പ്രതിസന്ധികളിൽ തളരാതെ നമ്മുടെ നാടിനെ നവകേരളമാക്കി മാറ്റാം: മുഖ്യമന്ത്രി

ജനങ്ങൾ ഒഴുകിയെത്തി പയ്യന്നൂർ മണ്ഡലം നവകേരള സദസ്സ്
പ്രതിസന്ധികളിൽ തകരാതെയും തളരാതെയും നമ്മുടെ നാടിനെ നവകേരളമാക്കി മാറ്റാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പയ്യന്നൂർ മണ്ഡലം നവകേരള സദസ്സ് പയ്യന്നൂർ പോലീസ് മൈതാനിയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആരെന്തു സമീപനം സ്വീകരിച്ചാലും നാടിന്റെ വികസനത്തിനായി സർക്കാർ കൂടുതൽ വേഗതയോടെ പ്രവർത്തിക്കും. ജനങ്ങളുടെ പിന്തുണയാണ് കേരള മന്ത്രിസഭയുടെ കരുത്ത്. അതാണ് നവകേരള സദസ്സിലെ ജനപ്രവാഹത്തിലൂടെ കാണാനാകുന്നത്. മികച്ച വികസനത്തിലൂടെ ലോകത്തിലെ വികസിത രാജ്യങ്ങളിലെ മധ്യവരുമാന രാഷ്ട്രങ്ങളുടെ തോതിലേക്ക് കേരളത്തെ ഉയർത്താനാകും.
2016ൽ അധികാരമേറ്റെടുത്ത സർക്കാർ ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാനാണ് ശ്രമിച്ചത്. കേരളത്തെ പുരോഗതിയിലേക്ക് കുതിപ്പിക്കാനാകുന്നുവെന്ന ഉറച്ച വിശ്വാസം ജനങ്ങളിലുണ്ടായി. ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ ആ സർക്കാറിന് കഴിഞ്ഞു. നടക്കില്ലെന്ന് കണക്കാക്കിയ പലപദ്ധതികളും യാഥാർഥ്യമാക്കാൻ സർക്കാരിന് സാധിച്ചു. ജനങ്ങളുടെ ഈ വിശ്വാസമാണ് സർക്കാരിന് തുടർഭരണം സാധ്യമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ പിന്തുണയും സഹകരണവും നേടി വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനുള്ള ഇടപെടലുകളാണ് സർക്കാർ നടത്തിയത്.
ദേശീയപാത വികസനം മികച്ച രീതിയിൽ മുന്നോട്ടുപോകുന്നു. മുൻസർക്കാരുകൾ കൃത്യസമയത്ത് ഭൂമിയേറ്റെടുക്കൽ നടത്താത്തതിനാൽ 5500 കോടിയിലധികം രൂപ സർക്കാർ ഭൂമിയേറ്റെടുക്കാൻ കേന്ദ്രത്തിന് നൽകേണ്ടിവന്നു. ദേശീയപാത വികസനത്തിൽ 25 ശതമാനവും കേരളത്തിന്റെ ഫണ്ടാണ്. പശ്ചാത്തല സൗകര്യങ്ങൾ വലിയ തോതിൽ വികസിച്ചുകൊണ്ടിരിക്കുകയാണ്. ദേശീയപാത വികസനത്തോടൊപ്പം തന്നെ മലയോര, തീരദേശ ഹൈവേകളുടെ പ്രവൃത്തികളും നടക്കുന്നു. പതിനായിരം കോടിയുടെ പ്രവൃത്തികളാണ് ഇതിൽ നടക്കുന്നത്. ഈ സർക്കാർ അധികാരത്തിലെത്തിയപ്പോഴാണ് പദ്ധതി യാഥാർഥ്യമാക്കിയ്. വ്യവസായങ്ങൾക്ക് അടക്കം ഇന്ധനമായി ഗെയ്ൽപൈപ്പ് ലൈൻ പൈപ്പ് പദ്ധതിയിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടി ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനായി. മന്ത്രിമാരായ അഡ്വ. ജി ആർ അനിൽ, എം ബി രാജേഷ്, വി. അബ്ദുറഹ്‌മാൻ എന്നിവർ സംസാരിച്ചു. വൻ ജനാവലിയാണ് നവകേരള സദസ്സിനായി പയ്യന്നൂരിലെത്തിയത്. പരിപാടിയുടെ ഭാഗമായി പൊതുജനങ്ങളിൽനിന്ന് പരാതി സ്വീകരിക്കാൻ 20 കൗണ്ടറുകൾ ഒരുക്കിയിരുന്നു. സംരംഭകരുടെ പ്രദർശന വിപണന മേളയും സജ്ജമാക്കിയിരുന്നു.
നവകേരളത്തിനായി ഒന്നായി മുന്നോട്ട് പോവണം: മന്ത്രി എം ബി രാജേഷ്
നവകേരളത്തിനായി ഒന്നായി സഞ്ചരിക്കാനാവാണമെന്ന് തദ്ദേശ ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. പയ്യന്നൂർ പോലീസ് മൈതാനിയിൽ പയ്യന്നൂർ മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്രത്തിൽ നിന്നും കേരളം നേരിടുന്ന അവഗണനയ്‌ക്കെതിരെ ഒറ്റക്കെട്ടായി നിൽക്കാനാവണമെന്നും ഒരു കാലത്തും നേരിട്ടിട്ടില്ലാത്ത വിവേചനമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
സുതാര്യമായ ഭരണമാണ് കേരള സർക്കാരിന്റേത്. ഇതിന്റെ ഭാഗമായാണ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ മൂല്യനിർണയം നടത്തുന്നതിന് വേണ്ടി വാർഷിക റിപ്പോർട്ട് തയ്യാറാക്കുന്നത്.
ലൈഫ് ഭവന നിർമ്മാണം, പി എസ് സി നിയമനം, പൊതു മേഖല സംരക്ഷണ തുടങ്ങിയ മേഖലകളിലെല്ലാം വലിയ രീതിയിലുള്ള വികസന പ്രവർത്തനങ്ങളാണ് കൊണ്ട് വന്നിട്ടുള്ളത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ സാമൂഹ്യപെൻഷൻ നൽകുന്ന സംസ്ഥാനമാണ് കേരളം. ഒരു ഘട്ടത്തിലും ജനങ്ങളുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെക്കാനോ വെട്ടിക്കുറക്കാനോ സർക്കാർ ശ്രമിച്ചിട്ടില്ല. മറിച്ച് അവകാശപ്പെട്ട കൈകളിൽ എല്ലാം എത്തിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്കായി ഭരണപക്ഷ പ്രതിപക്ഷ ഭേദമന്യേ ഒറ്റക്കെട്ടായി നമ്മളുണ്ടെന്ന് കാണിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും അത് നടക്കാതെ പോയതിൽ ഖേദമുണ്ടെന്നും പ്രതിപക്ഷം പുനരാലോചന നടത്തുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങളുമായി സംവദിച്ച് ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടിയാണ് സംഥാനത്തുടനീളം നവകേരള സദസ്സുമായി സംസ്ഥാന മന്ത്രിസഭ എത്തുന്നത്. ഇതുവരെയുണ്ടായ ജനപിന്തുണ മുന്നോട്ടുള്ള യാത്രയിലും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ സമാനതകളില്ലാത്ത വികസന പ്രവർത്തനം -മന്ത്രി ജി ആർ അനിൽ
സമാനതകളില്ലാത്ത വികസന ക്ഷേമപ്രവർത്തനങ്ങളുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി
ജി ആർ അനിൽ. പയ്യന്നൂർ മണ്ഡലം നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണ-പ്രതിപക്ഷ വേർതിരിവില്ലാതെ നാടിന്റെയും ജനങ്ങളുടെയും ആവശ്യങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നു. ജനക്ഷേമ പ്രവർത്തനങ്ങളിൽ രാജ്യത്ത് കേരളം ഒന്നാമതാണ്. കാർഷിക-ധാന്യ ഉൽപ്പാദനം കേരളത്തിൽ വർധിപ്പിച്ചു. ജനക്ഷേമ പ്രവർത്തനങ്ങളിൽ ഇന്ത്യയിൽ മുന്നിലാണ് കേരളം. അതിദരിദ്രരെ കണ്ടെത്തി അവർക്ക് പുനരുദ്ധാരണത്തിനായുള്ള എല്ലാ കാര്യങ്ങളും ചെയ്തുകൊണ്ടിരിക്കുകയാണ്. അവർക്ക് റേഷൻകാർഡ് കൈമാറി. ഭക്ഷ്യധാന്യം, ചികിത്സാ സഹായം ഉറപ്പാക്കിയെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളുടെ പ്രശ്നം പരിഹരിക്കാൻ സർക്കാർ എപ്പോഴും സജ്ജം: മന്ത്രി വി അബ്ദുറഹിമാൻ
ജനങ്ങൾക്കൊപ്പം നിന്ന് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ എപ്പോഴും സജ്ജമാണെന്ന് കായിക, വഖ്ഫ്, റെയിൽവേ മന്ത്രി വി അബ്ദുറഹിമാൻ. പയ്യന്നൂർ മണ്ഡലം നവകേരള സദസ്സ് വേദിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസം, ശുചിത്വം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തി അദ്ദേഹം സംസാരിച്ചു. 2024 ഓടെ സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും ശുദ്ധജലം ലഭ്യമാക്കും. ജനങ്ങൾക്ക് നേരെയുണ്ടാകുന്ന അസമത്വം തുടച്ചുനീക്കാനും നിരന്തരം ശ്രമങ്ങൾ നടക്കുന്നുണ്ട്. അതുപോലെ തന്നെ കേരളത്തിലെ വിദ്യാഭ്യാസ വികസന പദ്ധതികളുടെ ഫലമായിട്ടാണ് വിദ്യാഭ്യാസം ഒരു സംസ്കാരത്തിന്റെ തന്നെ ഭാഗമായി മാറിയത്. വ്യവസായ രംഗത്തും വിപ്ലവകരമായ മാറ്റങ്ങളാണ് ആവിഷ്കരിച്ചിട്ടുള്ളത്. വ്യവസായ സഹൃദ സംസ്ഥാനമെന്ന തലത്തിലേക്ക് കേരളത്തെ എത്തിച്ചതും ഈ മാറ്റങ്ങളാണ്. ഉപഭോഗ വസ്തുക്കളുടെ വിലനിയന്ത്രണത്തിനായി ഇടപെടലുകൾ നടത്താനും സർക്കാർ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ജനസാഗരം തീർത്ത് പയ്യന്നൂർ
നവകേരള നിർമ്മിതിക്കായി മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളോട് സംവദിക്കുന്ന നവകേരള സദസ്സിന് പയ്യന്നൂരിൽ പ്രൗഡോജ്വല സ്വീകരണം. ജില്ലയിലെ ആദ്യ സ്വീകരണമായ പയ്യന്നൂരിൽ രാവിലെ മുതൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സ്ത്രീകളും കുട്ടികളും അടക്കം സമൂഹത്തിന്റെ നാനാ മേഖലയിലുള്ള ആയിരങ്ങളാണ് ഒഴുകിയെത്തിയത്.പ യ്യന്നൂരിന്റെ വീഥികൾ അക്ഷരാർത്ഥത്തിൽ ജന നിബിഡമായി.
ജോൺസൺ പുഞ്ചക്കാടിന്റെ പുല്ലാങ്കുഴൽ വാദനത്തോടെയാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വേദിയിലേക്ക് സ്വാഗതം ചെയ്തത്. കുരുന്നുകൾ പൂച്ചെണ്ടുകളും കൈത്തറി മുണ്ടും നൽകി സ്വീകരിച്ചു. തിരുമേനി സെന്റ് ആന്റണീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ആൽബിൻ ആന്റണി വരച്ച നവകേരളം ഛായാ ചിത്രം അടങ്ങുന്ന ഉപഹാരം മുഖ്യമന്ത്രിക്ക് നൽകി. സദസ്സ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ, കായിക വകുപ്പ് മന്ത്രി വി അബ്‌ദുറഹിമാൻ എന്നിവർ പരിപാടിയിൽ അഭിസംബോധന ചെയ്ത് സംസാരിച്ചു.
സദസ്സിന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ കൗണ്ടറുകൾ വഴി പരാതികൾ സ്വീകരിച്ചു. 20 കൗണ്ടറുകളാണ് പരാതി സ്വീകരിക്കാനായി സജ്ജീകരിച്ചത്. പരാതി നൽകാനെത്തുന്നവർക്ക് ആവശ്യമായ നിർദേശങ്ങളും ടോക്കണും നൽകാൻ പ്രത്യേകം ഹെൽപ് ഡസ്ക് കൗണ്ടറും ഉണ്ടായിരുന്നു. ഭിന്നശേഷിയുള്ളവർക്കും മുതിർന്ന പൗരൻമാർക്കും സ്ത്രീകൾക്കും മുൻഗണന നൽകി കൊണ്ടായിരുന്നു കൗണ്ടറുകൾ സജ്ജീകരിച്ചത്. രാവിലെ 8 മണി മുതലാണ് പരാതികൾ സ്വീകരിച്ചു തുടങ്ങിയത്. ആക്ഷേപങ്ങൾക്ക് ഇടയില്ലാത്ത രീതിയിൽ കൗണ്ടറുകളിൽ സേവനം നൽകി.