വളപട്ടണം പഞ്ചായത്തിൽ മത്സരം ലീഗും കോൺഗ്രസും തമ്മിൽ

വളപട്ടണം: പഞ്ചായത്തിൽ കോൺഗ്രസും ലീഗും 10 വീതം വാർഡുകളിൽ പ്രത്യേകം പത്രിക സമർപ്പിച്ചു. ഇരുകൂട്ടരും മുന്നണിബന്ധം മറന്ന് തനിച്ച് മത്സരിക്കാനുള്ള ഉറച്ച തീരുമാനത്തിൽത്തന്നെ.

നാമനിർദേശപത്രിക പിൻവലിക്കേണ്ട 23-നും ഒരുതരത്തിലും വിട്ടുവീഴ്ചയ്ക്കില്ലെന്നും ഇരുനേതാക്കളും പറഞ്ഞു. ലീഗിന്റെയും കോൺഗ്രസിന്റെയും ജില്ലാ-സംസ്ഥാന നേതൃത്വങ്ങൾ പ്രശ്നത്തിൽ ഇടപെട്ടെങ്കിലും രമ്യതയിൽ എത്തിയില്ല. കഴിഞ്ഞ തവണ ആറിടത്ത് മത്സരിച്ച കോൺഗ്രസ് ആറിടത്തും ജയം നേടി പ്രസിഡന്റായതും ഏഴിടത്ത് മത്സരിച്ച ലീഗിന് മൂന്ന് വാർഡുകൾ മാത്രം കിട്ടിയത് ലീഗണികളിൽ നിരാശ ഉളവാക്കിയിരുന്നു. കാലാകാലമായുള്ള പ്രസിഡന്റ് സ്ഥാനം ലീഗിന് മേൽക്കൈ ഉള്ള പഞ്ചായത്തിൽ നഷ്ടപ്പെടുക എന്നത് കനത്ത ക്ഷീണമാണെന്ന് അണികൾ പറയുന്നു. കോൺഗ്രസിന്റെ ചതിയിൽ ഇനി വീഴാൻ പാടില്ലെന്ന് അവർ നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു.

അതേസമയം പത്തിടത്ത് ലീഗ് പത്രിക സമർപ്പിച്ചപ്പോൾ പത്തിടത്ത് കോൺഗ്രസും വ്യാഴാഴ്ച പത്രിക നൽകി. കോൺഗ്രസ് സ്ഥാനാർഥികൾ: വാർഡ് 1. മീര യാക്കര, 4. വി. ബാലകൃഷ്ണൻ, 5. കെ.പി. വസന്ത, 6. വി.കെ. ലളിതാദേവി, 7. കെ. ശൈലജ, 8. വി.കെ. മധുസൂദനൻ, 9. എൻ.പി. മനോരമ, 10. ഫൗസിയ, 11. ടി. നജ്മ, 12. ഷമിയാസ് മുഹമ്മദ്. ആകെയുള്ള 13 വാർസുകളിൽ രണ്ടിലും മൂന്നിലും 13-ലും കോൺഗ്രസിന് സ്ഥാനാർഥികളില്ല. ലീഗിന്റെ സ്ഥാനാർഥിപ്പട്ടിക മൂന്നുദിവസം മുമ്പെ പുറത്തിറക്കിയിരുന്നു. കോൺഗ്രസ് വ്യാഴാഴ്ചയാണ് സ്ഥാനാർഥികളെ നിശ്ചയിച്ചതും പത്ത് വാർഡുകളിൽ മത്സരിക്കാൻ തീരുമാനിച്ചതും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: