനമാണ് കേരളം. ഒരു ഘട്ടത്തിലും ജനങ്ങളുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവെക്കാനോ വെട്ടിക്കുറക്കാനോ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. മറിച്ച് അവകാശപ്പെട്ട കൈകളില്‍ എല്ലാം എത്തിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ക്കായി ഭരണപക്ഷ പ്രതിപക്ഷ ഭേദമന്യേ ഒറ്റക്കെട്ടായി നമ്മളുണ്ടെന്ന് കാണിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും അത് നടക്കാതെ പോയതില്‍ ഖേദമുണ്ടെന്നും പ്രതിപക്ഷം പുനരാലോചന നടത്തുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങളുമായി സംവദിച്ച് ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടിയാണ് സംഥാനത്തുടനീളം നവകേരള സദസ്സുമായി സംസ്ഥാന മന്ത്രിസഭ എത്തുന്നത്. ഇതുവരെയുണ്ടായ ജനപിന്തുണ മുന്നോട്ടുള്ള യാത്രയിലും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനം -മന്ത്രി ജി ആര്‍ അനില്‍

സമാനതകളില്ലാത്ത വികസന ക്ഷേമപ്രവര്‍ത്തനങ്ങളുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി
ജി ആര്‍ അനില്‍. പയ്യന്നൂര്‍ മണ്ഡലം നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണ-പ്രതിപക്ഷ വേര്‍തിരിവില്ലാതെ നാടിന്റെയും ജനങ്ങളുടെയും ആവശ്യങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നു. ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്ത് കേരളം ഒന്നാമതാണ്. കാര്‍ഷിക-ധാന്യ ഉല്‍പ്പാദനം കേരളത്തില്‍ വര്‍ധിപ്പിച്ചു. ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയില്‍ മുന്നിലാണ് കേരളം. അതിദരിദ്രരെ കണ്ടെത്തി അവര്‍ക്ക് പുനരുദ്ധാരണത്തിനായുള്ള എല്ലാ കാര്യങ്ങളും ചെയ്തുകൊണ്ടിരിക്കുകയാണ്. അവര്‍ക്ക് റേഷന്‍കാര്‍ഡ് കൈമാറി. ഭക്ഷ്യധാന്യം, ചികിത്സാ സഹായം ഉറപ്പാക്കിയെന്നും മന്ത്രി പറഞ്ഞു.

ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ എപ്പോഴും സജ്ജം: മന്ത്രി വി അബ്ദുറഹിമാന്‍

ജനങ്ങള്‍ക്കൊപ്പം നിന്ന് അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ എപ്പോഴും സജ്ജമാണെന്ന് കായിക, വഖ്ഫ്, റെയില്‍വേ മന്ത്രി വി അബ്ദുറഹിമാന്‍. പയ്യന്നൂര്‍ മണ്ഡലം നവകേരള സദസ്സ് വേദിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസം, ശുചിത്വം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍  വിലയിരുത്തി അദ്ദേഹം സംസാരിച്ചു. 2024  ഓടെ സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും ശുദ്ധജലം ലഭ്യമാക്കും. ജനങ്ങള്‍ക്ക് നേരെയുണ്ടാകുന്ന അസമത്വം തുടച്ചുനീക്കാനും നിരന്തരം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതുപോലെ തന്നെ കേരളത്തിലെ വിദ്യാഭ്യാസ വികസന പദ്ധതികളുടെ ഫലമായിട്ടാണ് വിദ്യാഭ്യാസം ഒരു സംസ്‌കാരത്തിന്റെ തന്നെ ഭാഗമായി മാറിയത്. വ്യവസായ രംഗത്തും വിപ്ലവകരമായ മാറ്റങ്ങളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. വ്യവസായ സഹൃദ സംസ്ഥാനമെന്ന തലത്തിലേക്ക് കേരളത്തെ എത്തിച്ചതും ഈ മാറ്റങ്ങളാണ്. ഉപഭോഗ വസ്തുക്കളുടെ വിലനിയന്ത്രണത്തിനായി  ഇടപെടലുകള്‍ നടത്താനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ജനസാഗരം തീര്‍ത്ത് പയ്യന്നൂര്‍

നവകേരള നിര്‍മ്മിതിക്കായി മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളോട് സംവദിക്കുന്ന നവകേരള സദസ്സിന് പയ്യന്നൂരില്‍ പ്രൗഢോജ്വല സ്വീകരണം. ജില്ലയിലെ ആദ്യ സ്വീകരണമായ പയ്യന്നൂരില്‍ രാവിലെ മുതല്‍  മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്ത്രീകളും കുട്ടികളും അടക്കം സമൂഹത്തിന്റെ നാനാ മേഖലയിലുള്ള ആയിരങ്ങളാണ് ഒഴുകിയെത്തിയത്. പയ്യന്നൂരിന്റെ വീഥികള്‍ അക്ഷരാര്‍ത്ഥത്തില്‍ ജന നിബിഡമായി.
ജോണ്‍സണ്‍ പുഞ്ചക്കാടിന്റെ പുല്ലാങ്കുഴല്‍ വാദനത്തോടെയാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വേദിയിലേക്ക് സ്വാഗതം ചെയ്തത്. കുരുന്നുകള്‍ പൂച്ചെണ്ടുകളും കൈത്തറി മുണ്ടും നല്‍കി സ്വീകരിച്ചു. തിരുമേനി സെന്റ് ആന്റണീസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി ആല്‍ബിന്‍ ആന്റണി വരച്ച നവകേരളം ഛായാചിത്രം അടങ്ങുന്ന ഉപഹാരം മുഖ്യമന്ത്രിക്ക് നല്‍കി. സദസ്സ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍, കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ എന്നിവര്‍ പരിപാടിയില്‍ അഭിസംബോധന ചെയ്ത് സംസാരിച്ചു.
സദസ്സിന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ കൗണ്ടറുകള്‍ വഴി പരാതികള്‍ സ്വീകരിച്ചു. 20 കൗണ്ടറുകളാണ് പരാതി സ്വീകരിക്കാനായി സജ്ജീകരിച്ചത്. പരാതി നല്‍കാനെത്തുന്നവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും ടോക്കണും നല്‍കാന്‍ പ്രത്യേകം ഹെല്‍പ് ഡസ്‌ക് കൗണ്ടറും ഉണ്ടായിരുന്നു. ഭിന്നശേഷിയുള്ളവര്‍ക്കും  മുതിര്‍ന്ന പൗരന്‍മാര്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന നല്‍കി കൊണ്ടായിരുന്നു കൗണ്ടറുകള്‍ സജ്ജീകരിച്ചത്.  രാവിലെ 8 മണി മുതലാണ് പരാതികള്‍ സ്വീകരിച്ചു തുടങ്ങിയത്. ആക്ഷേപങ്ങള്‍ക്ക് ഇടയില്ലാത്ത രീതിയില്‍ കൗണ്ടറുകളില്‍ സേവനം നല്‍കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d