സാമ്പത്തിക സര്‍വെയുമായി സഹകരിക്കണം

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ സഹകരണത്തോടെ കോമണ്‍ സര്‍വീസ് സെന്റര്‍ നടത്തിവരുന്ന സാമ്പത്തിക സെന്‍സസുമായി ജനങ്ങള്‍ സഹകരിക്കണമെന്നും വിവര ശേഖരണത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് അധികൃതര്‍ അറിയിച്ചു.  ജനുവരിയില്‍ ആരംഭിച്ച സര്‍വെ കൊവിഡ് 19 ന്റെ സാഹചര്യത്തില്‍ നിര്‍ത്തിവെക്കുകയായിരുന്നു.  തുടര്‍ന്ന് ജൂലൈയിലാണ് പുനരാരംഭിച്ചത്. ചിലയിടങ്ങളില്‍ സര്‍വെയോട് ജനങ്ങള്‍ സഹകരിക്കാത്ത സാഹചര്യത്തിലാണ് അധികൃതരുടെ അഭ്യര്‍ഥന.  ജില്ലാ ഭരണകൂടത്തിന്റെയും  തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള കൊവിഡ് 19 മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടാണ് സെന്‍സസ് നടത്തുന്നത്.

രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനങ്ങളുടെ കണക്ക് തയ്യാറാക്കുകയും പ്രവര്‍ത്തനപരവും ഘടനാപരവുമായ വിവരങ്ങള്‍ ശേഖരിക്കുകയുമാണ് സാമ്പത്തിക സെന്‍സസിലൂടെ ചെയ്യുന്നത്. നിശ്ചിത കാലയളവില്‍ ഓരോ വ്യക്തിയില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ വിശകലനം ചെയ്താണ് ആ പ്രദേശത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ മനസിലാക്കുകയും പരിഹാരം കാണുകയും ചെയ്യുന്നത്. സെന്‍സസിനുവേണ്ടി നല്‍കുന്ന വിവരങ്ങള്‍ തികച്ചും രഹസ്യാത്മകമായിരിക്കും.  അതിനാല്‍ ജനങ്ങള്‍ തങ്ങളുടെ വീട് സന്ദര്‍ശിക്കുന്ന എന്യൂമറേറ്റര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും ശരിയായ വിവരങ്ങള്‍ നല്‍കുകയും സെന്‍സസിനോട്  പൂര്‍ണമായും സഹകരിക്കുകയും വേണമെന്ന് അധികൃതര്‍  അഭ്യര്‍ഥിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: