ബാലമിത്ര പദ്ധതി: സ്കൂളുകളിൽ ബോധവത്കരണം നടത്തും

കുട്ടികളിലെ കുഷ്ഠരോഗം പ്രാരംഭത്തിൽ കണ്ടെത്താൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ബാലമിത്ര പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ സ്കൂളുകളിൽ ബോധവത്കരണം നടത്തും. എ ഡി എം കെ കെ ദിവാകരന്റെ അധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പ് പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ബോധവത്കരണ പരിപാടിയുടെ ഭാഗമായി ഒക്ടോബർ 26 ബുധനാഴ്ച സ്കൂളുകളിൽ ബാലമിത്ര പ്രതിജ്ഞ ചൊല്ലും.ഒന്നാം ക്ലാസ്സ് മുതൽ ഹയർസെക്കണ്ടറി വരെയുള്ള കുട്ടികൾക്കാണ് ബോധവത്കരണ ക്ലാസുകൾ എടുക്കുക. കുട്ടികളിലൂടെ രക്ഷിതാക്കളെയും ബോധവാൻമാരാക്കും. പരിശീലനം ലഭിച്ച അധ്യാപകരാണ് കുഷ്ഠ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ വിശദീകരിച്ച് ക്ലാസെടുക്കുക. കുട്ടികളിൽ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയാൽ രക്ഷിതാക്കൾ അധ്യാപകർ മുഖേന ആരോഗ്യ വകുപ്പിനെ അറിയിക്കുകയും ഇവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുകയും ചെയ്യും. പരിപാടിയുടെ ഭാഗമായി മെഡിക്കൽ ഓഫീസർമാർക്കും ആരോഗ്യ പ്രവർത്തകർക്കുമുള്ള പരിശീലനം ജില്ലയിൽ പൂർത്തിയായി. അധ്യാപകർക്കുള്ള പരിശീലനം പുരോഗമിക്കുകയാണ്. ആദ്യ ഘട്ടത്തിൽ അങ്കണവാടികൾ കേന്ദ്രീകരിച്ച് അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളെയാണ് പരിശോധിച്ചത്. 2538 അങ്കണവാടികളിലെ 70684 കുട്ടികളെ പരിശോധിച്ചതിൽ രോഗബാധ കണ്ടെത്തിയിട്ടില്ല. ജില്ലയിൽ കഴിഞ്ഞ രണ്ട് വർഷമായി കുട്ടികളിൽ കുഷ്ഠരോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ 15 വരെയുള്ള കണക്ക് പ്രകാരം 16 മുതിർന്നവരിൽ കുഷ്ഠ രോഗം കണ്ടെത്തിയുട്ടുണ്ട്. നിലവിൽ ജില്ലയിൽ 32 രോഗികളാണുള്ളത്.എ ഡി എമ്മിന്റെ ചേംബറിൽ നടന്ന യോഗത്തിൽ ജില്ലാ ലെപ്രസി ഓഫീസർ ഡോ. വി പി രാജേഷ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി കെ അനിൽകുമാർ, ഐ ടി ഡി പി പ്രൊജക്ട് ഓഫീസർ എസ് സന്തോഷ്കുമാർ, വിവിധ വകുപ്പ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.