ഇരിട്ടി പാലം വിവാദം – എം എൽ എ യും ഉദ്യോഗസ്ഥ സംഘവും സ്ഥലത്തെത്തി പാലം പരിശോധിച്ചു

ഇരിട്ടി : ഇരിട്ടി പാലത്തിന് സമീപം പുതിയപാലം നിർമ്മാണത്തിനിടെ  തകർന്നുവീണ കോൺക്രീറ്റ് പൈലിംഗ് തൂൺ വെടിമരുന്നുപയോഗിച്ച് പൊട്ടിക്കുകയും, ഇതുമൂലം ഇപ്പോഴുള്ള പാലത്തിന്റെ കരിങ്കൽ തൂണിന് ബലക്ഷയം സംഭവിക്കുകയും ചെയ്‌തു  എന്ന വാർത്തയുടെ അടിസ്ഥാനത്തിൽ പേരാവൂർ എം എൽ എ അഡ്വ. സണ്ണിജോസഫും കെ എസ് ടി പി എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവും സ്ഥലത്തെത്തി പാലം പരിശോധിച്ചു. വെടിമരുന്ന് ഉപയോഗിച്ച് സ്ഫോടനം നടത്തിയത് മൂലം തൂണിന് ബലക്ഷയം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.
പുതിയ പാലം നിർമ്മാണത്തിനായി പുഴയുടെ മദ്ധ്യഭാഗത്തായി പൈലിംഗ് നടത്തി നിർമ്മിച്ച കൂറ്റൻ കോൺക്രീറ്റ് തൂൺ രണ്ടുമാസം മുൻപാണ് കനത്ത മഴയിലെ കുത്തൊഴുക്കിൽ തകർന്നു വീണത്. ഇത് പുഴയിൽ നിന്നും മാറ്റണം എന്ന നിർദ്ദേശത്തെ തുടർന്ന് പാലം നിർമ്മാണ കരാർ കമ്പനി തൂൺ ഇവിടെ നിന്നും മാറ്റുന്നതിനായി ഖലാസികളെ ഏൽപ്പിച്ചിരുന്നു. ഇവരാണ് പഴയപാലത്തിന്റെ തൂണിനോട് ചേർന്നുകിടന്നിരുന്ന കോൺക്രീറ്റ് തൂൺ സ്പോടനമുണ്ടാക്കി തകർക്കാൻ ശ്രമിച്ചത്. സ്പോടനഫലമായി പാലത്തിന്റെ തൂണിന്റെ അടിത്തറയിൽ വിള്ളലുണ്ടാവുകയും കരിങ്കൽ  ഭാഗങ്ങൾ തെറിച്ചു പോവുകയും ചെയ്തു എന്നായിരുന്നു ആരോപണം. ഇതിനെ തുടർന്നാണ് ഉദ്യോഗസ്ഥ സംഘം പാലം സന്ദര്ശിക്കാനെത്തിയത്.
പുഴയിൽ വെള്ളം കുറവാണെങ്കിലും ശക്തവുമായ ഒഴുക്ക് ഉണ്ടായതുമൂലം പുഴയുടെ മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന തൂൺ അവിടെ എത്തി  പരിശോധിക്കുക പ്രയാസകരമായിരുന്നു. ഇതിനായി എം എൽ എ ഇരിട്ടി അഗ്നിശമന സേനയുടെ സഹായം തേടി. സേനയുടെ റബ്ബർ ഡിക്കിയിൽ എഞ്ചിനീയർമാരുടെ  സംഘം ഇവിടെ എത്തി പരിശോധന നടത്തി.
എന്നാൽ പാലത്തിന്റെ കരിങ്കൽ തൂണുകൾക്ക് ബലക്ഷയമില്ലെന്നു പരിശോധനക്ക് ശേഷം ഇവർ പറഞ്ഞു. തൂണുകളിൽ പടുത്ത കരിങ്കല്ലുകൾക്കിടയിൽ വിള്ളൽ കണ്ടത് സംശയത്തിനിടയാക്കിയിരുന്നു. എന്നാൽ ഇത് സ്ഫോടനം കൊണ്ടല്ലെന്നും ഇവർ പറഞ്ഞു. ഇത്തരം വിള്ളലുകൾ അടച്ചു തൂൺ ബലപ്പെടുത്തുമെന്നും ഇവർ അറിയിച്ചു. എം  എൽ എ സണ്ണി ജോസഫിനെ കൂടാതെ  കൺസൾട്ടിങ് എഞ്ചിനീയർമാരായ ശശികുമാർ, പ്രബിന്ദ്, കെ എസ് ടി പി അസി. എഞ്ചിനീയർ കെ.വി. സതീശൻ എന്നിവരായിരുന്നു പാലം സന്ദർശിച്ച ഉദ്യുഗസ്ഥ സംഘത്തിൽ ഉണ്ടായിരുന്നത്.

ഖലാസികൾ സ്ഫോടനം നടത്തിയത് അറിയിക്കാതെയും അനുവാദമില്ലാതെയും -ഇവർക്കെതിരെ നടപടി എടുക്കും
================

കരാറുകാരുടെയോ ഉദ്യോഗസ്ഥന്മാരുടെയോ അനുമതി  വാങ്ങുകയോ ഇവരെ അറിയിക്കുകയോ ചെയ്യാതെയാണ് ഖലാസികൾ കോൺക്രീറ്റ് തൂൺ സ്ഫോടനം നടത്തി തകർത്തതെന്ന് ഇവിടെയെത്തിയ എഞ്ചിനീയർമാർ പറഞ്ഞു. ഇത്തരം ഒരു സ്ഥലത്ത് വെടിമരുന്ന് ഉപയോഗിച്ച് സ്ഫോടനം നടത്തിയത് അങ്ങേയറ്റം കുറ്റകരമാണ്. അതുകൊണ്ടുതന്നെ ഇവർക്കെതിരെ നടപടി എടുക്കുമെന്ന്  ഇവർ അറിയിച്ചു.
അതേസമയം 85 വർഷത്തോളം പഴക്കമുള്ള ഇരിട്ടി പാലം അതീവ അപകടാവസ്ഥയിലാണെന്ന് ഇവർ പറഞ്ഞു. പാലത്തിലെ കോൺക്രീറ്റ് മുഴുവൻ പല ഭാഗങ്ങളിലായി ദിവസേന  അടർന്നു വീണുകൊണ്ടിരിക്കുകയാണ്. കോൺക്രീറ്റ് അടർന്നുവീണ ഭാഗങ്ങളിലെ ഇരുമ്പു കമ്പികൾ അനുദിനം തുരുമ്പെടുത്തു കൊണ്ടിരിക്കുന്നു. വര്ഷങ്ങളായി പെയിന്റടിക്കുകയോ അറ്റകുറ്റപ്പണികൾ നടത്തുകയോ ചെയ്യാത്തതുമൂലം പാലത്തിന്റെ ഇരുമ്പ് ഗാർഡറുകളും ബീമുകളും മറ്റും തുരുമ്പെടുത്ത് നശിക്കുകയാണ്. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തി ബലപ്പെടുത്തിയില്ലെങ്കിൽ ഒരു നാടിന്റെ ചരിത്രമായി മാറിയ ഇരിട്ടി പാലം സമീപ ഭാവിയിൽ തന്നെ നാശത്തിലേക്കു നീങ്ങുമെന്ന് ഇവിടെ എത്തിയ എഞ്ചിനീയർമാർ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: