ബാലാവകാശ വാരാചരണം; വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

ബാലാവകാശ വാരാചരണത്തിന്റെ  ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി വിവിധ  പരിപാടികള്‍ സംഘടിപ്പിച്ചു. നവംബര്‍ 14 മുതല്‍ 20 വരെ ഓണ്‍ലൈനായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

ചൈല്‍ഡ് ലൈനിന്റെയും, ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെയും,  ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും നേതൃത്വത്തില്‍ ‘ഇത്തിരി നേരം ഒത്തിരി കാര്യം’ സംവാദ പരിപാടിയില്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര, അസിസ്റ്റന്റ് കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി,  ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി അഡി. ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ്/സ്‌പെഷ്യല്‍ ജഡ്ജ്  സി മുജീബ് റഹ്മാന്‍, എന്നിവര്‍ കുട്ടികളുമായി സംവദിച്ചു.

വീട്ടിലെ ക്ലാസ്സ് മുറി എന്ന വിഷയത്തില്‍ ചിത്ര രചനാ മത്സരം, എന്റെ ലോക്ക് ഡൗണ്‍ കാലത്തെ വിശേഷങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി ചാച്ചാജിക് ഒരു കത്ത് എഴുതാം, കുട്ടി വേഷം എന്ന വിഷയത്തില്‍ പ്രച്ഛന്ന വേഷ മത്സരം, കുട്ടികളെ സുരക്ഷിതരാക്കാം  കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ എന്ന വിഷയത്തില്‍ ട്രോള്‍ മത്സരം, ഓണ്‍ലൈന്‍ ക്ലാസിലെ വിശേഷങ്ങള്‍ എന്ന വിഷയം ആസ്പദമാക്കി പ്രസംഗമത്സരം, ഒരു മീറ്റര്‍ അകലം എന്ന വിഷയത്തെ ആസ്പദമാക്കി കാര്‍ട്ടൂണ്‍ മത്സരം എന്നിവയും സംഘടിപ്പിച്ചു.

കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പൊതുജന ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കണ്ണൂര്‍ ചൈല്‍ഡ് ലൈനിന്റെയും  സഞ്ചാരി കണ്ണൂര്‍ യൂണിറ്റ് ബൈക്ക് റൈഡേഴ്സിന്റെയും നേതൃത്വത്തില്‍  റൈഡ് ഫോര്‍ സേഫ് ചൈല്‍ഡ് ഹുഡ് എന്ന പേരില്‍  ബൈക്ക് റാലി സംഘടിപ്പിച്ചു.  റാലി കണ്ണൂര്‍ റേഞ്ച് ഡിഐജി കെ സേതുരാമന്‍ ഫ്‌ളാഗ്  ഓഫ് ചെയ്തു. കണ്ണൂര്‍ ഡി ഐ ജി  ഓഫീസില്‍ നിന്നും ആരംഭിച്ച റാലി  കണ്ണൂര്‍ ടൗണ്‍, കൂത്തുപറമ്പ്, കതിരൂര്‍, തലശ്ശേരി, ന്യൂമാഹി എന്നീ പൊലീസ് സ്റ്റേഷനുകളിലെ കൊവിഡ്  പോരാളികളായ ഉദ്യോഗസ്ഥര്‍ക്ക്  ആദരം നേര്‍ന്ന് തലശ്ശേരി കോടതി വളപ്പില്‍ സമാപിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: